ജാനകിക്കുട്ടിക്കു കൂട്ടായി ഒരു ചുളളൻ ചെക്കൻ !

ആദിൽ മുഹമ്മദ്

‘മഞ്ഞുരുകുംകാല’ത്തിലെ ജാനകിക്കുട്ടിക്കു കൂട്ടായി ഒരു ചുളളൻ ചെക്കൻ എത്തുന്നു. ജാനകിയോടൊപ്പം പത്താം ക്ലാസിൽ പഠിക്കുന്ന രഞ്ജിത്. ഈ പ്രായത്തിലുളള ജാനകിയെ അവതരിപ്പിക്കുന്നത് നികിതയാണ്. രഞ്ജിത്തായി ആദിൽ മൊഹമ്മദ് വേഷമിടുന്നു.

പതിനാലുകാരൻ ആദിലിനെ കുടുംബപ്രേക്ഷകർ മറന്നു കാണാനിടയില്ല. ‘കുഞ്ഞിക്കൂനനിലെ’ രോഹനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച കുസൃതിക്കണ്ണുളള പയ്യനെ എങ്ങനെ മറക്കാൻ? അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദിൽ ‘കുഞ്ഞിക്കൂനനി’ൽ അഭിനയിക്കുന്നത്. ആ സീരിയൽ സൂപ്പർഹിറ്റായി.

കുടുംബസദസ്സിൽ ചിരിയുടെ അമിട്ടുകൾ പൊട്ടിച്ച സീരിയലാണ് ‘അക്കമ്മ സ്റ്റാലിൻ, പത്രോസ് ഗാന്ധി.’ ഇതിൽ ദമ്പതികളുടെ മകൻ നെഹ്റു ലെനിനായി വന്ന് നടന വിസ്മയമൊരുക്കി ആദിൽ. മികച്ച ബാലതാരത്തിനുളള ജെ.സി. ഫൗണ്ടേഷൻ അവാർഡ് ഈ കൊച്ചുമിടുക്കൻ കരസ്ഥമാക്കി. ഇവിടം സ്വർഗമാണ്, അമ്മ, സ്നേഹജാലകം, ശ്രീകൃഷ്ണൻ എന്നീ സീരിയലുകളിലും ആദിൽ അഭിനയിച്ചു. എല്ലാം വ്യത്യസ്ത ങ്ങളായ കഥാപാത്രങ്ങൾ.

ആദിൽ മുഹമ്മദ് ഡോൾഫിൻ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍

ഇതിനിടയിൽ ഏഴു സിനിമകളിലൂടെ ആദിൽ തന്റെ അഭിനയമികവ് എഴുതിച്ചേർത്തു. ഡോൾഫിൻ, മായാപുരി, ട്രിവാൻഡ്രം ലോഡ്ജ്, കർമയോദ്ധ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, മദിരാശി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ തന്നെ കിട്ടി. ‘ഡോൾഫിനിൽ സുരേഷ് ഗോപിയുടെ മകനായാണ് അഭിനയിച്ചത്.

തിരുവനന്തപുരം പളളിപ്പുറം സഫയർ വീട്ടിൽ ഫൈസൽ മുഹമ്മദിന്റെയും ഷഫീനയുടെയും മകനാണ് ആദിൽ മുഹമ്മദ്. തിരുവനന്തപുരം ടെക്നോപാർക്കിലെ ക്വാളിറ്റി മാനേജരാണു ഫൈസൽ. ഷഫീനയും ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയായി രുന്നു. കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി പിന്നീടു ജോലി രാജി വച്ചു.

കഴക്കൂട്ടം അലൻ ഫെൽഡ് പബ്ലിക് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ആദിൽ മുഹമ്മദ്. അനുജത്തി അമിക മറിയം മുഹമ്മദ്. ഇത‌േ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അമികയും ബാലതാരമാണ്. അടുത്തകാലത്ത് ‘ഏഴുരാത്രികൾ’ എന്ന സീരിയലിൽ അഭിനയിച്ചു.

ആദിൽ മുഹമ്മദ് അച്ഛനും അമ്മയ്ക്കുമൊപ്പം

കെഎസ്എഫ്ഇയുടെ ഒരു പരസ്യ ചിത്രത്തിലും അമിക താരമായിരുന്നു. ആദിലിന്റെ സഹോദരൻ അലീഫ മുഹമ്മദ് കളമശ്ശേരി നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ എൽഎൽബിക്കു പഠിക്കുന്നു.

1964 -69 കളിൽ റബർ ബോർഡ് ചെയർമാനായിരുന്ന പി.എസ്. ഹബീബ് മുഹമ്മദ് ഐഎഎസിന്റെ കൊച്ചു മകനാണ് ആദിൽ മുഹമ്മദ്. 1983-87 കാലങ്ങളിൽ ഹബീബ് മുഹമ്മദ് കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസലറായി സേവനമനഷ്ഠിച്ചി ട്ടുണ്ട്.. നല്ല ഗായകൻ കൂടിയായ ഇദ്ദേഹത്തെ സൈഗിൾ ഒഫ് ഐഎഎസ് ബാച്ച് 1954 എന്നു വിളിച്ചിരുന്നു. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഭാവമധുരമായി ഹബീബ് മൊഹമ്മദ് ആലപി‌ച്ചിരുന്നു. പാടാനുളള കഴിവ് കൊച്ചുമകനും പകർന്നു കിട്ടിയിട്ടുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴേ പാട്ടിലും മിമിക്രിയിലും ആദിൽ പ്രാവീണ്യം തെളിയിച്ചിരുന്നു.

സൂപ്പർ സ്റ്റാർ മോഹൻ ലാലിന്റെ കടുത്ത ആരാധകനാണ് ഈ കൊച്ചു കലാകാരൻ. ലാലിന്റെ എല്ലാ ചിത്രങ്ങളും ആദ്യ ദിവസം തന്നെ തിയറ്ററിൽ പോയി കാണാറുണ്ട്. ലാലിനെപ്പോലെ ഒരു വലിയ നടനാവണമെന്നാണ് ആഗ്രഹം. ലാലിന്റെ വിവിധ പോസുകളിലുളള ഫോട്ടോകൾ ആദിലിന്റെ മൊബൈൽ ഫോണിലുണ്ട്. മഴവിൽ മനോരമയിലെ ‘മഞ്ഞുരുകും കാലം’ സ്ഥിരമായി കാണാറുണ്ട് ആദിൽ. പക്ഷേ, ഈ സീരിയലിലേക്കു വിളി വരുമെന്നു പ്രതീക്ഷിച്ചതല്ല. ജാനകിയുടെ കൂട്ടുകാരന്റെ റോൾ കിട്ടിയത് ഒരു ഭാഗ്യമായി ആദിൽ കരുതുന്നു. ഈ കഥാപാത്രത്തെ മിഴിവുറ്റതാക്കാനുളള ശ്രമത്തിലാണ് ആദിൽ മുഹമ്മദ്. ജാനകിയും രഞ്ജിത്തും തമ്മിലുളള രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ആദിൽ മുഹമ്മദ്

സ്കൂളിലെ അധ്യാപകരെല്ലാം നല്ല സഹകരണവും പ്രോത്സാഹ നവുമാണ് ആദിലിനു നല്‍കിവരുന്നത്. വീട്ടിൽ ആരാണു കൂടുതൽ പ്രോൽസാഹനം നല്‍കുന്നതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ ആദിൽ പറയും, അത് അത്തച്ചിയാണ‌െന്ന്. ഫൈസലിനെ അത്തച്ചിയെന്നാണ് ആദിൽ വിളിക്കുന്നത്. ഷഫീനയെ ഉമ്മച്ചിയെന്നും. ഫൈസലിന്റെ മാതാവ് സൽമ മുഹമ്മദ് പളളിപ്പുറത്തെ സഫയറിൽ തന്നെയാണു താമസം