കുടുംബപ്രേക്ഷകരുടെ സ്വന്തം സത്യജിത്ത് ഐപിഎസ്

റയ്ജൻ രാജൻ

കേരളത്തിലെ സീരിയൽ പ്രേക്ഷകർ ഇപ്പോൾ ഒരു ഐപിഎസ് ഓഫീസറുടെ പുറകെയാണ്. സത്യജിത്ത് ഐപിഎസ്. മൂന്നുമാസം മുമ്പാണ് ആത്മസഖി മഴവിൽ മനോരമയിൽ ആരംഭിക്കുന്നത്. സത്യജിത്ത് ഐപിഎസിനെ അവതരിപ്പിച്ചതിന്റെ പിറ്റേദിവസം തന്നെ യൂട്യൂബിൽ 50,000 ഹിറ്റാണു ലഭിച്ചത്. സത്യജിത്ത് ഐപിഎസ് ആയി അഭിനയിക്കുന്ന റയ്ജൻ രാജൻ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറക്കുന്നു.

റയ്ജൻ രാജൻ

ബൈജുദേവരാജിന്റെ മകൾ എന്ന സീരിയിലിലാണ് ആദ്യമായി അഭിനയിക്കുന്നത്. ബൈജു ചേട്ടനാണ് ആത്മസഖിയുടെ സംവിധായകൻ മോഹൻ കുപ്ലേരിക്ക് എന്റെ ഫോട്ടോ നൽകുന്നത്. സത്യജിത്ത് ഐപിഎസ് ആകാൻ പറ്റിയ അഭിനേതാവിനെ അന്വേഷിക്കുന്ന കാലമായിരുന്നു. നേരിൽ കണ്ടപ്പോൾ കഥാപാത്രത്തിന് ഞാൻ അനുയോജ്യനാണെന്ന് തോന്നി. നമുക്ക് ഇത് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഓഫീസിൽ നിന്നും നേരെ ലീവെടുത്ത് സീരിയൽ സെറ്റിലെത്തി.

റയ്ജൻ രാജൻ

സാധാരണ സീരിയലുകളിൽ നിന്നും വ്യത്യസ്തമാണ് ആത്മസഖി. സീരിയലിന്റെ കഥയും എന്റെ കഥാപാത്രത്തിനുള്ള പ്രാധാന്യവുമാണ് സത്യജിത്ത് ഐപിഎസ് ആകാൻ പ്രേരിപ്പിച്ചത്. അഭിനയിക്കുന്നതിന് മുമ്പ് അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഒരു പൊലീസുകാരന്റെ നടപ്പും രീതികളുമൊക്കെ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഈ കഥാപാത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ എവിടെചെന്നാലും ആളുകൾ തിരിച്ചറിയുന്നുണ്ട്. അഭിനയം പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു. സത്യജിത്ത് ഐപിഎസ് ശ്രദ്ധിക്കപ്പെട്ടതോടെ ജോലി രാജിവച്ച് പൂർണ്ണമായും അഭിനയരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.