ഹൊ! ഈ 10 വയസുകാരിയാണോ പേടിപ്പിച്ച് മുൾമുനയിൽ നിർത്തിയത്!!!

അമിക മറിയം മുഹമ്മദ്

അഭിനയത്തിലും പാട്ടിലും മാത്രമല്ല, ഫാഷൻ ഷോയിലും കുക്കറി ഷോയിലുമൊക്കെ പങ്കെടുത്ത് പ്രേക്ഷകരെ വിസ്മയത്തുമ്പത്തു നിർത്തിയ ഒരു കൊച്ചു കലാകാരി ഇതാ, ‘സീരിയൽ വിശേഷ’ത്തിൽ –പത്തു വയസ്സുളള അമിക എന്ന അമിക മറിയം മുഹമ്മദ്.

‘ഏഴുരാത്രികൾ’ ഒരു ഹൊറർ സീരിയലായിരുന്നു, അമ്മു എന്ന പെൺകുട്ടിയുടെ അസാധാരണ കഥ. പ്രേതബാധയുളള വീട്ടിൽ അച്ഛനും അമ്മയോടുമൊപ്പം താമസത്തിനെത്തുകയാണ് അമ്മു. ആ വീട്ടിൽ അനിഷ്ടങ്ങൾ കാത്തിരിപ്പുണ്ടെന്നറിയാതെ. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അമികയ്ക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. അതാകട്ടെ ഭാവോജ്ജ്വലമെന്ന് പ്രേക്ഷകരെക്കൊണ്ടു പറയിക്കാൻ അമിക മറിയം എന്ന മിടുക്കിപ്പെണ്ണിനു സാധിച്ചു. അങ്ങനെ മാസങ്ങളോളം കുടുംബസദസ്സുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ‘ഏഴു രാത്രികൾ’ മലയാളത്തിനു സമ്മാനിച്ചത്, അഭിനയമികവുളള ഒരു ബാലതാരത്തെ.

അമിക മറിയം മുഹമ്മദ്

അമിക ആദ്യമായി അഭിനയിച്ച സീരിയൽ ‘ഇഷ്ടം’ ആണ്. സീരിയലിന്റെ പ്രെമോയിൽ കുട്ടിക്കാലത്തെ പ്രണയരംഗം അമിക ആകർഷകമാക്കി. ‘പിരിയഡ്സ്’ എന്ന ഷോർട്ട് ഫിലിമിൽ എയ്ഞ്ചലായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിനിടയിൽ കെഎസ്എഫ്ഇയുടെ ഒരു പരസ്യചിത്രത്തിലും അഭിനയിച്ചു. പ്രമുഖ സിനിമാതാരങ്ങളായ ജഗദീഷ്, ലെന എന്നിവരോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും ഇതിലൂടെ അമികയ്ക്കു ലഭിച്ചു. വിവിധ ചാനലുകളിലും മാധ്യമങ്ങളിലും നിറ‍ഞ്ഞു നിന്ന ഒരു പരസ്യചിത്രമായിരുന്നു ഇത്.

കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കലാകാരി. സ്കൂൾ കലോൽസവങ്ങളിൽ പാട്ടിനും സ്കിറ്റിനുമെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. ഫാഷൻഷോകളിൽ അമിക സജീവ സാന്നിധ്യമാണ്. ബഷീറിന്റെ ‘ബാല്യകാലസഖി’ സ്കൂളിൽ നാടകമാക്കിയപ്പോൾ അതിൽ സുഹ്റയായി അഭിനയിക്കാൻ തിരഞ്ഞെടുത്തത് അമികയെ ആയിരുന്നു. തിരിവനന്തപുരം പളളിപ്പുറം സഫയർ വീട്ടിൽ ഫൈസലിന്റെ യും ഷഫീനയുടെയും മൂന്നു മക്കളിൽ ഇളയവളാണ് അമിക. തിരുവനന്തപുരം ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനാണ് ഫൈസൽ.

അമിക മറിയം മുഹമ്മദ്

അമികയ്ക്കു രണ്ടു സഹോദരന്മാരാണ്. മൂത്ത സഹോദരൻ അലീഫ് കൊച്ചി നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ എൽ എൽബിക്കു പഠിക്കുന്നു. അലീഫ് ഒരു നല്ല ഗായകൻ കൂടിയാണ്. രണ്ടാമത്തെ സഹോദരൻ ആദിൽ, അനുജത്തി പഠിക്കുന്ന അതേ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. സീരിയൽ സിനിമാതാരമാണ് ആദിൽ. കുഞ്ഞിക്കൂനൻ, ഇവിടം സ്വർഗമാണ്, അമ്മ, സ്നേഹജാലകം, അക്കാമ്മ സ്റ്റാലിൻ പത്രോസ് ഗാന്ധി തുടങ്ങിയ സീരിയലുകളിലും ഡോൾഫിൻ, മായാപുരി, ട്രിവാൻ‍ഡ്രം ലോഡ്‍ജ്, കർമയോദ്ധാ, മദിരാശി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

1946–69കളിൽ റബർ ബോർ‍ഡ് ചെയർമാനായിരുന്ന പി.എസ്. ഹബീബ് മുഹമ്മദ് ഐഎഎസിന്റെ കൊച്ചുമക്കളാണ് അലീഫും ആദിലും അമികയും. 1983–87 കാലങ്ങളിൽ ഹബീബ് മുഹമ്മദ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു നല്ല ഗായകൻ കൂടിയായിരുന്നു ഹബീബ്. സൈഗാൾ ഓഫ് ഐഎഎസ് ബാച്ച് 1954 എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. മുഹമ്മദ് റാഫിയുടെ ഗാനങ്ങളാണ് കൂടുതലായും ആലപിച്ചിരുന്നത്.

അമിക മറിയം മുഹമ്മദ് കുടുംബത്തോടൊപ്പം

പളളിപ്പുറത്തെ ‘സഫയറി’ൽ അച്ഛനും അമ്മയും കലാപ്രതി ഭകളായ മൂന്നു മക്കളും. ഇവർക്കു പുറമേ സഫയറിൽ മറ്റൊരാൾ കൂടിയുണ്ട്. കലാസ്വാദകയായ സൽമ മുഹമ്മദ്. ഫ‌ൈസ ലിന്റെ പ്രിയപ്പെട്ട മാതാവ്.