മലയാളത്തിന്റെ ‘വെളുത്ത ചെമ്പരത്തി’

ഹർഷ

ദേവീ മാഹാത്മ്യം കണ്ടവരാരും അതിലെ മല്ലികത്തമ്പുരാട്ടിയെ മറക്കുമെന്നു തോന്നുന്നില്ല. ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോഴും ക്ഷമയോടെ പ്രതികരിക്കുന്ന ശാന്തശീലയായ ഒരു തമ്പുരാട്ടി. എല്ലാം ഈശ്വരനിലർപ്പിച്ചു ജീവിക്കുന്ന മല്ലികത്തമ്പുരാട്ടിയെ മിഴിവുറ്റതാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും നടി ഹർഷയ്ക്കുളളതാണ്. അത്രയേറെ കഥാപാത്രമായി താദാത്മ്യം പ്രാപിച്ചിരുന്നു ഈ കലാകാരി. ഈ സീരിയൽ കണ്ടാണ് ഹർഷയ്ക്ക് തമിഴിലേക്കുളള ഓഫർ വന്നത്. വിജയ ടിവിയുടെ ‘എൻ പേർ മീനാക്ഷി’ എന്ന സീരിയലിൽ മീനാക്ഷിയാവാൻ അവർ ഹർഷയെയാണ് തിരഞ്ഞെടുത്തത്.

‘‘ഇതിനു വഴിയൊരുക്കിയ മെരിലാന്‍ഡിനോടും കാർത്തികേയൻ സാറിനോടും എനിക്കു തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ‘ദേവീമാഹാത്മ്യം’ ആയിരം എപ്പിസോഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവുമുണ്ട്.’’

‘എൻ പേർ മീനാക്ഷി’യിലെ നായിക തമിഴകമാകെ ഒരു തരംഗമായപ്പോൾ ഹർഷയെ തേടിയെത്തിയത് ആറ് കഥാപാത്രങ്ങൾ ! ആറും നായികയുടെ വേഷങ്ങൾ. ഇപ്പോൾ സൺ ടിവിയിൽ ‘പൊന്നൂഞ്ചൽ’ എന്ന സീരിയലിൽ ഹർഷ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അതും മൂന്നു നായികമാരിലൊരുവളായ രേവതി എന്ന കുറുമ്പുകാരിയുടെ വേഷത്തിൽ. മൂന്നു സഹോദരിമാരുടെ കഥയാണിത്. അതിൽ ഏറ്റവും ഇളയ സഹോദരിയാണ് രേവതി.

മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ച സീരിയൽ സുധാകർ മംഗളോദയത്തിന്റെ ‘വെളുത്ത ചെമ്പരത്തി’യാണ്. അതിൽ ചെമ്പരത്തി എന്ന ദുഃഖപുത്രിയെ അതിഗംഭീരമാക്കി ഹർഷ. ചെമ്പരത്തി തനിക്കു ലോട്ടറിയടിച്ചതുപോലെയായിരു ന്നുവെന്ന് ഹർഷ പറയാറുണ്ട്. സുധാകർ മംഗളോദയം പുതിയ സീരിയലിലേക്ക് ശാലീനയായ ഒരു പെൺകുട്ടിയെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് യാദൃച്ഛികമായി ഹർഷയെ കാണാനിടയായത്. അതേക്കുറിച്ച് ഹർഷ:

‘‘ദീപികച്ചേച്ചിയാണ് എന്നെ അഭിമുഖത്തിനായി സുധാകർ സാറിന്റെ അടുക്കൽ കൊണ്ടുപോയത്. ചെമ്പരത്തിയാകാൻ ധാരാളം പെൺകുട്ടികൾ എത്തിയിരുന്നു. എനിക്കാണെങ്കിൽ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, നറുക്കു വീണതോ എനിക്കും. സംവിധായകൻ സുധാകർ മംഗളോദയം സാറാണ് എന്നെ ചെമ്പരത്തി എന്ന നാടൻ പെൺകുട്ടിയാക്കിമാറ്റിയത്. കഥാപാത്രത്തെക്കുറിച്ച് എനിക്കു വിശദമായി പറഞ്ഞു തന്നു. മേക്കപ്പ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണെന്ന കാര്യം ആദ്യമായി പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. ആ പാഠം ഞാനിപ്പോഴും മറക്കാതെ കൊണ്ടു നടക്കുന്നു. ലൊക്കേഷനിൽ മകളോടെന്നപോലെ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തന്ന സുധാകർ സാറിനോടും എനിക്ക് കടപ്പാടുണ്ട്. എന്നെ നായികയാക്കാൻ ധൈര്യം കാണിച്ചതു സാറല്ലേ...’’

ഹർഷയുടെ രണ്ടാമത്തെ സീരിയൽ ബൈജു ദേവരാജിന്റെ ‘ഓപ്പോൾ’ ആണ്. നാലു പെൺകുട്ടികളുടെ കഥയുമായി വന്ന ‘ഓപ്പോളിലേക്ക് വിളിക്കാൻ കാരണം മനോരമ ആഴ്ചപ്പതിപ്പിലെ മുഖച്ചിത്രം കണ്ടാണെന്ന് ഹർഷ. ഇപ്പോൾ ഹർഷ അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാളം സീരിയൽ ദൂരദർശനിലെ ‘വാഴ് വേമായം’ ആണ്. ഇതിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിവാഹത്തിനു മുൻപ് ഗർഭിണിയായ ബ്രാഹ്മണ പെൺകുട്ടി ഭർത്താവിനെ തേടിനടക്കുന്നതാണു കഥ. അഭിനയ പ്രാധാന്യമുളള കഥാപാത്രത്തെ തന്നെയാണ് മെരിലാൻഡ് ഇത്തവണയും ഹർഷയ്ക്ക് നൽകിയിരിക്കുന്നത്. മെരിലാൻഡിന്റെ ‘കടമറ്റത്തു കത്തനാർ’ മുതൽ ‘വാഴ് വേമായം ’ വരെയുളള എല്ലാ സീരിയലുകളിലും അഭിനയിക്കാൻ ഹർഷയ്ക്കു ഭാഗ്യമുണ്ടായി. ഇതിന് മെരിലാൻഡിനോട് ഈ അഭിനേത്രി നന്ദി പറയുന്നു. മലയാളത്തിൽ ആദ്യമായി ക്യാമറയെ ഫെയ്സ് ചെയ്തതും ദൂരദർശനുവേണ്ടിയായിരുന്നു.

‘‘അന്നു ഞാൻ ഏഴിൽ പഠിക്കുകയാണ്. അയൽക്കാരനായ ഡയറക്ടർ അൻവർ സാറാണ് അതിനു വഴിയൊരുക്കിയത്. ദൂരദർശന്റെ ഒരു മണിക്കൂർ ടെലിഫിലിമായിരുന്നു അത്. പേര് ‘സ്നേഹത്തിന്റെ മുളളുകൾ’ അതിൽ ബാലതാരമായി അഭിനയിച്ചു.’’

തിരുവനന്തപുരം മരുതുകുഴി ദേവിപ്രസാദത്തിൽ ശ്യാം-ഹേമ ദമ്പതികളുടെ മകളാണ് പിങ്കി എന്നു വിളിക്കുന്ന ഹർഷ. അച്ഛനും അമ്മയും നേരത്തേ വിട്ടു പി‌രിഞ്ഞു. രണ്ടു സഹോദരിമാരുണ്ട്. മാലിനിയും വിനീതയും. അച്ഛൻ ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ സ്കൂൾ ടീച്ചറും. കോട്ടൺഹിൽ സ്കൂളിൽ പഠിക്കുമ്പോൾ കലാരംഗത്തു കഴിവു തെളിയിച്ച പെൺകുട്ടിയാണ് ‌ഹർഷ. അന്നു സ്കൂളിനുവേണ്ടി നൃത്തമൽസരങ്ങളിൽ പങ്കെടുത്തു. കലാദേവി ടീച്ചറായിരുന്നു ഗുരു.

ഹർഷ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് കാലടി ഓമന. ചെറുപ്പം തൊട്ടേ അറിയാവുന്ന ഓമന ഹർഷയ്ക്ക് അമ്മയെപ്പോലെയാണ്. എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുളള ഒരമ്മ

എ.ആർ.ജോൺസൺ johnar@mm.co.in