നടി രേഖാ മോഹൻ മരിച്ച നിലയിൽ

രേഖ മോഹൻ

മലയാളം സിനിമ, സീരിയൽ താരം രേഖ മോഹനെ (45) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശോഭ സിറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്. മലേഷ്യയിലായിരുന്ന ഭർത്താവ് മോഹൻ പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടർന്നു സുഹൃത്തുക്കളെ വിവരമ‌റിയിക്കുകയായിരുന്നു. ഇവർ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൊലീസ് ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അകത്തുകയറുകയായിരുന്നു.

കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവർ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. സൗഹൃദബന്ധവും കുറവായിരുന്നു.

ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. സ്ത്രീജന്മം എന്ന ടിവി പരമ്പരയിൽ മായമ്മയായി ജനപ്രീതി നേടി. നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശ​ൂർ കൊടകര പിഷാരത്ത് കുടുംബാംഗമാണ്. മക്കളില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭർത്താവ് ഇന്നു മലേഷ്യയിൽനിന്ന് എത്തിയ ശേഷം സംസ്കാരം തീരുമാനിക്കും. രേഖ മോഹൻ നേരത്തെ ദുബായിലായിരുന്നു.