ഷൂട്ടിങ് കാണാൻ പോയി, നടിയായി തിരിച്ചെത്തി‌‌

സ്നേഹലത

സീരിയൽ ഷൂട്ടിങ് കാണാൻ പോയ സ്നേഹലത അന്നു വീട്ടില്‍ തിരിച്ചെത്തിയത് ഒരു നടിയായിട്ടായിരുന്നു. നടൻ അശോകൻ നായകനായ ഒരു കല്യാണ സീനിൽ നിലവിളക്കു പിടിച്ച് നടന്നു വരുന്ന ഒരു പെൺകുട്ടിയായി ക്യാമറയുടെ മുൻപിലെത്തിയതു തികച്ചും യാദൃച്ഛികം. ഏതായാലും ‘പവിത്രബന്ധം’ സ്നേഹലതയുടെ ആദ്യ സീരിയലായി. പിന്നീട് അമ്പതോളം സീരിയലുകളിലും മൂന്നു സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

‘പരസ്പര’ത്തിലെ കല്യാണിയും ‘കല്യാണസൗഗന്ധിക’ത്തി ലെ വിമലയും ‘ഭാഗ്യലക്ഷ്മി’യിലെ സുമിത്രയും ഈ കലാകാരിയുടെ അഭിനയ വൈഭവം പ്രകടമാക്കുന്ന കഥാപാത്ര ങ്ങളായിരുന്നു. അമ്മ വേഷങ്ങളിൽ എന്തു കൊണ്ടും ഒരു വേറിട്ട അഭിനയശൈലി കാത്തു സൂക്ഷിക്കുന്നുണ്ട് ഈ നടി. രണ്ടു കുടുംബങ്ങളുടെ കഥ പറയുകയും മാറ്റക്കല്യാണം വിഷയമാക്കുകയും ചെയ്ത പരമ്പരയാണ് ‘കല്യാണസൗഗ ന്ധികം’ ഇതിൽ കുലീനയും അതേസമയം എപ്പോഴും ഒതുങ്ങി ക്കൂടുന്ന പ്രകൃതക്കാരിയുമായ ഒരു പാവം വീട്ടമ്മയുടെ വേഷമാണ് സ്നേഹലതയെ തേടിയെത്തിയത്. ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടാനിഷ്ടങ്ങളറിഞ്ഞു ജീവിക്കുന്ന നല്ലവളായ വിമല. എത്ര പെട്ടെന്നാണ് ഈ കഥാപാത്രത്തെ കുടുംബപ്രേക്ഷകർ ഹൃദയത്തോടു ചേർത്തു വച്ചത്. പുറത്തിറങ്ങിയാൽ ആളുകൾ ഓടിയെത്തുന്നു. വിമലാമ്മയെ കാണാൻ. വിശേഷങ്ങള്‍ തിരക്കാൻ. ഒരു അഭിനേത്രിയെ സംബന്ധിച്ച് ആനന്ദലബ്ധിക്കിനിയെന്തു വേണം?

അഭിനയരംഗത്ത് ആശിച്ച വേഷങ്ങൾ ലഭിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ അഗ്നി പരീക്ഷണങ്ങളെ നേരിടാൻ വിധിക്കപ്പെട്ട ഒരു പെണ്ണായിരുന്നു സ്നേഹലത. പെറ്റമ്മയെ കാണാനുളള ഭാഗ്യമുണ്ടായില്ല സ്നേഹയ്ക്ക്. മൂന്നാമത്തെ കുഞ്ഞായ സ്നേഹയ്ക്ക് ജന്മം നൽകിയ ഉടനെ അമ്മ മരിച്ചു. മരിക്കുമ്പോൾ അമ്മയ്ക്ക് 29 വയസ്സു പ്രായം. പിന്നീട് അമ്മൂമ്മ രാജമ്മയാണു വളർത്തിയത്.

അച്ഛൻ വർക്കല ജനാർദനൻ നായര്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ പ്രമുഖ നടനായിരുന്നു. അന്ന് പാടി അഭിനയിച്ചിരുന്ന കാലം. ‘ഡോക്ടർ’ എന്ന നാടകം ആവേ ശമായി നാടാകെ അലയടിക്കുന്നു. ഈ സമയത്താണ് സ്നേഹലതയുടെ അച്ഛനെ വിധി വീഴ്ത്തിയത്. കുടുംബ ക്ഷേത്രത്തിൽ വച്ച് ആൽമരം വീണ് അച്ഛന്റെ കാലൊടിഞ്ഞു. അതോടെ അച്ഛന്റെ അഭിനയ ജീവിതത്തിന് എന്നന്നേക്കുമായി തിരശ്ശീല വീണു. കുറെ നാൾ ഹാർമോണിയം പെട്ടിയുമായി പാടി നടന്നെങ്കിലും ആ സ്വരവും നിലയ്ക്കാൻ അധികം കാലമെടുത്തില്ല. കുറേക്കാലം കിടപ്പിലായിരുന്ന അച്ഛൻ മൂന്നു വർഷം മുമ്പാണ് മരിച്ചത്.

ഭാര്യ മരിച്ചതിനെത്തുടർന്ന് ജനാർദനൻ നായർ രാജേശ്വരി ടീച്ചറെ കല്യാണം കഴിച്ചു. അതിൽ ഒരു മകനുണ്ട്– ദേവിദാസ്. നടനും ഡാൻസറുമൊക്കെയാണ് ദേവിദാസ്. അച്ഛനിലെ കലാമേന്മ മുഴുവനായും പകർന്നു കിട്ടിയിരിക്കുന്നത് ദേവിദാസനിലാണ്. അമ്മാവൻ രവീന്ദ്രൻ നായരുടെ വീട്ടിലാണ് എട്ടു വർഷം സ്നേഹലത ജീവിച്ചത്. അവിടെ വച്ചാണ് ഷൂട്ടിങ് കാണാൻ പോയതും ആദ്യമായി മൂവിക്യാമറയുടെ മുന്നിൽ നിൽക്കാൻ ഭാഗ്യമുണ്ടായതും.

ഇതിനിടയിൽ സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെ സ്നേ ഹലതയ്ക്കു കിട്ടി. ബിസിനസുകാരനായിരുന്ന രാധാകൃ ഷ്ണൻ. പ്രസന്റേഷൻ ഐറ്റങ്ങൾ ഹോൾസെയിലായി വിൽ ക്കുന്ന സ്ഥാപനത്തിന്റെ ഉടമയായിരരുന്നു ഈ ചെറുപ്പ ക്കാരൻ. പക്ഷേ, സ്നേഹയുടെ ജീവിതത്തിൽ വിധി പിന്നെയും പകയാട്ടം നടത്തി. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസി നസ് തകർന്നു വലിയ തുകയ്ക്കു കടക്കാരനായി. ആശിച്ചു വച്ച വീട് വിൽക്കേണ്ടി വന്നു.

ഇപ്പോൾ പെയിന്റിങ് പണി കോൺട്രാക്റ്റെടുത്തു നടത്തു കയാണ് രാധാകൃഷ്ണൻ. രണ്ടു മക്കളുണ്ട്. മകൾ ആതിര കൃഷ്ണ, നോർത്ത് കർണാടകയിൽ അഗ്രികൾച്ചറിനു പഠി ക്കുന്നു. മകൻ വിഷ്ണു കരമന സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ആതിര നന്നായി വയലിൻ വായിക്കും. സീരിയലുകളിൽ തികച്ചും വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്ത സ്നേഹലത മൂന്നു സിനിമകളിലും അഭിനയിച്ചു. ഇതിൽ ‘കുട്ടി സ്രാങ്കി’ ലെ അഭിനയം ഏറെ ശ്രദ്ധേയമായി. സുരേഷ് കൃഷ്ണയുടെ കാമുകിയുടെ വേഷമായിരുന്നു. ‘വെൺശംഖുപോൽ’, ‘താങ്ക് യു’ എന്നിവയാണ് മറ്റു സിനിമകൾ.

സീരിയലിലായാലും സിനിമയിലായാലും ഏതു വേഷവും അഭിനയിച്ചു പൊലിപ്പിക്കാൻ കഴിയുമെന്നു തെളിയിച്ച നടിയാണ് സ്നേഹലത. അമ്മ വേഷമോ അമ്മൂമ്മ വേഷമോ ഏതായാലും സ്വീകരിക്കാൻ മടിയില്ല. ഏറ്റെടുത്ത കഥാപാത്ര ങ്ങൾ ഒന്നും തന്നെ മോശമായിട്ടില്ല. ‘ജയഹേ’ എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു ഭിക്ഷക്കാരിയുടെ വേഷമായിരുന്നു. ഈ ചിത്രത്തിന് അവാർഡ് കിട്ടി. ‘സ്വാമി വിവേകാനന്ദൻ’ സീരിയലിൽ വിവേകാനന്ദന്റെ അമ്മയായിട്ടാണ് സ്നേഹ അഭിനയിച്ചത്. ‘മഴവിൽ മനോരമ’യിൽ ഒരു കോമഡി വേഷ ത്തിലും സ്നേഹലതയെ പ്രേക്ഷകർ കണ്ടു. സ്നേഹലതയ്ക്ക് ഏറ്റവുമധികം പ്രോൽസാഹനം നല്‍കിക്കൊണ്ടിരിക്കുന്ന രണ്ടു പേരുണ്ട്. ഭർത്താവ് രാധാകൃഷ്ണനും അമ്മാവൻ രവീന്ദ്രൻ നായരും.

സ്നേഹലത ശാസ്ത്രീയ ന‍‍ൃത്തം പഠിക്കുന്നത് മുപ്പത്തിരണ്ടാം വയസ്സിലാണ്. കലാമണ്ഡലം മണിക്കുട്ടനാണ് ഗുരു. അഭിന യരംഗത്ത് ഗുരുസ്ഥാനീയർ നാലു പേരുണ്ട്. മികച്ച സീരിയ ലുകൾ മലയാളത്തിനു സമ്മാനിച്ച പുരുഷോത്തമൻ, ഡോ. ജനാർദനന്‍, ശാന്തിവിള ദിനേശ്, ആർ. ഗോപിനാഥ് എന്നിവർ. അഭിനയം എന്തെന്നു പഠിപ്പിക്കുകയും പ്രോൽസാഹിപ്പി ക്കുകയും സഹായിക്കുകയും ചെയ്ത ഈ ഗുരുക്കന്മാർക്കു മുൻപിൽ നമ്രശിരസ്കയായി നിൽക്കുന്നു എല്ലാവർക്കും പ്രിയങ്കരിയായ നടി സ്നേഹലത.