ഡി3 യുടെ വിധി പ്രഖ്യാപിച്ച് സുരേഷ് ഗോപി

നൃത്തച്ചുവടുകളുടെ ചടുലവേഗം ആവേശംതീര്‍ത്ത സൂപ്പര്‍ ഫിനാലെയോടെ ഡി ഫോര്‍ ഡാന്‍സ് മൂന്നാം അധ്യായത്തിന് കൊടിയിറങ്ങി. സോളോ വിഭാഗത്തിൽ നാസിഫ് അപ്പു, പെയർ വിഭാഗത്തിൽ ആൻമേരി- വിനീഷ്, ഗ്രൂപ്പ് വിഭാഗത്തിൽ അളിയൻസ് എന്നിവർ ഒന്നാം സ്ഥാനം നേടി.ലാസ െഎസ്ക്രീം നൽകിയ 25 ലക്ഷം രൂപ വീതമാണ് വിജയികള്‍ക്ക് ലഭിച്ചത്. സൂപ്പര്‍താരം സുരേഷ്ഗോപി എം.പിയാണ് വിജയികളെ പ്രഖ്യാപിച്ചത്

ചലനം തന്നെ നടനമായി മാറിയ ചടുലമായ പ്രകടനങ്ങള്‍ക്കൊടുവിലായിരുന്നു ആകാംക്ഷയ്ക്ക് അറുതികുറിച്ചുള്ള ഫലപ്രഖ്യാപനം. അന്തിമപോരാട്ടത്തിലേക്ക് വിവിധ വിഭാഗങ്ങളിലായി യോഗ്യതനേടിയ 36 മല്‍സരാര്‍ഥികള്‍ ഒന്നിനൊന്നു മികച്ച മല്‍സരവുമായി കളംനിറഞ്ഞതോടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത് അപൂര്‍വമായ നൃത്താനുഭവങ്ങള്‍. സോളോ വിഭാഗത്തില്‍ നാസിഫ് അപ്പു ജേതാവായി. കൊച്ചി കലൂർ ദേശാഭിമാനി റോഡ് നാസ് മൻസിലിൽ ആസാദ് എ. എം., വാഹിദ ദമ്പതികളുടെ മകനാണ് നാസിഫ്.

പെയര്‍ വിഭാഗത്തില്‍ ജേതാവായ കൊച്ചി കാക്കനാട് സ്വദേശി വിനേഷിന് മല്‍സരക്കളത്തില്‍ കൂട്ടായത് ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആൻമേരി. സദസിനെ പിടിച്ചുകുലുക്കിയ ഇരുവരും വിജയകിരീടത്തിളക്കത്തോടെ മടങ്ങി.കൊറിയോഗ്രാഫർ പ്രദീഷ് പി. ലാലിന്റെ ഡി.റേഞ്ച് ട്രൂപ്പിലെ അംഗങ്ങള്‍ അണിനിരന്ന അളിയന്‍സ് ഗ്രൂപ്പ് വിഭാഗത്തില്‍ വിജയികളായി.

സോളോ വിഭാഗത്തില്‍ തേവര സേക്രട്ട് ഹാർട്ട് കോളേജിൽ രണ്ടാം വർഷം ബി.കോം വിദ്യാർത്ഥിനി അന്ന പ്രസാദും പെയര്‍ വിഭാഗത്തില്‍ ഡല്‍ഹി നോയിഡ സ്വദേശികളായ ജൂഹി അറോറ,ഭവിക് ശർമ എന്നിവരും ഗ്രൂപ്പ് വിഭാഗത്തില്‍ മഹാരാഷ്ട്രയിലെ 'ആര്‍സി ബോയ്സും' രണ്ടാം സ്ഥാനം നേടി.കേരള സ്റ്റഡി ഡോട്കോം, ബാംഗ്ലൂർ സ്റ്റഡി ഡോട്കോം എന്നിവ നൽകിയ 5 ലക്ഷം രൂപ വീതം രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിച്ചു. കല്യാൺ സിൽക്ക്സ്, ഒാപ്പോ ക്യാമറ ഫോൺസ്, നെസ് ലെ മഞ്ച് എന്നിവര്‍ മറ്റുവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി .ഇൗസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ, ലാസ െഎസ്ക്രീംസ് സെയിൽസ് ഡയറക്ടർ ജോൺ സൈമൺ, ലേൺടെക് എം.ഡി.യും ചെയർമാനുമായ മൻസൂർ അലി എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിരിയും ആരവവും നിറഞ്ഞ വേദിയിൽ ചലച്ചിത്രരംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായെത്തി.