ജീവിതത്തിലും തോൽക്കാതെ കുടുംബപ്രേക്ഷകരുടെ പ്രിയ സത്യഭാമ

സീരിയൽ വിശേഷങ്ങൾ പങ്കുവയ്ക്കും മുൻപേ നടി അനു ജോസഫിനു പറയാനുണ്ടായിരുന്നത് കേരളത്തിൽ ഒരു പ്രശസ്ത നടിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചായിരുന്നു. അത്രമാത്രം ആ സംഭവം സ്ത്രീ മനസ്സുകളെ പൊള്ളലേൽപിച്ചിരിക്കുകയാണെന്ന് അനുവിന്റെ പ്രതികരണത്തിൽനിന്നു വ്യക്തം.
‘‘നടി എന്നതിനെക്കാൾ ഒരു സ്ത്രീക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ വളരെ ഭയപ്പാടോടുകൂടിയാണു ഞാൻ കാണുന്നത്. രാജ്യത്ത് അറിയപ്പെടുന്ന ഒരാൾക്ക് ഇതാണു സ്ഥിതിയെങ്കിൽ സാധാരണ സ്ത്രീകളുടെ ഗതി എന്തായിരിക്കും? കേരളം പോലെയുള്ള ഒരു രാജ്യത്ത് ഇതു നടന്നുവെന്നു പറയുന്നതു തന്നെ അങ്ങേയറ്റം ലജ്ജാകരമാണ്. സത്യത്തിൽ പറയാൻ വാക്കുകളില്ല. എങ്കിലും തളർന്നുവീഴാതെ ജീവിതത്തിലേക്കു തിരിച്ചുവരാൻ നടി കാണിച്ച ആ ധൈര്യമുണ്ടല്ലോ – അതിനെ ഞാൻ നമിക്കുന്നു, അഭിനന്ദിക്കുന്നു. ഇത് അതിക്രമത്തിനെതിരെ ശബ്ദമുയർത്താൻ സ്ത്രീകൾക്കു ശക്തി നൽകും.’’

അഭിനേത്രിയാണെങ്കിലും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രകാശം പരത്തുന്ന നടിയാണു കാസർകോട്ടുകാരി അനു ജോസഫ്. സീരിയലിലും സിനിമയിലും അസാധാരണ നടന വൈഭവം കാഴ്ചവച്ച് പ്രേക്ഷകലക്ഷങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും അനു കൂടുതൽ വിനയാന്വിതയാവുകയാണ്. അല്ലെങ്കിലും കലാഭവന്റെ അകത്തളങ്ങളിൽ നൃത്തച്ചുവടുകൾവച്ചു വളർന്ന പെൺകുട്ടി ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.
കഴിഞ്ഞ അഞ്ചു വർഷമായി ഒരേ സീരിയലിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി നിറഞ്ഞാടുകയാണ് ഈ കലാകാരി. ആയിരം എപ്പിസാഡുകൾ പിന്നിട്ട ‘കാര്യം നിസ്സാര’ത്തിലെ സത്യഭാമയെക്കുറിച്ചു പറയാത്തവരില്ല. ‘എത്ര സ്വാഭാവികമായ അഭിനയം’ – പ്രേക്ഷകരുടെ ആദ്യ പ്രതികരണം അങ്ങനെയാണ്. ‘ജയിക്കാൻ മോഹനകൃഷ്ണനും തോൽക്കാതിരിക്കാൻ സത്യഭാമയും’ നടത്തുന്ന നെട്ടോട്ടങ്ങൾ അത്യാകർഷകം.

ഇരുപതു സീരിയലുകളിലും പന്ത്രണ്ടു സിനിമകളിലും അനു ജോസഫ് ഇതിനകം അഭിനയിച്ചുകഴിഞ്ഞു. ഏറ്റവുമൊടുവിൽ അഭിയിച്ച സിനിമ ‘പത്തേമാരി’യാണ്. മമ്മൂക്കയുടെ സഹോദരി നിർമലയുടെ വേഷം. ‘കാര്യം നിസ്സാരം’, ‘മൂന്നു പെണ്ണുങ്ങൾ’ എന്നീ സീരിയലുകളിൽ അനു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ‘മൂന്നു പെണ്ണുങ്ങളി’ൽ പ്രതിനായിക അപർണയെയാണ് അവതരിപ്പിക്കുന്നത്.

അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. കൃഷ്ണവേണി ടീച്ചറുടെ ‘ഇതെന്റെ മണ്ണ്, ഇതെന്റെ താളം’ എന്ന ആൽബത്തിനുവേണ്ടി ആദ്യമായി മേക്കപ്പണിഞ്ഞു. ഈ ആൽബത്തിനു ധാരാളം അവാർഡുകളും ലഭിച്ചു. ആദ്യ സീരിയൽ ‘സ്നേഹചന്ദ്രിക’യാണെങ്കിലും ആദ്യം പുറത്തുവന്നത് ‘ചിത്രലേഖ’യാണ്. പിന്നീടു മകൾ മരുമകൾ, ലൗമാരിജ്, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. പഴശ്ശി രാജായിലെ ആദിവാസി പെൺകുട്ടി നീലിയെ അനു ജോസഫ് അനശ്വരമാക്കി. ഈ സീരിയലിനുവേണ്ടി അൽപം കളരിമുറകളും പഠിക്കേണ്ടി വന്നു.
കാസർകോട് ചിറ്റാരിക്കൽ കുടക്കച്ചിറ രാജു ജോസഫിന്റെയും സൂസമ്മയുടെയും മകളാണ് അനു ജോസഫ്. ചിറ്റാരിക്കൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ കലാതിലകപ്പട്ടം ചൂടി.

വളരെ ചെറുപ്പത്തിൽ തന്നെ ലോകം മുഴുവൻ കറങ്ങാൻ അപൂർവഭാഗ്യം ലഭിച്ച കലാകാരിയാണ് അനു ജോസഫ്. കലാഭവൻ ട്രൂപ്പിനോടൊപ്പമുള്ള ഈ യാത്രകൾ അനുവിന് ഒരിക്കലും മറക്കാനാവില്ല; കലാഭവന്റെ ജീവാത്മാവായിരുന്ന ആബേലച്ചനെയും.