നെർനൂരിലെ പൂജാമുറികളിൽ സച്ചിൻ ദൈവത്തിനൊപ്പം

1983 എന്ന ചിത്രത്തിൽ സച്ചിൻ ടെൻഡുൽക്കറിനെ അറിയാത്ത ഭാര്യ സുശീലയ്ക്കു മുന്നിൽ അസ്തപ്രജ്ഞനായി നിൽക്കുന്ന രമേശനെ ഓർമ്മയില്ലേ? ഒടുവിൽ ഭർത്താവിൽ നിന്നും സച്ചിനെക്കുറിച്ചു മനസിലാക്കി തെല്ലഹങ്കാരത്തോടെ ഒരു സ്ത്രീയോട് സച്ചിനെ അറിയുമോ എന്നു ചോദിക്കുമ്പോൾ സച്ചിനെ അറിയാത്ത ആരെങ്കിലും ഉണ്ടോയെന്നു മറുചോദ്യം ചോദിച്ച് അവർ സുശീലയെ കളിയാക്കുന്നു. അതെ, സച്ചിൻ ക്രിക്കറ്റ് ലോകത്തിനു ദൈവവും ഇന്ത്യക്കാർക്കൊട്ടാകെ അഭിമാനവുമാണ്. ഇവിടെ ഒരു ഗ്രാമം നാലുനേരവും സച്ചിനു വേണ്ടി പ്രാർഥിക്കുകയും ആരാധിക്കുകയുമാണ്. ഒത്തിരി അകലെയൊന്നുമല്ല ആന്ധ്രാപ്രദേശിലെ നെർനൂർ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് സച്ചിനെ ദൈവതുല്യനായി കാണുന്നത്.

ഇവിടെ ഓരോ വീടുകളിലും ദൈവത്തിനൊപ്പമാണ് സച്ചിന്റെയും ചിത്രങ്ങൾ പതിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം രാജ്യസഭാ എംപി കൂടിയായ സച്ചിൻ നെർനൂർ ഗ്രാമം ദത്തെടുത്തതിന്റെ നന്ദിസൂചകമായാണ് ഈ ആരാധന. നെർനൂർ ഗ്രാമത്തെ വികസിതമാക്കുന്നതിനായി ആറുകോടിയുടെ ബഡ്ജറ്റാണ് നീക്കിവച്ചിരുന്നതെന്ന് നെല്ലൂർ ജോയിന്റ് കളക്ടർ എംഡി ഇംതിയാസ് പറഞ്ഞു. അതിൽത്തന്നെ രണ്ടുകോടി സച്ചിന്റെ എംപി ഫണ്ടിൽ നിന്നും ബാക്കിയുള്ള ആറുകോടി മറ്റു സർക്കാർ പദ്ധതികളിൽ നിന്നുമാണ്. നേരത്തെ ഭൂരിഭാഗം വീടുകൾക്കും കുടിവെള്ളത്തിനായി മൈലുകൾ നടക്കണമെന്നായിരുന്നെങ്കിൽ ഇന്നു സ്ഥിതിമാറി എല്ലാ വീടുകളിലും സ്വന്തമായി കുടിവെള്ളത്തിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമത്തിൽ വികസനം വന്നെത്തിയതോടെ തൊഴിൽ തേടി അന്യദേശങ്ങളിലേക്കു പോയ യുവാക്കൾ തിരിച്ചെത്തിയിട്ടുണ്ട്, അവർക്കെല്ലാം കൂടുതൽ തൊഴിൽസാധ്യത ലഭ്യമാക്കാനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. താരത്തിളക്കത്തിനപ്പുറം സച്ചിൻ എന്ന എംപിയുടെ ചുമതലാബോധമാണ് ഒരു ഗ്രാമത്തിന്റെ തലവരയാകെ മാറ്റിമറച്ചിരിക്കുന്നത്.