ഭിന്നലിംഗക്കാരിയായതിനാൽ സൗന്ദര്യ മത്സരത്തിൽ നിന്നും പുറത്താക്കി

ജോസി യെൻഡാൽ

ഇംഗ്ലണ്ടിലെ ഗേറ്റ്സ്ഹെഡ് സ്വദേശിയായ ജോസി യെൻഡാൽ എന്ന ഇരുപത്തിയെട്ടുകാരിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ആ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുകയെന്നത്. പക്ഷേ അവസാന നിമിഷത്തിൽ അധികൃതർ വ്യക്തമാക്കി ജോസിയ്ക്ക് പങ്കെടുക്കാനാവില്ല കാരണം മറ്റൊന്നുമല്ല ജോസി ഒരു ഭിന്നലിംഗക്കാരിയായതുതന്നെ. ജോസി പുരുഷനായാണ് ജനിച്ചതെന്നും അതിനാൽ സ്ത്രീകളുടെ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യയല്ലെന്നുമായിരുന്നു അധികൃതരുടെ വാദം. ഇതോടെ മിസ് ഗാലക്സി 2016 മത്സരത്തിൽ നിന്നുമാണ് ജോസി നിർദാക്ഷിണ്യം പുറത്തായത്.

ജോസി യെൻഡാൽ

എന്നാൽ താൻ അപേക്ഷയിലെ ആദ്യപേജിൽ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാര്യം വ്യക്തമാക്കിയിരുന്നുെവന്ന് ജോസി പറഞ്ഞു. ഒരു പുരുഷൻ സ്ത്രീയായി മാറിയിട്ടുണ്ടെങ്കിൽ പിന്നീടങ്ങോട്ട് അയാൾ സ്ത്രീ തന്നെയാണ്. ഭിന്നലിംഗക്കാർ എന്നും മാധ്യമങ്ങളുൾപ്പെടെയുള്ള മുൻനിരകളിൽ നിന്നും തള്ളപ്പെടുകയാണ്. ഈ അവസ്ഥയ്ക്കു മാറ്റം വരണമെന്നും ജോസി പറഞ്ഞു. പതിനേഴാം വയസുവരെ ക്രെയ്ഗ് എന്ന പേരിൽ പുരുഷനായി ജീവിച്ചെങ്കിലും തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും സ്ത്രീയുടേതാണെന്നു മനസിലാക്കിയതോടെ പിന്നീട് ക്രെയ്ഗ് ജോസി ആവുകയായിരുന്നു. ഇരുപത്തിയഞ്ചു വയസായതോടെ സ്ത്രീ ഹോർമോണുകൾ ഉപയോഗിക്കാനും തുടങ്ങി. ഇരുപത്തിയേഴു വയസായതോടെ പൂർണമായും ഒരു സ്ത്രീയായി. അതിനിടെ മത്സരത്തിന്റെ നിയമങ്ങൾ ജോസിയെ പങ്കെടുപ്പിക്കുന്നതിനു വിരുദ്ധമായതിനാലാണ് ഒഴിവാക്കിയതെന്ന് മിസ് ഗാലക്സി മത്സരത്തിന്റെ ഡയറക്ടറായ ഹോളി പെറി പറഞ്ഞു.