കടങ്ങൾ വീട്ടാൻ യമുന നടി ആയി !

യമുന

എൻജിനീയറിങ് സ്വപ്നം കണ്ടു നടന്ന പെൺകുട്ടിയായിരുന്നു യമുന. കുടുംബത്തിൽ സാമ്പത്തിക ഞെരുക്കം സംഭവിച്ചില്ലായിരുന്നുവെങ്കിൽ തീർച്ചയായും ആ സ്വപ്നം പൂവണിയുക തന്നെ ചെയ്യുമായിരുന്നു. പക്ഷേ, വിധിയുടെ കണ്ണു പൊത്തിക്കളി യമുനയെ ഒരു നടിയാക്കി. സീരിയലിലും സിനിമയിലും പറന്നു നടന്ന് അഭിനയിക്കാനായിരുന്നു യോഗം. പിന്നീടത് ഒരു രാജയോഗമായി വളർന്നു. താനൊരു സീരിയൽ–സിനിമാ‌നടിയായ കഥ യമുന പറയുന്നു:

‘അച്ഛന് ബിസിനസ്സിൽ സംഭവിച്ച പരാജയമാണു ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയിലേക്കു വലിച്ചെറിഞ്ഞത്. വീടു ജപ്തി ചെയ്യാനുളള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാൻ ഒരു വഴിയേ കണ്ടുളളൂ. ഒരു നടിയാവുക. പഠിക്കുന്ന കാലത്തു ഡാൻസിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. മധുമോഹൻ സാർ സംവിധാനം ചെയ്ത ‘ബഷീർ കഥകളി’ലാണ് ആദ്യമായി അഭിനയിച്ചത്. വീടിനടുത്തു താമസിച്ചിരുന്ന ടോം ജേക്കബ് സാറാണ് എന്നെ മധുമോഹൻ സാറിനു പരിചയപ്പെടുത്തിയത്. ‘ബഷീർ കഥകളി’ൽ ‘ബാല്യകാലസഖി’ ഉൾപ്പെടെ മൂന്നെണ്ണത്തിൽ ഞാൻ നായികയായി. പിന്നീടു കാവാലം നാരായണപ്പണിക്കർ സാറിന്റെ ‘പുനർജനി’ എന്ന ടെലിഫിലിമിൽ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളിൽ നാലു വർഷത്തോളം തുടർച്ചയായി വിവിധ വേഷങ്ങളണിഞ്ഞു. അൻപതിലധികം സീരിയലുകളും നാൽപ്പത്തിയഞ്ചു സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്. വീടു മോടിപിടിപ്പിച്ചു. അനുജത്തിയുടെ വിവാഹം നടത്തി. വീട്ടുകാര്യങ്ങൾ എല്ലാം ഭംഗിയാക്കിയശേഷമാണു ഞാൻ വിവാഹത്തെക്കുറിച്ചു ചിന്തിച്ചത്.’

മൂന്നു സീരി‌യലുകളിലാണ് യമുന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ചന്ദനമഴ’യിൽ മധുമതി, ‘മനസ്സറിയാതെ’യിൽ ജലജ, ‘മേഘസന്ദേശ’ത്തിൽ ക്രിസ്റ്റീന എന്നീ കഥാപാത്രങ്ങൾ.‘അമ്മ’യിലും ‘ജ്വാലയായി’ലുമൊക്കെ പക്കാ വില്ലത്തിയായി ഉറഞ്ഞു തുളളുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാൽ ചന്ദനമഴ’യിലെ മധുമതി എന്ന നല്ല കഥാപാത്രത്തിലൂടെ ഏതു വേഷവും അഭിനയിച്ചു പൊലിപ്പിക്കാൻ തനിക്കു കഴിയുമെന്ന് യമുന തെളിയിച്ചിരിക്കുകയാണ്.

രണ്ട് അമ്മമാരുടെ കഥയാണ് ‘ചന്ദനമഴ’. കുടുംബത്തിലെ ശൈ‌ഥില്യം ഒഴിവാക്കാൻ ത്യാഗത്തിനു തയാറാകുന്ന കഥാപാത്രമാണു മധുമതി. മരുമകളെ നല്ലവളാക്കി മാറ്റാനുളള അമ്മായിയമ്മയെ കുടുംബപ്രേക്ഷകർ മനസ്സിൽ സ്വന്തമാക്കിവച്ചിരിക്കുകയാണിപ്പോൾ. മധുമതിയെ അത്യന്തം മിഴിവുറ്റതാക്കിയ യമുനയ്ക്കു തീർച്ചയായും അഭിമാനിക്കാം. മധുമതിയെത്തേടി നേരിട്ടും ഫോണിലൂടെയും നിത്യേന അഭിനന്ദനങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

ഒരു ദിവസം എൻജിനീയറിങ് കോളജിലെ രണ്ടു വിദ്യാർഥിനികൾ എന്നെ തേടി വീട്ടിലെത്തി. അവർക്കു മധുമതിയക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. മധുമതിയമ്മയെ പോലെ ഒരമ്മായിയമ്മയെ കിട്ടാൻ ഞങ്ങൾ നേർച്ച നേർന്നിരിക്കുകയാണെന്ന് അവർ പറഞ്ഞു. ‘ജ്വാലയായ്’ സീരിയലിലെ ലിസി എന്ന കഥാപാത്രത്തെ യമുനയ്ക്കു ഒരിക്കലും മറക്കാൻ കഴിയില്ല.

അതിൽ ഒരു സീനിൽ നാത്തൂന്റെ കുഞ്ഞിനെ കാലു കൊണ്ട് ചവിട്ടിയെറിയുന്ന രംഗമുണ്ട്. അഭിനയം തകർത്തുവാരിയെങ്കിലും പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ‌

‘ഈ സമയത്താണു ഞാൻ കുടുംബസമേതം കന്യാകുമാരിയിലേക്കു പോയത്. വണ്ടിയിൽ നിന്നു പുറത്തിറങ്ങിയ എന്നെ സ്ത്രീകളടക്ക‌മുളള ആളുകള്‍ വളഞ്ഞു. ലിസിയെ പച്ചത്തെറി വിളിച്ചു കലിതുളളി നിൽക്കുകയാണവർ. കുഞ്ഞുങ്ങളോടാണോ‌ടീ നിന്റെ അതിക്രമം എന്നു ചോദിച്ചു കൊണ്ട് അവർ നിന്നു ജ്വലിക്കുകയാണ്. അടി വീഴുമെന്നു ഞാൻ ഉറപ്പിച്ചു. ഭാഗ്യത്തിന് അച്ഛനും അമ്മയും നയപരമായി ഇടപെട്ടു പ്രശ്നം പരിഹരിച്ചു.’

യമുന സീരിയൽ സുഹൃത്തുക്കൾക്കൊപ്പം

ലിസി എന്ന കഥാപ‌ാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അടുത്ത കാലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ യമുനയെ പരിചയപ്പെടുത്തിയത് ‘ഇതാ നമ്മുടെ ലിസി’ എന്നു ‌പറഞ്ഞു കൊണ്ടായിരുന്നു.

മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു. ഒടുവിൽ അഭിനയിച്ചത് ‘മീശ മാധവൻ’ ‘പട്ടണത്തിൽ സുന്ദരൻ’ എന്നീ സിനിമകളിൽ.

സിനിമാ സംവിധായകനായ എസ്.പി.മഹേഷാണ് യമുനയുടെ ഭർത്താവ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും എന്നീ സിനിമകൾ സംവിധാനം ചെയ്തത് മഹേഷാണ്. പക്ഷേ, ഈ സിനിമകളിലൊന്നും ‌യമുനയില്ല. വിവാഹം കഴിഞ്ഞു പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായിരുന്നു ഈ ഗ്യാപ്പ് എന്നു യമുന.

തിരിച്ചു വരവിനു ശേഷം ‘ഇവൻ മര്യാദരാമൻ’ എന്ന സിനിമയിൽ‌ അഭിനയിച്ചു. ദിലീപിന്റെ അമ്മയുടെ വേഷം. ന്യൂജെൻ സിനിമയിലേക്കു ധാരാളം ഓ‌ഫറുകൾ വരുന്നുണ്ട് ‌എന്നാൽ യമുന കൂടുതൽ സെലക്ടീവ് ആയിരിക്കുകയാണ്. നല്ല സംവിധായകന്റെ കീഴിൽ അഭിനയപ്രാധാന്യമുളള വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കും.

ചിറയിൻകീഴിൽ മഹേഷിന്റെ വീടാ‌യ എസ്.പി. മന്ദിരത്തിലാണു യമുന താമസം. മഹേഷ്–യമുന ദമ്പതികൾക്കു രണ്ടു പെൺമക്കളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആമിയും ഒന്നാം ക്ലാസുകാരി ആഷ്മിയും.

യമുനയെ ഏറ്റവും കൂടുതൽ പ്രോ‌ൽസാഹിപ്പിക്കുന്നതും അഭിനയിക്കാൻ ഉന്തിത്തളളി വിടുന്നതും ആമിയാണ്‌. തെല്ലു മടി കാണിച്ചാ‌ൽ മതി, ‌അവൾ ചോദിക്കും : അമ്മയ്ക്കു നന്നായി അഭിനയിക്കാനറിയാമല്ലോ, പിന്നെന്താ പോയാല് ?