Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നും മന്ത്രവും വേണ്ട, മുടി തഴച്ചുവളരാൻ 5 ഭക്ഷണങ്ങൾ !

 Hair Representative Image

മനോഹരമായി ഇടതൂർന്നു വളരുന്ന മുടിക്കായി ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എത്രയൊക്കെ ന്യൂജെൻ ആയാലും മുടിയുടെ കാര്യത്തിൽ മാത്രം പഴഞ്ചൻ ആയി തുടരുന്നവരുമുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തിൽ മുടിക്കു നൽകുന്നത്ര കരുതലും ശ്രദ്ധയും മറ്റൊന്നിനും പലരും കൊടുക്കാറില്ല, ​എന്തൊക്കെ ചെയ്തിട്ടും കൊഴിച്ചിൽ തുടരുകയും മുടിയുടെ വണ്ണം കുറയുകയുമാണോ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. മുടി വളർച്ചയെ പരിപോഷിപ്പിക്കുന്ന അഞ്ചു ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.

നെല്ലിക്ക

മുടിവളർച്ചയെ പരിപോഷിക്കുന്നതിൽ മുന്നിലാണ് നെല്ലിക്കയുടെ സ്ഥാനം. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റ്സും ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക മുടികൊഴിച്ചിലിനെ ഇല്ലാതാക്കുന്നു. ശിരോചർമത്തിലുണ്ടാകുന്ന ചൊറിച്ചിലുകളും താരനും ഇല്ലാതാക്കാനും നരയിൽ നിന്നും മുടിയെ സംരക്ഷിക്കാനും ബെസ്റ്റാണ് നെല്ലിക്ക. മാത്രമല്ല മുടി കൂടുതൽ തിളങ്ങണമെന്നാഗ്രഹിക്കുന്നവർക്കു നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്ക പച്ചയ്ക്കോ അല്ലാതെയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ, ഫലം നിശ്ചയമാണ്. 

ബദാം

മുടിയെ കരുത്തുറ്റതാക്കുന്നതിൽ ബദാമിനുള്ള സ്ഥാനം ചെറുതല്ല. ഒമേഗാ ത്രീ ഫാറ്റി ആസിഡുകളാൽ സമൃദ്ധമായ ബദാം മുടിയുടെ ഉള്ളു വർധിപ്പിക്കുന്നു. രാത്രിയിൽ വെള്ളത്തിൽ ബദാം കുതിർത്തു വച്ചതിനു ശേഷം കഴിക്കുന്നത് മുടിക്കു വളരെ നല്ലതാണ്. മുടിക്കു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ബദാമിന്റെ സ്ഥാനം മുൻപന്തിയിലുണ്ട്. 

മുട്ട

പലരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുടി വളർച്ചയ്ക്ക് അത്യാവശ്യമായ അമിനോ ആസിഡുകളാൽ സമ്പന്നമാണ് മുട്ട. ആരോഗ്യകരമായ ശിരോചർമത്തിനും മുട്ട കഴിക്കുന്നതു നല്ലതാണ്. മുടികൊഴിച്ചിൽ മാറി കരുത്താർന്ന മു‌ടിയിഴകളുടെ വളർച്ചക്കാവശ്യമായ ബയോട്ടിനും മുട്ടയിൽ ഏറെയുണ്ട്. 

പച്ചക്കറികളും പഴവർഗങ്ങളും

മത്സ്യമാംസാദികൾക്കൊപ്പം ശരീരത്തിനു നിർബന്ധമായും വേണ്ടുന്നതാണ് പച്ചക്കറികളും. ഇലവർഗങ്ങളും കാരറ്റുമൊക്കെ മുടിവളർച്ചയെ വർധിപ്പിക്കുന്നവയാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ദിവസവും വിറ്റാമിനുകളാ‍ല്‍ സമൃദ്ധമായ കാരറ്റ് ജ്യൂസും കുടിച്ചു നോക്കൂ, മുടികൊഴിച്ചിൽ പമ്പ കടക്കും.

ഓറഞ്ച്, ആപ്പിൾ, മാതളം, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് അടങ്ങിയ കടുംനിറത്തിലുള്ള പഴങ്ങളും ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയവയാണ്. ​ശിരോചർമത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്. ഇതുവഴി മു‌ടി വളർച്ചയും വർധിക്കും.

മത്സ്യം

വിറ്റാമിൻ സി, ഒമേഗ ത്രീ ആസിഡ് എന്നിവയടങ്ങിയ മത്സ്യങ്ങളും മുടി വളർച്ചയെ പരിപോഷിപ്പിക്കുന്നു. ബി6, ബി12 വിറ്റാമിനുകൾ അടങ്ങിയ മീനുകൾ ശിരോചർമത്തെ ആരോഗ്യകരമായി നിലനിർത്തുകയും മുടിയെ കരുത്തുറ്റതാക്കുകയും ചെയ്യും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam