Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൾട്ടാണി മിട്ടി പുരട്ടിയപ്പോൾ മുഖം കൂടുതൽ വരണ്ടോ? കാരണവും പരിഹാരവും

how-to-use-multani-mitty-effectively

മുഖത്തിന്റെ നിറം വർധിക്കാനും പാടുകള്‍ മാറാനും ഉത്തമമായ പ്രകൃതിദത്ത വസ്തുവാണ് മുള്‍ട്ടാണി മിട്ടി. മുഖ ചർമത്തിലുള്ള അഴുക്ക്  വലിച്ചെടുക്കുകയാണ് ഈ മണ്ണ് ചെയ്യുന്നത്. വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം ഇത് കഴുകി കളയണം. എന്നാൽ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ചാൽ മുഖം വരളുമെന്ന് ഉപയോഗിച്ചവര്‍ക്ക് അറിയാം. ഇതിനാല്‍ വരണ്ട ചര്‍മമുള്ളവർ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് സുഖകരമാവില്ല. മുഖം വരളുന്നതോടെ ചൊറിച്ചില്‍ ഉൾപ്പെടയുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം.

എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മുള്‍ട്ടാണി മിട്ടി വരണ്ട ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാം. മുഖത്തിന് ജലാംശം നല്‍കാന്‍ കഴിയുന്ന വസ്തുക്കളും മുൾട്ടാണി മിട്ടിയ്ക്കൊപ്പം ഉപയോഗിക്കുക എന്നതാണ് ഈ പൊടിക്കൈ. ഇങ്ങനെ മുള്‍ട്ടാണി മിട്ടിക്കൊപ്പം ചേര്‍ക്കാനാവുന്ന വസ്തുക്കളും ഉപയോഗക്രമവും ഇതാ. 

മുള്‍ട്ടാണി മിട്ടിയും തേനും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, മുന്നോ നാലോ മുന്തിരി (ലഭ്യമാണെങ്കിൽ) 

തേനിലുള്ള ഈര്‍പ്പവും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമം വരളുന്നതു തടയാനും സംരക്ഷണം നൽകാനും കഴിവുള്ളതാണ്. ഇത് മുള്‍ട്ടാണി മിട്ടി മുഖത്തെ ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയുന്നു. മുന്തിരി എണ്ണമയും നിലനിർത്താൻ സഹായിക്കുന്നു. 

ഉപയോഗിക്കേണ്ട വിധം : ആദ്യം മുന്തിരി ചതയ്ക്കുക. പിന്നീട് ഇതിലേക്ക് മുള്‍ട്ടാണി മിട്ടിയും തോനും ചേര്‍ത്ത് കുഴയ്ക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതിയാകും. 

മുള്‍ട്ടാണി മിട്ടിയും തൈരും

ഒരു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തൈര്

തേനില്‍ എന്ന പോലെ തൈരിലും ആന്റീ ബാക്ടീരിയല്‍ ഘടകങ്ങളും ഈര്‍പ്പവും ഉണ്ട്. ഇത് മുഖചര്‍മത്തിലെ ഈര്‍പ്പം മുള്‍ട്ടാണി മിട്ടി വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു. 

ഉപയോഗിക്കേണ്ട വിധം : രണ്ടും തുല്യ അളവില്‍ എടുത്ത് കുഴയ്ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. ഫാനിടുകയോ വീശുകയോ ചെയ്യാതെ സ്വാഭാവികമായി ഉണങ്ങാന്‍  അനുവദിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

മുള്‍ട്ടാണി മിട്ടിയും തക്കാളിയും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, അര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, അര ടേബിള്‍ സ്പൂണ്‍ തക്കാളി ചാറ്

മുള്‍ട്ടാണി മിട്ടിയെ പോലെ ത്വക്കിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് തക്കാളിയും നാരങ്ങയും. അതേസമയം ഇവ മുഖത്തിലെ സ്വാഭാവിക എണ്ണമയം നിലനിർത്തും. ഇത് ചർമം വരണ്ടു പോകാതെ സംരക്ഷിക്കും.

ഉപയോഗിക്കേണ്ട വിധം : മൂന്നും ചേര്‍ത്ത് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റ് വരെ  മുഖത്ത് സൂക്ഷിക്കണം. അതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക. 

മുള്‍ട്ടാണി മിട്ടിയും വെള്ളരിക്കയും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, കുഴമ്പ് പരിവത്തിലാക്കാന്‍ ആവശ്യമുള്ള വെള്ളരിക്കാ നീര്

മുഖം വരളുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍മാഗണ് വെള്ളരിക്ക. മുള്‍ട്ടാണി മിട്ടി ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയാന്‍  വെള്ളരിക്കയ്ക്ക് കഴിയും

ഉപയോഗിക്കേണ്ട വിധം : ഒരു വെള്ളരിക്കയുടെ പകുതി ഒരു ഉപയോഗിക്കാം. വെള്ളരിക്ക അരിഞ്ഞശേഷം അതില്‍ നിന്നു നീരെടുക്കുക. മുള്‍ട്ടാണി മിട്ടി ചേർത്തു കുഴമ്പുപോലെ ആക്കണം. വെള്ളരിക്കാ നീര് കുറഞ്ഞു പോയാൽ ആവശ്യത്തിനു തേൻ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.