Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഒരൊറ്റ മുടി പൊഴിയില്ല, ഇടതൂർന്ന് വളരും

Beauiful Hair

നീണ്ടിടതൂർന്ന മുടിയെന്നൊക്കെ പറയാൻ കൊള്ളാം ഇതൊക്കെ വളരുക കൂടി വേണ്ടേ? ഭൂരിഭാഗം ന്യൂജെൻ പെൺകുട്ടികളുടെയും പരാതിയാണിത്. മുടി നന്നേവെട്ടി ടോംബോയ് ടൈപ്പിൽ നടക്കുന്ന പെൺകുട്ടികൾ മാത്രമല്ല നീട്ടിവളർത്തിയ മുടി സ്റ്റൈലിഷ് ആയി കൊണ്ടുനടക്കുന്നവരും ഇന്നുണ്ട്. കാർകൂന്തൽ പരസ്യങ്ങളില്‍ കാണിച്ച എണ്ണകളെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലല്ലോ എന്നു പറഞ്ഞു വരുന്നവരാണ് ഏറെയും എന്നു പറയുന്നു ഡോ: നിലൂഫർ ഷെരീഫ്. മാസങ്ങളോളം ഒരെണ്ണ തേച്ചിട്ടും മുടി വളരുന്നില്ലെന്നാണു പരാതിയെങ്കിൽ അതിനു പിന്നിലൊരു കാരണം കൂടിയുണ്ട്. ചർമത്തെപ്പോലെ ചികിത്സ ചെയ്യുന്നതോടെ പെട്ടെന്നു മനോഹരമാകുന്ന ഒന്നല്ല മുടി, മുടിയിൽ എന്തു ചികിത്സ ചെയ്താലും അതു ഫലം കാണാൻ കുറച്ചധികം സമയം വേണ്ടതുണ്ട്, നിലൂഫർ ഷെരീഫിന്റെ ഭാഷയിൽ അത് ഒമ്പതു മാസമാണ്. 

ആദ്യം കൊഴിയും, പിന്നെ തഴച്ചു വളരും

മുടിക്ക് എന്തു ചികിത്സ ചെയ്താലും ആദ്യഘട്ടത്തിൽ അതായത് ആദ്യത്തെ മൂന്നുമാസം ആ മുടി കൊഴിഞ്ഞു പോവുകയാണു ചെയ്യുക. പിന്നീടുള്ള ആറുമാസക്കാലമാണ് ചികിത്സ ഫലം കാണുന്നതും പുതിയ മുടി കിളിർക്കുന്നതും. അതായത് തഴച്ചു വളരുന്ന മുടിയാണു സ്വപ്നം കാണുന്നതെങ്കിൽ അതിനൊരിത്തിരി ക്ഷമകൂടി വേണമെന്നു ചുരുക്കം. മലയാളികളെ സംബന്ധിച്ചി‌ടത്തോളം മു‌‌ടി വളരുന്നതുമായി ബന്ധപ്പെട്ടു പല തെറ്റിദ്ധാരണകളും പേറി നടക്കുന്നവരാണവർ. അതിലൊന്നാണ് ദിവസവും തല നനച്ചു കുളിക്കണമെന്നത്. എന്നാൽ മുടിവളർച്ചയുടെ കാര്യത്തിൽ ദിനവും തല നനക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നു പറയുന്നു ഡോ. നിലൂഫർ. 

കുളിക്കണം, തല നനയ്ക്കണമെന്ന് നിർബന്ധമില്ല

എല്ലാ ദിവസവും മുടി കഴുകണമെന്നില്ല.  ഇനി തലനനച്ചുള്ള കുളി നിർബന്ധമായവർക്ക് അതു തുടരാം, പക്ഷേ വെള്ളത്തിന്റെ ഗുണമേന്മ കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ശരീരം വൃത്തിയാക്കുന്നതു പോലെ തന്നെ മുടിയും തലയോട്ടിയും കഴുകുന്നതിൽ തെറ്റില്ല. പക്ഷേ നാം അതിന് ഉപയോഗിക്കുന്ന ഏജന്റ്സ് ഏതെല്ലാമാണെന്നു കൂടി കണക്കിലെടുക്കണം. വളരെ മൈൽഡ് ആയിട്ടുള്ള ഷാംപൂ ഇന്നു വിപണിയിൽ ലഭ്യമാണ്. എല്ലാദിവസവും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ളവയാണവ. ചെന്നെ ബാംഗ്ലൂർ പോലുള്ള ഹാർഡ് വാട്ടർ ലഭ്യമാകുന്ന സ്ഥലങ്ങളിലുള്ളവർ ദിവസവും തല കഴുകരുതെന്നേ താൻ പറയൂ. ഇനി അഥവാ കഴുകുകയാണെങ്കിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഷാംപൂ ഉപയോഗിക്കണം, ഡ്രൈയിങ് ഏജന്റ്സ് ഉള്ള ഷാംപൂകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം, കാരണം അവ മുടിയിഴകളെ നശിപ്പിക്കുകയും മുടി പൊട്ടുകയും ചെയ്യും. ‌ഷാംപൂ ചെയ്യുമ്പോഴെല്ലാം കണ്ടീഷണർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മുടിക്ക് ഉള്ളില്ലാത്തവർ സ്വതവേ കണ്ടീഷണേഴ്സ് ഉപയോഗിക്കാൻ വിമുഖത കാണിക്കും, അതുപയോഗിക്കുന്നതോടെ മുടി ഒട്ടിക്കിടക്കുമെന്നും പാറിപ്പറക്കില്ലെന്നുമൊക്കെ പറഞ്ഞാണിത്. അങ്ങനെയുള്ളവർ അധികം ഇല്ലെങ്കിലും മുടിയുടെ അറ്റത്തെങ്കിലും അൽപം കണ്ടീഷണർ ഉപയോഗിക്കണം. കണ്ടീഷണർ തലയോട്ടിയിൽ പറ്റാതെ നോക്കുകയും വേണം. 

മുടി വളരാൻ എണ്ണതേച്ചു കുളി നിർബന്ധമല്ല!!!

മറ്റൊരു തെറ്റായ ധാരണ എണ്ണതേച്ചു കുളിച്ചാൽ മാത്രമേ മുടി വളരൂയെന്നതാണ്. പ്രത്യേകിച്ചും പഴമക്കാർ എണ്ണയുമായി മക്കളുടെ പിന്നാലെ നടക്കുന്നവരാണ്. എന്നാൽ ഇതിലും കാര്യമായ സത്യമില്ലെന്നു ഡോക്ടർ പറയുന്നു. എണ്ണതേച്ചുകുളി നമ്മുടെ ശീലമായതുകൊണ്ടാണ് പലരും പിന്തുടരുന്നത്. എണ്ണതേച്ച് ഒരു മണിക്കൂർ ഇരുന്നു ചൂടുവെളത്തിൽ കുളിക്കുന്നതാണ് ഇവിടുത്തെ രീതി. പാശ്ചാത്യ രാജ്യങ്ങളിൽ ആരും എണ്ണതേച്ചു കുളിക്കാറില്ല. അവിടെയെല്ലാം കുളിച്ചു കഴി‍ഞ്ഞതിനു ശേഷമുള്ള എണ്ണതേക്കലാണുള്ളത്. ചർമത്തിനും കുളി കഴിഞ്ഞതിനു ശേഷമുള്ള എണ്ണതേക്കലാണ് ഉത്തമം. പാശ്ചാത്യരൊക്കെ കുളിക്കുന്നതിനു മുമ്പ് സ്ക്രബ് ചെയ്യുകയാണു ചെയ്യുക, അതാണു വൈറ്റ് ടെക്നിക്. നമ്മൾ പിന്തുടരുന്ന രീതിയിലൂ‌ടെ സ്കിൻ ഡ്രൈ ആവുകയാണു ചെയ്യുക. ഇനി അതുനിർബന്ധമാണെങ്കിൽ കുളി കഴിഞ്ഞയുടൻ ആ നനവിൽ ക്രീം തേക്കണം.  നല്ല ഡ്രൈ സ്കിൻ ആണെങ്കിൽ കുളിച്ചു കഴിഞ്ഞയുടൻ ബേബി ഓയിൽ പോലെയുള്ളവ തേക്കുക. ഇനി അതിന്റെ മുകളിൽ ക്രീം തേക്കുമ്പോൾ അതു കുറച്ചു നേരം അധികം നിൽക്കും. 

എന്തു ചെയ്തിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ലേ?

പിസിഒഡി പോലുള്ള രോഗമുള്ളവരുടെ പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത്തരക്കാർക്കു മുൻഭാഗത്തെ മുടിയാണു പ്രധാനമായും പോവുക. ഇതിനു വിവിധ ചികിത്സകൾ എടുത്താൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കൂ. മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നമുള്ളർക്കായി പിആർപി ടെക്നോളജി അഥവാ പ്ലേറ്റെലെറ്റ് റിച്ച് പ്ലാസ്മാ ടെക്നോളജി ഫലം നൽകുന്നതാണ്.

ഹോട്ട് ഓയിൽ മസാജ് താരൻ കളയുമോ ? 

താരനില്ലാത്തവർ ഇന്നു വിരളമാണ്. താരൻ തലയിൽ കയറിക്കൂടിയാൽ പലരും ആദ്യം ചെയ്യുന്ന കാര്യമാണ് ഹോട്ട് ഓയിൽ മസാജ്. വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചെറിയ കാര്യങ്ങൾ വച്ചുകൊണ്ടുള്ള നാടൻ ചികിത്സാരീതി എന്നിതിനെ വേണമെങ്കിൽ പറയാം. എന്നാൽ എല്ലാ താരനും ഹോട്ട് ഓയിൽ മസാജിലൂടെ കളയാനാവില്ലെന്നു പറയുന്നു ഡോ: നിലൂഫർ. മുഖം സ്ക്രബ് ചെയ്യുന്ന പോലെ ഒരിക്കലും തലയോട്ടി സ്ക്രബ് ചെയ്യാൻ കഴിയില്ല. അപ്പോൾ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കാൻ ഒരുപരിധി വരെ ഈ ഹോട്ട് ഓയിൽ മസാജിനു കഴിയും. പക്ഷേ അതുകൊണ്ടു താരന്‍ പൂർണമായും നീങ്ങണമെന്നില്ല. താരൻ രണ്ടുവിധത്തിലാണുള്ളത്. ചെറിയ വെള്ളപ്പൊടികൾ ആണ് ഒന്ന്, അതിനെ താരൻ എന്നു വിളിക്കില്ല, ഡ്രൈഇച്ചി സ്കാൽപ് എന്നേ പറയൂ. രണ്ടാമത്തെ വിഭാഗം കുറച്ചു കൂടി വലിയ താരനുകളാണ്. തലയിൽ കുരുക്കളൊക്കെ ഉണ്ടാക്കുന്ന വിധത്തിലുളളവ. ഇതോടൊപ്പം തലയിൽ എപ്പോഴും എണ്ണമയവും ദുര്‍ഗന്ധവും ഉണ്ടാകും. അവർക്ക് മുടി തട്ടുന്ന വശങ്ങളിലും ചുമലുകളിലും മുഖത്തുമെല്ലാം കുരുവുണ്ടാകും. അതു ചികിത്സയിലൂടെ മാത്രമേ മാറൂ. ഇക്കൂട്ടർക്ക് ആൻറി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാമെങ്കിലും അവ ഒരിക്കലും സ്ഥിരാടിസ്ഥാനത്തിൽ ഉപയോഗിക്കരുത്. ആന്റിഡാൻ‍ഡ്രഫ് ഷാംപൂകളെക്കുറിച്ചു രസത്തിനു പറയുന്നൊരു ചൊല്ലു തന്നെയുണ്ട്. നോ ഡാൻഡ്രഫ്, നോ ഹെയർ എന്നതാണത്. താരനും ഒപ്പം മുടിയും പോകും. അതുകൊണ്ടു മുടി വളർച്ചയെ പരിപോഷിപ്പിക്കുന്ന ഷാംപൂവും ഉപയോഗിക്കണം. താരൻ അധികമില്ലെങ്കിൽ ആന്റി ഡാൻഡ്രഫ് ഷാംപൂ ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുന്നതാണു നല്ലത്. ആന്റി ഡാൻഡ്രഫ് ഷാംപൂ നിർദ്ദേശിക്കുന്ന ഡോക്ടർമാരോട് അവ എത്ര നാളത്തേക്ക് ഉപയോഗിക്കണമെന്നു കൂടി ചോദിച്ചു ഉറപ്പു വരുത്തണം.  ചിലർ ഇതു സ്ഥിരമായി ഉപയോഗിച്ച് അവസാനം തലയോട്ടിയിൽ പ്രശ്നങ്ങളുമായി വീണ്ടും ഡോക്ടര്‍മാരെ സമീപിക്കാറുണ്ട്.