'എങ്ങോട്ടാ, പെനൽറ്റി മിസ്സാക്കിയ വരുടെ സമ്മേളനത്തിനാണോ?'

ഇറാനെതിരെയുള്ള ആദ്യ റൗണ്ട് അവസാനമത്സരത്തില്‍ പോര്‍ച്ചുഗലും ഇറാനും കടുത്ത വാശിയില്‍. 50ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് ഇറാന്‍ താരം എസാറ്റലോഹി ആഗോള ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്യുന്നു. ദേ കിട്ടി പെനൽറ്റി.

റൊണാള്‍ഡോ തന്നെയെടുക്കുന്നു പെനൽറ്റി. വലങ്കാല്‍ കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തട്ടിയ പന്ത് ദേ കിടക്കുന്നു ഇറാന്‍ ഗോളിയുടെ കൈയില്‍. പോരേ പൂരം. മെസ്സി ഫാന്‍സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി....ട്രോളന്‍മാര്‍ക്ക് ഉല്‍സവം തന്നെ. മെസ്സിക്ക് കൂട്ടിന് അങ്ങനെ സാക്ഷാല്‍ റൊണാള്‍ഡോയും എത്തി. ഇനി രണ്ടു പേരേം ഒരുമിച്ച് ട്രോളാലോ എന്ന സന്തോഷത്തില്‍ ട്രോളന്മാരും.

ഐസ്‌ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ മെസ്സി പെനാൽറ്റി മിസ് ആക്കിയതിന് ലോകത്തെമ്പാടുമുള്ള ട്രോളന്മാര്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരത്തെ കൊന്നുകൊല വിളിച്ചു. സമാനമായ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പെനൽറ്റി ഗോള്‍ ആക്കുക കൂടി ചെയ്തപ്പോള്‍ ജീനിയസ് എന്ന് ട്രോളന്മാരും.

എന്നാല്‍ എല്ലാം ഇതാ കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നു. ഇറാനെതിരെ പെനൽറ്റി മിസ് ചെയ്ത റൊണാള്‍ഡോ ആണ് ട്രോളന്മാരുടെ പുതിയ ഇര. മെസ്സിക്ക് ഇനി വിശ്രമം. ഇതാണ് ഞങ്ങള്‍ പറയുന്നത്, എപ്പോഴും ഈ മെസ്സിയെ കോപ്പിയടിക്കലാണ് ഈ റൊണാള്‍ഡോയുടെ പണി. ഇപ്പോ ഇതാ പെനൽറ്റിയും അതുപോലെ കോപ്പിയടിച്ചിരിക്കുന്നു...ഇങ്ങനായിരുന്നു രസകരമായ ഒരു ട്രോള്‍. 

പട്ടണപ്രവേശത്തിലെ ക്ലാസ് ഡയലോഗാണ് മറ്റൊന്ന്. റൊണാള്‍ഡോ...അളിയാ നീ ആ പെനൽറ്റി മിസ് ആക്കിയത് എന്തായാലും നന്നായി. ഇല്ലെങ്കില്‍ ഈ കേസില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ. 

തീര്‍ന്നില്ല, മറ്റൊരു ട്രോള്‍ വിരുതന്‍ പറഞ്ഞതിങ്ങനെ, അല്ല മക്കളേ ....രണ്ട് പേരും എങ്ങോട്ടാ...പെനൽറ്റി മിസ് ചെയ്തവരുടെ സംസ്ഥാനസമ്മേളനത്തിന് പോകുവാണോ... 

സമകാലീന ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ ലോകകപ്പില്‍ ഇത്തരത്തിലൊരു സമാന അനുഭവത്തിന് കാരണമായിത്തീരുന്ന യാദൃശ്ചികത ട്രോളാനന്തര ലോകകപ്പില്‍ ആരാധകര്‍ക്ക് മികച്ച കോമഡി അനുഭവങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. ഇനി എന്തെല്ലാം കാണാനിരിക്കുന്നു...