'എടോ ജര്‍മന്‍ ഗോളി, ദേ കൊറിയക്കാരന്‍ ഗോളടിക്കാന്‍ വരുന്നു. ഒന്നു തടുക്കടോ...' 

കണ്ണീരില്‍ കുതിര്‍ന്നാണ് ഓരോ ജര്‍മന്‍ ആരാധകനും റഷ്യയില്‍ നിന്ന് മടങ്ങുന്നത്. 2014 ലെ ലോകകപ്പില്‍ കീരീടം ചൂടിയ ആവേശത്തിലാണ് ജര്‍മനി 2018 ലോകകപ്പിനും എത്തിയത്. എന്നാല്‍ നാണക്കേടിന്റെ പാരമ്യത്തിലാണ് ടീം മടങ്ങുന്നത്. അതും ദക്ഷിണ കൊറിയയോട് നിര്‍ണായക മത്സരത്തില്‍ 2-0 ത്തിന് തോല്‍വി ഏറ്റുവാങ്ങി. കടുത്ത ജര്‍മന്‍ ആരാധകര്‍ വരെ ടീമിനെ ശപിച്ച ദിവസം. എന്നാല്‍ ട്രോളന്മാര്‍ക്ക് ജര്‍മനിയാണ് ഏറ്റവും പ്രിയപ്പെട്ട ഇര. 

ലോകചാമ്പ്യന്‍മാര്‍ക്ക് ഈ ഗതിവന്നല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുന്നവരെ ചിരിപ്പിക്കുന്നത് കൂടിയാണ് ട്രോളുകള്‍. എടോ ജര്‍മന്‍ ഗോളി, ദേ പോസ്റ്റിലേക്ക് ഒരു കൊറിയക്കാരന്‍ ഗോളടിക്കാന്‍ വരുന്നു. ഒന്നു തടുക്കടോ...ഇങ്ങനെ ജര്‍മന്‍ ഗോളിയാണ് നല്ല ട്രോള്‍ ഏറ്റ് വാങ്ങിയിരിക്കുന്നത്. 

സൗത്ത് കൊറിയ ജര്‍മനിയോട് എങ്ങോട്ടാ...ജര്‍മനി, പ്രീ ക്വാര്‍ട്ടറിലേക്കാ. സൗത്ത് കൊറിയ, വേണ്ട നമുക്ക് എയര്‍പോര്‍ട്ടിലേക്ക് പോവാാാം....ഇമ്മാതിരി രസകരമായ നിരവധി ട്രോളുകളാണ് ജര്‍മനിയെ കളിയാക്കി ഇറങ്ങിയിരിക്കുന്നത്. ലോക ചാമ്പ്യന്മാരായി വന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന ടീമുകളുടെ കൂട്ടത്തിലേക്ക് ഇതോടെ ജര്‍മനിയും എത്തിയിരിക്കുകയാണ്. 

1950ല്‍ ഇറ്റലിയും 1966ല്‍ ബ്രസീലും 2002ല്‍ ഫ്രാന്‍സും 2010ല്‍ ഇറ്റലിയും 2014ല്‍ സ്‌പെയിനുമെല്ലാം ഈ ഗതി നേരിട്ടതാണ്. മത്സരത്തിന് മുമ്പ് ഇത് ചൂണ്ടിക്കാണിച്ച് ജര്‍മനിയുടെ എതിരാളികള്‍ പറഞ്ഞു, ഇതൊരു ശാപമാണ് മക്കളേ, നിങ്ങളുടെയും വഴി പുറത്തേക്കാണ്  എന്ന് പറഞ്ഞവരോട് ജര്‍മന്‍ ആരാധകരുടെ അഹങ്കാരം ഇങ്ങനെയായിരുന്നു, 'ശാപം...കോപ്പാണ്...ഞങ്ങള്‍ ഗ്രൂപ്പ് സ്റ്റേജ് കടന്നു കാണിച്ചു തരാം.'

കളി കഴിഞ്ഞ ശേഷം ജര്‍മനി, ഇത് ശരിക്കും എന്തോ ശാപം ആണെടാാാാ....ഇതാണ് ട്രോളുകളുടെ അവസ്ഥ. വെറുതെ ഞങ്ങളായിട്ട് ചരിത്രം തിരുത്താനില്ലെന്ന മട്ടിലും എത്തി ചില ട്രോള്‍ ചരിതങ്ങള്‍. 

ട്രോളുകള്‍ക്കിടയില്‍ സിനിമക്കാരുടെ സംഘടന അമ്മയും എത്തിയത് രസകരമായി. ജര്‍മന്‍ ഫാന്‍സ് ഫിഫയോട്, എങ്ങനെയെങ്കിലും ജര്‍മനിയെ തിരിച്ചെടുക്കണം. അപേക്ഷയാണ്...

ഫിഫയുടെ ക്ലാസ് മറുപടി; പുറത്താക്കിയവരെ യോഗം കൂടി തിരിച്ചെടുക്കാന്‍ ഇത് അമ്മയുടെ മീറ്റിങ് ഒന്നുമല്ല....ഗ്രൂപ്പ് സ്റ്റേജില്‍ ബ്രസീലും അര്‍ജന്റീനയും എന്തായാലും ട്രോളന്മാരില്‍ നിന്നും രക്ഷപ്പെട്ടു. ഇനി അടുത്ത റൗണ്ടിലെ ഇരകള്‍ ആരെല്ലാമാണാവോ...

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam

Read more at: https://www.manoramaonline.com/style/style-factor/2018/06/28/new-treand-stripes-in-kurtha.html