'പോരാട്ടവീര്യത്തിന് ഒരാള്‍രൂപം ഉണ്ടെങ്കില്‍ അത് നീയാണ് ജപ്പാൻ'

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം-ജപ്പാന്‍ മത്സരത്തെ വില കുറച്ച് കണ്ടവര്‍ക്ക് തെറ്റി. മത്സരം മടുക്കുമെന്ന് കരുതി കളി കാണാത്തവര്‍ക്കാണ് നഷ്ടം. ചുവന്ന ചെകുത്താന്മാര്‍ ജപ്പാന്‍ സാമുറായ്കളെ അങ്ങ് വിഴുങ്ങി കളയുമെന്നായിരുന്നല്ലോ വെപ്പ്. 

എന്നാല്‍ ചുവന്ന ചെകുത്തന്മാരെ നന്നായൊന്നു ഞെട്ടിച്ചിട്ടാണ് സാമുറായകളുടെ ധീരമായ കീഴടങ്ങല്‍ നടന്നത്. ഫിഫ റാങ്കിങ്ങില്‍ 63ാം സ്ഥാനത്തുള്ള ജപ്പാനോടെങ്ങാനും മൂന്നാം സ്ഥാനത്തുള്ള ബെല്‍ജിയം തോറ്റിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി നമ്മുടെ ട്രോളന്മാര്‍. അതുകൊണ്ടുതന്നെ ട്രോള്‍ ഗ്രൂപ്പുകളില്‍ ജപ്പാനോടാണ് സിംപതി. സാധാരണ തോറ്റ ടീമിനെ ട്രോളി കൊല്ലുന്നതാണല്ലോ പതിവ്. ഇവിടെ ജപ്പാനാണ് ജയ് വിളി. 

ബാഡ് ലക്ക് ജപ്പാന്‍ എന്നാണ്‍ പലരുടെയും സഹതാപം. കളി തുടങ്ങി 52 മിനിറ്റ് പിന്നിടുമ്പോള്‍ രണ്ട് ഗോളിന് മുന്നിലായിരുന്നല്ലോ ഏഷ്യയുടെ ചുണക്കുട്ടികള്‍. എന്നാല്‍ നാല് മിനിറ്റിനകമാണ് പിന്നെ ബെല്‍ജിയം രണ്ട് ഗോള്‍ തിരിച്ചടിച്ചത്.

അതിനു ശേഷം ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ചാഡ്‌ലിയിലൂടെ ബെല്‍ജിയം വിജയഗോള്‍ നേടിയപ്പോള്‍ തോറ്റതിന്റെ അപമാനത്തേക്കാളും പോരാടിയതിന്റെ അഭിമാനമായിരുന്നു ജപ്പാന്‍ കളിക്കാരില്‍ നിറഞ്ഞു നിന്നത്. 

ആകുന്ന പോലെയെല്ലാം ജീവന്‍ കൊടുത്ത് ഡിഫന്‍ഡ് ചെയ്യുകയും ഗോള്‍ അടിക്കുകയും ചെയ്ത ജപ്പാനെ പുകഴ്ത്തിയാണ് മിക്ക ട്രോളുകളും. അജ്ജാതി കളിയാണ് പഹയന്മാര്‍ നടത്തിയതെന്നാണ് വിലയിരുത്തലുകള്‍. 

കട്ടപ്പയെ സീനിലിട്ട് പോരാട്ടവീര്യത്തിന് ഒരാള്‍രൂപം ഉണ്ടെങ്കില്‍ അത് നീയാണ് ജപ്പാന്‍....എന്നാണ് ട്രോളന്മാരുടെ അഭിനന്ദനം. പൊരുതി തോറ്റിട്ട് പോവാണേല്‍ അങ്ങ് പോട്ടെന്നു വെക്കും എന്നാണ് ലൈന്‍. എന്തായാലും ഏഷ്യന്‍ സിംഹങ്ങള്‍ അഭിമാനത്തോടെ തന്നെ റഷ്യയില്‍ നിന്ന് മടങ്ങാം. ചുകന്ന ചെകുത്താന്മാരെ വിറപ്പിച്ചണല്ലോ അടിയറവ് പറഞ്ഞത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam