Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള പൊലീസിനെ ട്രോളി തോൽപ്പിക്കാനുണ്ടോ ?

kerala-police-trollans

മലയാളത്തിലെ ഏറ്റവും മികച്ച ട്രോൾ പേജ് ഏതാണ്? െഎസിയു, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക് എന്നൊക്കെ ഉത്തരം പറയും മുമ്പ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൊന്ന് കയറി നോക്കണം. കാരണം പ്രകടനത്തിൽ ട്രോള്‍ പേജുകളെ കടത്തിവെട്ടും കേരള പൊലീസിന്റെ ഈ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്. ബോധവത്കരണത്തിന്റെ ഭാഗമായുള്ള ട്രോളുകളിലൂടെയും കിടിലൻ മറുപടികളിലൂടെയുമാണ് പേജ് ശ്രദ്ധേയമാകുന്നത്. 

സൗഹൃദ ദിനത്തിലിട്ട ഹെൽമറ്റ് ബോധവത്കരണ പോസ്റ്റാണ് ഒടുവിലത്തേത്. നല്ല സൗഹൃദങ്ങൾ ഒരിക്കലും വേർപിരിയാതിരിക്കട്ടെ എന്നെഴുതി ബൈക്കിന്റെയും ഹെൽമറ്റിന്റെയും ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ബോധവത്കരണ സന്ദേശങ്ങളെല്ലാം ട്രോൾ രൂപത്തിലാണ് പേജിൽ അവതരിപ്പിക്കുന്നത്. പോസ്റ്റിനു താഴെ വരുന്ന കമന്റുകൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടിയും ലഭിക്കും. 

‘ലൈസൻസ് ഇല്ലാതെ ഹെൽമറ്റ് വെച്ച് ബൈക്ക് ഓടിക്കുന്നവർക്കു വല്ല ഡിസ്കൗണ്ടും ഉണ്ടോ’ എന്ന വിരുതൻ ചോദ്യത്തിന് 'പ്രായപൂർത്തിയായില്ലെങ്കിൽ രക്ഷകർത്താവിനും ഓഫറുണ്ട്' എന്ന കിടിലൻ മറുപടി. പോസ്റ്റിൽ പൾസർ ബൈക്കിന്റെ ഫോട്ടോ കൊടുക്കാത്തതിൽ പ്രതിഷേധിച്ചയാൾക്ക് അടുത്ത തവണ രണ്ടു പൾസർ വെക്കാമെന്ന ഉറപ്പ്. ‘ഈ സർ പൊലീസിൽ എത്തുന്നതിന് മുൻപ് ബല്യ ട്രോളൻ ആയിരുന്നു എന്ന് തോന്നുന്നു’ എന്ന കമന്റിനു ‘മനസ്സിലാക്കി കളഞ്ഞുവെന്നു’ മറുപടി.

ആഭരണ മോഷ്ടാക്കൾക്ക് കൈവളകൾ സമ്മാനമായി നൽകുന്ന ‘വമ്പിച്ച’ ഓഫര്‍ പ്രഖ്യാപിച്ച ചരിത്രമുള്ള കേരള പൊലീസ് ബൈക്കിൽ പായുന്ന ഫ്രീക്കന്മാരെയും ട്രോളി പഞ്ഞിക്കിട്ടു. ഇങ്ങനെ ട്രോളുന്നതുകൊണ്ട് കേരള പൊലീസ് എന്ന പേരുമാറ്റി ട്രോൾ കേരള എന്നാക്കിയാലോ എന്ന കമന്റുകളും ധാരാളം. ഇതിനിടയിൽ ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ആശംസിച്ചവർക്കു തിരികെ ആശംസ അറിയിക്കാനും പൊലീസ് മറന്നില്ല. കമന്റു വായിക്കാൻവേണ്ടി മാത്രമാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ കയറുന്നതെന്നു പലരും കമന്റി‌ടുന്നുണ്ട്. ഫെയ്സ്ബുക്കിലെ ഇൗ സൗഹൃദ മനോഭാവമൊന്നും നേരിട്ടു കാണുമ്പോൾ പൊലീസിനില്ലെന്നു വിമർശിക്കുന്നവരുമുണ്ട്. അവരോടും പറയുന്നു പൊലീസ് എന്നും ജനങ്ങൾക്കൊപ്പം.

കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിൽ നടത്തിയ അടിക്കുറിപ്പ് മത്സരവും കയ്യടി നേടിയിരുന്നു. സൈബർ ലോകത്തു പാലിക്കേണ്ട മാന്യതയും നിയമങ്ങളും വ്യക്തമാക്കുന്ന പോസ്റ്റുകൾ, ഗതാഗത നിയമങ്ങൾ, സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ പകർന്നുനൽകി കൊണ്ടാണ് പൊലീസിന്റെ പേജ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. 

നിലവിൽ രാജ്യത്തെ െപാലീസ് പേജുകളിൽ രണ്ടാം സ്ഥാനത്താനു കേരള പൊലീസ്. ബംഗലൂരു സിറ്റി പെലീസിന്റെ പേജിനാണ് കൂടുതൽ ലൈക്കുകളുള്ളത്. ഒരുമിച്ചുനിന്നു പേജിനെ ഒന്നാം സ്ഥാനത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് പേജിൽ പോസ്റ്റിട്ടിരുന്നു.  

പ്രത്യേകം തിരഞ്ഞെടുത്ത അഞ്ചംഗ പൊലീസ് ഉദ്യോഗസ്ഥരാണ് ഫെയ്സ്ബുക്ക് പേജ് പ്രവർത്തിപ്പിക്കുന്നത്.