ഇവനെ എനിക്കറിയാം, ഇത് ഞാൻ തന്നെ; ട്രോളന്മാരുടെ സ്വന്തം പ്രകാശൻ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിൽ താരം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ ട്രോളന്മാർക്കും പണിയായി. പക്ഷേ പ്രകാശനെ ഉപയോഗിച്ച് സ്വയം ട്രോളാനായിരുന്നു കൂടുതൽ പേരും ശ്രമിച്ചത്. 

വിവാഹ സദ്യ കഴിച്ചുകൊണ്ടിരിക്കെ വിഡിയോ എടുക്കുമ്പോൾ ഫഹദ് വരുത്തുന്ന ഭാവമാറ്റം ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യാത്തവരായി ആരും ഉണ്ടാകില്ലെന്നാണ് ട്രോളന്മാർ പറയുന്നത്. ഇത് ഞാൻ തന്നെയാണ് എന്നാണ് ട്രോളുകൾ. സദ്യ കഴിച്ചു കഴിഞ്ഞു കുറ്റം പറയുന്ന പൊതുസ്വഭാവത്തെയും വളരെയധികം ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പൂവൻ കോഴിയും ടീസറിൽ മിന്നിമറയുന്നുണ്ട്. ഫഹദിന്റെ സ്വാഭാവിക അഭിനയം കൂടി ചേരുമ്പോൾ എല്ലാം പൂർണം.

ഇതോടെ ട്രോളന്മാർ ടീസറിൽ സ്വയം സ്ഥാനം കണ്ടെത്തുകയായിരുന്നു. ഇത്തരം സ്വാഭാവിക അഭിനയം മാത്രം നടത്തി മലയാളികളെ വിസ്മയിപ്പിക്കുന്ന ഫഹദിനുമുണ്ട് സ്നേഹത്തിന്റെ ട്രോൾ. ഫഹദിന്റെ അഭിനയം കാണുമ്പോൾ ലാലേട്ടനെ ഓർമവരുന്നെന്നാണ് ചിലർ പറയുന്നത്. തൊണ്ടിമുതലിനുശേഷം സ്വാഭാവിക അഭിനയവുമായി ഫഹദിക്ക ഞെട്ടിക്കാൻ ഒരുങ്ങിയെന്നും ചിലർ നിരീക്ഷിക്കുന്നു. ടീസറിനു ട്രോളന്മാര്‍ ഗംഭീര സ്വീകരണം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ പ്രകാശൻ തരംഗമായി. 

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.