‘എന്റെ മോളാണ് പോയത്... അവളെ കൊന്നതാണ്’; കുണ്ടറ പീഡനക്കേസിലെ സത്യം തേടിയ മാധ്യമപ്രവർത്തക വഴികൾ

മനോരമ ന്യൂസ്കൊല്ലം റിപ്പോർട്ടർ ദീപു രേവതി, കാമറമാൻ ടി.ആർ. ഷാൻ

വാർത്തകൾക്കായി ചിലവിവരങ്ങൾ കിട്ടുമ്പോൾ തന്നെ സത്യം വേറെവിടെയോ മറഞ്ഞിരിക്കുകയാണെന്ന് തോന്നലുണ്ടാകാറുണ്ട് ചിലപ്പോൾ. അത്തരമൊരു നിമിഷമായിരുന്നു അത് . കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പുതുതായി ചില വിവരങ്ങൾ കിട്ടിയ നിമിഷം

രണ്ടുമാസം മുമ്പ് കുണ്ടറയിൽ ഒരുപെൺകുട്ടി കുടുംബപ്രശ്നങ്ങൾ കാരണം ആത്മഹത്യചെയ്ത വാർത്ത നൽകിയിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നും ഉള്ളടക്കം വീട്ടിലെ പ്രശ്നങ്ങളാണെന്നും അന്ന് പൊലീസ് പറഞ്ഞിരുന്നു. ആ പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു പുതിയ വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം ഉണ്ടായിട്ടും പൊലീസ് ഗൗനിച്ചില്ലെന്നും എനിക്ക് വിവരം നൽകിയയാൾ പറഞ്ഞു. നേരിട്ട് പോയി അന്വേഷിക്കാൻ തീരുമാനിച്ചതും ...അറിഞ്ഞതിലുമപ്പുറം ചില സത്യങ്ങൾ മറഞ്ഞിരിപ്പുണ്ടെന്ന് ഉൾവിളിയിൽ ..

മാർച്ച് 15 ബുധനാഴ്ച രാവിലെ 9.30ന് കുണ്ടറയിലേക്ക് പോകുമ്പോൾ എന്റെ പക്കൽ മറ്റുവിവരങ്ങളൊന്നുമില്ല. കുട്ടിയുടെ പേരോ വീടോ ഒന്നും അറിയിയില്ല. കുണ്ടറ പൊലീസ് സ്റ്റേഷനുമുന്നിൽ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ക്യാമറാമാൻ ടി.ആർ.ഷാനിനോട് പറഞ്ഞു, പൊലീസ് സ്റ്റേഷന്റെ പരമാവധി ദൃശ്യങ്ങൾ എടുക്കണം

പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ 

ക്യാമറാമാ‍ൻ ദൃശ്യങ്ങൾ എടുത്തപ്പോൾ പൊലീസ് വന്ന് തടഞ്ഞു. ഞങ്ങൾ കാര്യം പറഞ്ഞു. സി.ഐയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീലെത്തി. അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് സി.ഐ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് മറുപടി.പക്ഷെ മുറിയിൽ ആളില്ല.പത്തുമിനിലേറെ കാത്തുനിന്നു. വീണ്ടും പൊലീസുകാരനോട് സി.ഐ എപ്പോൾ വരുമെന്ന് തിരക്കി. ;ഉടൻ പൊലീസുകാരന് അഭിമുഖമായിരുന്ന മറ്റൊരാൾ തിരിഞ്ഞു, എന്താണ് കാര്യമെന്ന് ചോദിച്ചു.ഞാൻ തോളത്തെ നക്ഷത്രങ്ങൾ നോക്കി,അതായിരുന്നു സി.ഐ!!

പത്തുവയസുകാരി രണ്ടുമാസം മുൻപ് തുങ്ങിമരിച്ചസംഭവത്തിലെ പുതിയ വിവരങ്ങളെക്കുറിച്ച് അറിയാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു. ആ കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായി എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അവരുടെ ബന്ധുക്കളെ കണ്ടെത്താൻ നമ്പരുണ്ടോ എന്നും കേസ് അന്വേഷണം എന്തായി എന്നും ഞാൻ തിരക്കി. പൊലീസിന്റെ എല്ലാ ധാർഷ്ട്യത്തോടും കൂടിയായിരുന്നു മറുപടി. 

"ഇതൊന്നും നിങ്ങളോട് പറയാൻ കഴിയില്ല, എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങൾക്ക് അറിയാം, ഇവിടെ ആരുടെയും നമ്പർ ഇല്ല."

പ്രതീക്ഷ നശിച്ച് സി.ഐ ഓഫീസിന്റെ പടിയിറങ്ങി.അതിനിടെയാണ് ക്യാമറാമാൻ ഷാൻ റോഡിന് എതിർവശത്തെ ചായക്കടയിലെ മധ്യവയസ്കനെ ശ്രദ്ധയിൽപ്പെടുത്തിയത്. അയാൾ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ അജിതിനോട് എന്തൊക്കെയോ ‍പറഞ്ഞിരുന്നു. നേരെ ചായക്കടയിലേക്ക് . താടിതടവി വിഷണ്ണനായി നിന്ന മധ്യവയസ്കന് എന്നെ പരിചയപ്പെടുത്തി. വിവരങ്ങളന്വേഷിച്ചു

"ഒരു ക‍ുഞ്ഞിനെ കൊന്നുകെട്ടിത്തൂക്കിയില്ലേ.. രണ്ടുമാസമായി ഈ പൊലീസിൽ സ്റ്റേഷനിൽ കയറിയിറങ്ങുന്ന....ഒരു കാര്യവുമില്ല "

ഒരു മിന്നൽ ..ആ പത്തുവയസ്സുകാരിയുടെ കാര്യമാണോ ഇപ്പറയുന്നത്?പക്ഷെ എന്റെ ലക്ഷ്യം വ്യക്തമാക്കാതെ ഞാൻ ചോദിച്ചു

"ആ കുടുംബത്തിൽ ആരെയെങ്കിലും പരിചയമുണ്ടോ "

ഉത്തരം വീണ്ടും ഞെട്ടിച്ചു.

"എന്റെ മോളാണ് സാറേ പോയത്. അവളെ കൊന്നതാണ്  "- അയാൾ നിയന്ത്രണം വിട്ടു.

ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു എന്താണ് സംഭവം.

കാര്യങ്ങൾ ഒന്നൊന്നായി ആ പിതാവ് പറഞ്ഞു. ഷാനിനോട് ക്യാമറ എടുക്കാൻ നിർദേശിച്ചു. ഞങ്ങൾ ചായക്കടയുടെ ഉള്ളില്‍ ആരുടെയും ശല്യമില്ലാത്ത സ്ഥലത്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പകർത്തിയശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പി എടുത്തുകൊണ്ടുവരാൻ പറഞ്ഞു. അഞ്ചുമിനിറ്റിനകം തിരിച്ചെത്തി.

സഹായിയായ ഡോക്ടർ

എനിക്ക് വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ല. പൂർണമായും മെഡിക്കൽ പദങ്ങൾ.അടുത്ത് സുഹൃത്തായ ഫോറൻസിക് സർജന്റെ സഹായം തേടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വാട്സ്ആപ്പ് വഴി കൈമാറി. പത്തുമിനിറ്റിനകം തിരികെ വിളിയെത്തി. അപ്പോഴേക്കും സമയം രാവിലെ 10.30 കഴിഞ്ഞിരുന്നു. കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായി. ശരീരത്തിൽ 22 മുറിവുകളുണ്ട്. രഹസ്യഭാഗത്തെ മുറിവുകൾ പീഡനത്തിടയിലാണ്. ഏതൊക്കെ വരികളിലാണ് ഇക്കാര്യങ്ങൾ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി വിശദമായ വാട്സ്ആപ്പ് മെസേജും അയച്ചു.

ഒടുവിൽ ഞാൻ ആ അച്ഛനോട് പറഞ്ഞു. നിങ്ങളെ തന്നെ തിരക്കിയാണ് ഞാൻ ഇറങ്ങിയത്. അദ്ദേഹത്തിനെ ആശ്വസിപ്പിച്ച് ഞാൻ ഓഫീസിലേക്ക് തിരിക്കുമ്പോൾ സമയം 11 മണി.

വാർത്ത ലോകം അറിഞ്ഞപ്പോൾ

മടക്കയാത്രയിൽ തന്നെ കിട്ടിയ വിവരങ്ങൾ അരൂർ ഡെക്സിൽ അറിയിച്ചു. വാർത്തയുടെ ഗൗരവം സഹപ്രവർത്തകർ  ഉൾക്കൊണ്ടു . ഉച്ചയ്ക്ക് പന്ത്രണ്ടിനുതന്നെ ബ്രേക്കിങ് ന്യൂസ്

കുണ്ടറയിൽ പത്തുവയസുകാരി മരിച്ചത് ലൈംഗികപീഡനത്തെ തുടർന്ന് .

പൊലീസ് രണ്ടുമാസം മുക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു.

വാർത്ത കേരളത്തെ ഞെട്ടിച്ചു.ആ അച്ഛന്റെ വാക്കുകൾ കേരളം ശ്രദ്ധയോടെ കേട്ടു. ഒരു മണിക്ക് വിശദമായ ന്യൂസ് സ്റ്റോറിയും നൽകി. ഉച്ചയ്ക്ക് ശേഷം തുടർ വാർത്തകൾക്കായി

കുണ്ടറയിൽ എത്തുമ്പോൾ അവിടം സമരഭൂമിയായിരുന്നു. ആദ്യം അവിടെ തരിമ്പും രാഷ്ട്രീയമുണ്ടായില്ല. പൊലീസിന്റെ ക്രൂരതയ്ക്കെതിരെ ആദ്യമെത്തിയത് സി.പി.എം പ്രവർത്തകർ. പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ വിയർത്തു. രാവിലെ ധിക്കാരത്തോടെ പെരുമാറിയ സി.ഐ അതിനോടകം തന്നെ എന്റെ പേര് പഠിച്ചു. ഇതിന്റെയൊക്കെ വല്ല ആവശ്യമുള്ള കേസാണോ ദീപു ....എന്നായിരുന്നു ചോദ്യം കോൺഗ്രസും ,ബി.ജെ.പിയും സമരമുഖത്ത് എത്തി. കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിൽ ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിച്ചു. തമ്മിലടിയായി. പൊലീസ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടു. പക്ഷെ പ്രവർത്തകർ പോകാതെ അവിടെ തമ്പടിച്ചു

ലൈവ് റിപ്പോർട്ടിങ്ങിനിടെ എസ്. പിയുടെ വിളി

" ദീപു ദയവുചെയ്ത വാർത്ത നിർത്തണം. കുട്ടിയുടെ മുത്തച്ഛനെ കസ്റ്റഡിയിലെടുത്തു."

അതോടെ വാർത്തയുടെ ശക്തികൂടി, ഒപ്പം കനത്ത മഴയും . മുത്തച്ഛനെ കല്ലട സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നറിഞ്ഞതോടെ അവിടേക്ക് തിരിച്ചു. പക്ഷേ വിവരങ്ങളൊന്നും കിട്ടിയില്ലവൈകിട്ട് ഏഴുമണിയോടെ സി.ഐയെ സസ്പെൻഡ് ചെയ്തു.

രണ്ടാം ദിനം-നിർണായക വ്യാഴാഴ്ച 

മുത്തശ്ഛന്റെ ചോദ്യം ചെയ്യലും അമ്മയുടെ മൊഴിയെടുക്കലും തുടരുന്ന കിഴക്കേക്കല്ലട സ്റ്റേഷനിലേക്ക് എത്തുമ്പോൾ ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ് .രണ്ടുമാസം കേസ് മുക്കിയതിന്റെ ക്ഷീണം എല്ലാ പോലീസുകാരുടെയും മുഖത്ത് പ്രകടം ആവേശത്തോടെ ഓടിനടക്കുന്ന കുണ്ടറ എസ്.ഐ രജീഷിനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന ഡിവൈ.എസ്.പിയും എസ്.പിയും പിന്നാലെ വന്നു ഐ.ജി.മനോജ് എബ്രഹാമിന്റെ അറിയിപ്പ് എസ്.ഐയെയും സസ്പെൻഡ് ചെയ്തു.

വാർത്ത നിയമസഭയിലുമെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപക്ഷേപം അവതരിപ്പിച്ചു. മുഖ്യമന്ത്രി പൊലീസിന് പറ്റിയ വീഴ്ച സഭയിൽ തുറന്നു സമ്മതിച്ചു. ലൈംഗിക അതിക്രമം നടന്നെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു. 

പൊലീസ് ചോദ്യം ചെയ്യലും ഒളിച്ചുകളികളും

കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ നിന്ന് മൂന്നാം ദിവസം ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. എവിടെയാണ് ചോദ്യം ചെയ്യലെന്ന് അന്വേഷിച്ചപ്പോൾ ഒന്നും വിട്ടുപറയാതെ എസ് പിയും ഫോൺ എടുക്കാതെ ഡിവൈ.എസ്.പിയും ഒളിച്ചുകളിച്ചു. അന്ന് കുണ്ടറയിൽ ഹർത്താൽ. മറ്റാരോട് പറഞ്ഞാലും പ്രതികൾ എവിടെയെന്ന് എന്നോട് പറയരുതെന്ന് പൊലീസ് തീരുമാനിച്ചു. മാധ്യമസൃഹൃത്തുക്കൾ അവർക്ക് ലഭിച്ച വിവരം എനിക്ക് കൈമാറി പ്രതികളെന്ന് സംശയിക്കുന്നവർ കൊട്ടാരക്കരയിലെ താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിൽ. അവിടേക്ക് പാഞ്ഞു. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ അപ്പപ്പോൾ വാട്സആപ്പ് മെസേജ് ആയി എന്റെ ഫോണിലേക്ക് എത്തിക്കൊണ്ടിരുന്നു. അമ്മയും അപ്പൂപ്പനും സഹകരിക്കുന്നില്ല. മൂത്ത സഹോദരി കൗൺസിലിങ്ങിലും ഒന്നും പറയുന്നില്ല. ആ ദിനമത്രയും അവിടെ നിന്ന് വാർത്തകൾ നൽകി തിരികെ കൊല്ലത്ത് എത്തുമ്പോൾ രാത്രി 10 കഴിഞ്ഞു. പൊലീസിന്റെ ഒളിച്ചുകളിക്കിടയിൽ നിന്ന് നല്ലവരായ പൊലീസ് സുഹൃത്തുക്കൾ കാര്യങ്ങൾ അപ്പപ്പോൾ ധരിപ്പിച്ചു. ഏറെ പാടുപെട്ടെങ്കിലും മുത്തച്ഛൻ കുറ്റം സമ്മതിച്ചില്ല.  സമ്മതിച്ചാലും കേസ് തെളിയിക്കാൻ ബുദ്ധമുട്ടാണെന്ന് പൊലീസ് നിഗമനത്തിലെത്തി. വീട്ടിനുള്ളിൽ നടന്ന കുറ്റകൃത്യത്തിന് വേറെ സാക്ഷികളില്ല. സാക്ഷികളില്ലെങ്കിൽ പ്രതി വിക്ടർ ഊരിപ്പോകും. വലിയ പ്രതിസന്ധിയിലായി പൊലീസ്.

അതിനിടെ   അച്ഛനെ പ്രതിയാക്കനും പൊലീസ് നീക്കമുണ്ടായി. അച്ഛനെ പ്രതിയാക്കിയാൽ മുത്തച്ഛന്റെയും ഭാര്യയുടെയും മൊഴി എടുത്ത് കേസ് അവസാനിപ്പിക്കാമെന്നും പൊലീസിന് മുഖം രക്ഷിക്കാമെന്നും എസ് പി , ഡിവൈ.എസ് .പി എന്നിവരുടെ യോഗത്തിൽ തീരുമാനമായി .രാവിലെ പത്തരയോടെ വാർത്ത നൽകി .

അച്ഛനെ പ്രതിയാക്കി രക്ഷപെടാൻ പൊലീസ്

വാർത്തഫലം കണ്ടു. പദ്ധതി പാളിയെന്ന് മനസിലായ പൊലീസ് നാലുദിവസം കസ്റ്റഡിയിൽവെച്ചിരുന്ന കുട്ടിയുടെ അച്ഛനെ 11മണിയോടെ മോചിപ്പിച്ചു. പൊലീസ് എന്നെ ഏറ്റവും കൂടുതൽ വിളിച്ചത് വാർത്ത തെറ്റാണെന്ന് എന്ന് പറയാനായിരുന്നില്ല. വാർത്ത പിൻവലിക്കണം എന്ന് അഭ്യർഥിക്കാനായിരുന്നു. അഭ്യർഥന നടക്കുന്നില്ല എന്നു കണ്ടപ്പോൾ ഭീഷണിസ്വരവും ഒരുവേളയിൽ ഉയർന്നു. അപ്പോഴും സ്ഥാപാനത്തിന്റെ പൂർണപിൻതുണയിൽ വാർത്ത കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. പൂഴ്ത്തിയ പ്രധാനരേഖകളെല്ലാം പുറത്തുവന്നപ്പോൾ പൊലീസ് നന്നേ വിയർത്തു. 

വിക്ടർ എന്ന ക്രിമിനൽ

ഒരു കുറ്റവാളിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചെടുക്കാൻ അടുത്തകാലത്തൊന്നും പൊലീസ് ഇത്രയും പ്രയാസപ്പെട്ടിട്ടുണ്ടാകില്ല. അത്രയും കൊടും ക്രിമിനലാണ് വിക്ടർ. കൊച്ചുമകൾ മരിച്ചതിൽ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് വിഷമമുണ്ടെങ്കിൽ‌ കണ്ടുപിടിച്ചോളാനായിരുന്നു മറുപടി. തന്നെ തല്ലിയാൽ ചത്തുപോകുമെന്നും നീയൊക്കെ അകത്തുപോകുമെന്നും വിക്ടർ പൊലീസിനെ വെല്ലുവിളിച്ചു. അമ്മയും മൂത്തമകളും മനശാസ്ത്രഞ്ജർക്ക് പോലും വെല്ലുവിളിയായി. വിക്ടറിലുള്ള ഭയമായിരുന്നു അവരെ സത്യങ്ങൾ പറയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്. എന്ത് പറഞ്ഞാലും മുത്തച്ഛൻ കൊല്ലുമെന്ന് കൊച്ചുമകൾ ഭയപ്പെട്ടു. വികടറിന്റെ ഭാര്യയെ അന്വേഷിച്ച് ആശുപത്രിയിലെത്തിയ പൊലീസ് തിരിച്ചറിഞ്ഞു. അവർ അവിടെ നിന്ന് മുങ്ങിയെന്ന്. വിക്ടറിന്റെ ഭാര്യയ്ക്ക് എല്ലാം അറിയാമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. രാപ്പകൽ ഉറക്കമില്ലാതെ പൊലീസ് തളർന്നെങ്കിലും അറുപത്ത‍ഞ്ച് കഴിഞ്ഞ വിക്ടർ തളർന്നില്ല. പരിഹാസച്ചിരിയോടെയാണ് പലപ്പോഴും നേരിട്ടത് .പൊലീസ് മർദിക്കില്ല എന്ന വിശ്വാസമായിരുന്നു.അല്ലെങ്കിലും മർ‌ദനത്തിലൂടെ കിട്ടുന്ന തെളിവ് പോരായിരുന്നു പൊലീസിന് രണ്ടുമാസത്തേ വീഴ്ച മറികടന്ന് കുറ്റം തെളിയിക്കാൻ. വക്കീൽ ഒഫിസിൽ സഹായിയായിരുന്നു വിക്ടർ ഇപ്പോൾ ലോഡ്‍ജ് മാനേജരാണ്.

അറസ്റ്റിലേക്ക് നയിച്ചത്

മരിച്ച പത്തുവയസുകാരി മുത്തച്ഛനിൽ നിന്ന് നേരിട്ട ക്രൂരപീഡനത്തെപ്പറ്റി തുറന്നുപറയാൻ കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും തയാറാകാതിരുന്നതാണ് അന്വേഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചത്. ഒടുവിൽ പീഡനം നേരിട്ട് കണ്ടതിന്റെ വിവരങ്ങൾ വിശദീകരിച്ച് വിക്ടറിന്റെ ക്രൂരതയുടെ മുഖം സ്വന്തം ഭാര്യ തന്നെ പൊലീസിനോട് വ്യക്തമാക്കി . ഇതൊക്കെ പുറത്തു പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി .വിക്ടർ തിരികെ വീട്ടിലെത്തിയാലുണ്ടാകുന്ന ദുർഗതിയായിരുന്നു ഇവരുടെ മനസ് നിറയെ. മുത്തച്ഛൻ ജയിലിലായെന്നും 25 വർഷത്തേക്ക് പുറത്തിറങ്ങാനാവില്ലെന്നും മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മൂത്ത സഹോദരിയെ ബോധ്യപ്പെടുത്തി. 91-ാം വയസിൽ മുത്തച്ഛൻ വീട്ടിൽ എത്തിയാലും കൊല്ലുമെന്ന് പറഞ്ഞു . അപ്പോഴേക്കും മോൾ വിവാഹമൊക്കെ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലായിരിക്കില്ലേ എന്നുള്ള മറുപടിയാണ് കുട്ടിയെ അന്വേഷണത്തോട് സഹകരിപ്പിച്ചത്. കുഞ്ഞിനോട് ക്രൂരതകാട്ടിയ വിക്ടറിനെ ചിലപ്പോൾ തൂക്കിക്കൊന്നേക്കുമെന്നും അന്വേഷണസംഘം ഉറപ്പിച്ചുപറഞ്ഞതോടെ പ്രതിയുടെ ഭാര്യ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തി . ഭാര്യയും മകളും ചെറുമകളും എതിരായി മൊഴിനൽകിയെന്ന് അറിഞ്ഞതോടെ വിക്ടർ തളർന്ന് തറയിലിരുന്നു. ബന്ധുക്കൾ ഒറ്റുകൊടുക്കില്ലെന്ന എന്ന വിശ്വാസത്തിൽ അതുവരെ ധാർഷ്ട്യത്തോടെ പെരുമാറിയ വിക്ടർ പിന്നീട് എല്ലാം സമ്മതിച്ചു.

വാർത്ത വാർത്തയായത്

ഡസ്ക്കാണ് ഒരു ചാനലിന്റെ പ്രധാനശക്തിയെന്ന് തെളിയിച്ചതായിരുന്നു കുണ്ടറ പീഡന വാർത്ത. തുടർച്ചായി ഫീൽഡിൽ നിന്ന് ജോലി ചെയ്തപ്പോഴും എല്ലാ വാർത്തകളും ആദ്യം നൽകാനായത് ഡസ്ക്കിന്റെ സഹകരണത്തിലൂടെയാണ്. വാർത്താവതാരകർ വിഷയത്തിന്റെ വികാരവും ഗൗരവും ഉൾക്കൊണ്ട് ചോദ്യങ്ങളുന്നയിച്ചപ്പോൾ ലൈവ് റിപ്പോർട്ടിങ് ഊർജ്വസ്വലമായി. അങ്ങനെ നിരവധിപേരുടെ ഒത്തൊരുമയാണ്  സത്യം വെളിച്ചത്ത് കൊണ്ടുവന്നത്. .....ഒരുപക്ഷെ ഒരിക്കലും പുറത്തുവരില്ലായിരുന്ന സത്യം.