Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്ടറാണ് ശരി; ഊളംപാറയ്ക്ക് അയക്കേണ്ടത് മണിയെ: ഗോമതി

Gomathi ഗോമതി അഗസ്റ്റിന്‍ സമരത്തിനിടയില്‍

പെണ്ണ് ഒരുമ്പെട്ടാൽ വൻവിപ്ലവങ്ങൾ സൃഷ്ടിക്കാം എന്നുള്ളതിന്റെ തെളിവായിരുന്നു മൂന്നാറിലെ പെമ്പിളൈ ഒരുമൈ. അതിജീവനത്തിനും അവകാശങ്ങൾക്കും വേണ്ടിയായിരുന്നു അവർ ഒരുമിച്ചതും പോരാടിയതും വിജയംനേടിയതും. അത് എല്ലാവർക്കും അറിയാവുന്ന വസ്തുത. വീണ്ടും പെമ്പിളൈ ഒരുമൈ ഒരു സമരമുഖത്താണ്. ഇത് പക്ഷെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള സമരത്തിനുവേണ്ടിയാണെന്നു മാത്രം. മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പെമ്പിളൈ ഒരുമൈ ഒരുമിച്ചപ്പോൾ സമരനേതാവ് ഗോമതിക്കും പറയാനുണ്ട് ചിലത്. മന്ത്രി മണിയുടെ വേശ്യ എന്ന പ്രസ്താവനയ്ക്കെതിരെയുള്ള രോഷാഗ്നിയായി ആളിപടർന്നു ഗോമതി അഗസ്റ്റിന്റെ വാക്കുകൾ. 

മണി മാപ്പു പറഞ്ഞാൽ സമരം തീരുമോ?

മാപ്പു പറഞ്ഞാൽപ്പോര മന്ത്രി മണി രാജിവയ്ക്കണം. നടുറോഡിൽ എന്റെ കാലിൽ വീണ് മാപ്പ് പറയണം അതുവരെ സമരം ചെയ്യും. അത് എത്രനാൾ നീളും എന്നൊന്നും അറിയില്ല. എങ്കിലും ചെയ്യും. ഒരു മന്ത്രിയും പറയാൻ പാടില്ലാത്താണ് മന്ത്രി പറഞ്ഞത്. ഇത് മൂന്നാറിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള സമരമല്ല, ഉലകത്തിലുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. ഇത്രത്തോളം ആഭാസം പറയുന്ന ഒരാൾ മന്ത്രി പദത്തിലിരിക്കാൻ യോഗ്യനല്ല. അയാൾക്കും അമ്മയും ഭാര്യയും പെൺകുട്ടികളുമുള്ളതല്ലേ, അവരെ ഇങ്ങനെ വേശ്യ എന്ന് വിളിച്ചാൽ സഹിക്കുമോ? അതിജീവനത്തിന് വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്തത്. ഇവിടുത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? അധികാരത്തിലുള്ളവർ ചൂഷണങ്ങളിലൂടെ കാശുകാരാകുമ്പോൾ ഇവിടെയുള്ള തോട്ടം തൊഴിലാളികൾ പട്ടിണിയിലാണ്. അങ്ങനെയുള്ളവരെക്കുറിച്ചാണ് മണി ആഭാസം പറഞ്ഞത്. തൊഴിലാളികളാണെങ്കിലും ഞങ്ങൾ ആത്മാഭിമാനമുള്ളവരാണ്. മരണം വരെ നടുറോഡിൽ തന്നെയിരുന്ന് സമരം ചെയ്യും. മണിയെ വിടമാട്ടെ.

തോട്ടം തൊഴിലാളികളുടെ യാതൊരുവിധ പ്രശ്നങ്ങളും അറിയാത്ത ആളാണോ മന്ത്രി?

ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളുടെ മന്ത്രിക്ക് അറിയില്ല എന്നു പറയുന്നതിൽ വിഷമമുണ്ട്. മൂന്നാറിന്റെ മണിമുത്തെന്ന് നാടുനീളെ പറഞ്ഞു നടക്കുന്നു. ഞങ്ങളും കൂടി വോട്ട് നൽകിയിട്ടാണ് ഈ മണിമുത്ത് മന്ത്രിസഭയിലെത്തിയത്. മണിയും തോട്ടം തൊഴിലാളിയായിരുന്നതുകൊണ്ടാണ് വോട്ട് നൽകിയത്. പക്ഷെ മന്ത്രിയായ ശേഷം കവലയിൽ വന്ന് പ്രസംഗിച്ച് കൈയ്യടി വാങ്ങി പോകുന്നതല്ലാതെ തോട്ടം മേഖലയിൽ തിരിഞ്ഞു നോക്കാറുപോലുമില്ല. തോട്ടം തൊഴിലാളികളോട് വന്ന് സംസാരിക്കാറുമില്ല. മണിക്കിപ്പോൾ കാശായി പദവിയായി, അതോടെ ഞങ്ങളുടെ പ്രശ്നങ്ങൾ ഗൗനിക്കാതെയായി. മൂന്നാറിനെ നശിപ്പിക്കാൻ വേണ്ടിയാണ് മന്ത്രി മണി നടക്കുന്നത്. കലക്ടറെയല്ല മണിയെയാണ് ഊളംപാറയ്ക്ക് അയക്കേണ്ടത്. 

കലക്ടറുടെ നടപടികൾ നല്ലതാണോ?

കലക്ടറാണ് ശരി, അദ്ദേഹത്തിന്റെ നടപടികൾ നല്ലതാണ്. പക്ഷെ പാവപ്പെട്ട തോട്ടംതൊഴിലാളികൾ കൈയേറിയിട്ടില്ല. ട്രേഡ്‌യൂണിയനാണ് കൈയേറി ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. തോട്ടം തൊഴിലാളികളാണ് കൈയേറിയിരുന്നതെങ്കിൽ ദൗത്യസംഘം അവരെ വിടില്ല. ഞങ്ങൾ സിപിഎം പാർട്ടിക്ക് എതിരാണ്. പാവങ്ങളുടെ പാർട്ടിയല്ല സിപിഎം ഇപ്പോൾ. ഇവിടുത്തെ പാവപ്പെട്ടവർക്ക് വേണ്ടി ഒരു യോഗം പോലും ഇവർ കൂടിയിട്ടില്ല. കൂടിയ യോഗത്തിൽ തെയിലക്കമ്പനികളുടെ ഉടമകളാണ് ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ഞാൻ എഴുതിയിരുന്നു. അവരെ വിളിച്ചിരുത്തിയ ഒരു യോഗത്തിൽ എങ്ങനെയാണ് തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത്. ആർക്കു വേണ്ടിയാണ് അവരുടെ സമരം? ആരെ പറ്റിക്കാനാണ് അവരുടെ സമരം? ഈ വൈരാഗ്യം സിപിഎമ്മിന് ഞങ്ങളോട് ഉണ്ടായിരുന്നു. അതിന്റെ പ്രതിഫലനമാണ് മണിയുടെ ആഭാസം നിറഞ്ഞ വർത്തമാനങ്ങൾ. പെമ്പിളൈ ഒരുമൈ വീണ്ടും ശക്തമായാൽ സിപിഎമ്മിനത് ബലക്ഷയമാകും. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആരോപിക്കുന്നത്.