നമ്മുടെ ഹൃദയം തകര്‍ത്ത ആ ബാലൻ എവിടെ?

അവന്റെ മുഖത്ത് ഇപ്പോള്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ശുഭകിരണങ്ങളാണ് നിഴലിക്കുന്നത്. 

ചോരയില്‍ കുളിച്ച ആ സിറിയന്‍ ബാലന്റെ ഫോട്ടോ നമ്മളില്‍ പലരും മറന്നുകാണില്ല. ഇന്റര്‍നെറ്റില്‍ വൈറലായി അത്. പലരുടേയും ഹൃദയം തകര്‍ത്തു. സിറിയന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നു അവന്‍, ഒമ്‌റാന്‍ ദക്‌നീഷ്. 

ഒരു ആംബുലന്‍സിന് പുറകില്‍ ചോരയിലും പൊടിയിലും കുളിച്ച് ഇരിക്കുന്ന ദക്‌നീഷിന്റെ ഫോട്ടോ വൈറലായിട്ട് ഒരു വര്‍ഷം ആകുന്നേയുള്ളൂ. സിറിയയിലെ ആലെപ്പോയിലെ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അത്. 

സിറിയയിലെ കലാപത്തിന്റെ രൂക്ഷതയെക്കുറിച്ച് ലോകം മുഴുവന്‍ ബോധമുളവാക്കുന്നതില്‍ ആ ഫോട്ടോ വലിയ പങ്കുവഹിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അറിയാതെ പെട്ട്, ജീവിതം ദുരിതസഹമാകുന്ന സാധാരണക്കാരുടെ അവസ്ഥയായിരുന്നു അത് വരച്ച് കാട്ടിയത്. 

ഒമ്‌റാന്‍ ദക്‌നീഷിനും അവന്റെ കുടുംബത്തിനും വീടു നഷ്ടമായി സിറിയയിലെ സംഘര്‍ഷത്തില്‍. 10 വയസ്സ് മാത്രം പ്രായമുള്ള അവന്റെ സഹോദരന്റെ ജീവനെടുത്തു സിറിയന്‍ കലാപം.

എന്നാല്‍ ഇപ്പോള്‍ ദക്‌നീഷിന്റെ കുടുംബം പഴയ കയ്‌പ്പേറിയ അനുഭവങ്ങള്‍ മറക്കാനുള്ള ശ്രമത്തിലാണ്. ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വിഡിയോയില്‍ സന്തോഷപൂര്‍വം ദക്‌നീഷ് കളിക്കുന്ന ദൃശ്യങ്ങളാണുള്ളത്. അവന്റെ അച്ഛന്റെ മടിയില്‍ സമാധാനത്തോടെ ഇരിക്കുന്നതും കാണാം. 

ആംബുലന്‍സിന് പുറകില്‍ ചോരയിലും പൊടിയിലും കുളിച്ച് ഇരിക്കുന്ന ദക്‌നീഷ്

ദക്‌നീഷ് സാധാരണ നിലയിലേക്ക് ജീവിതം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായി കാണാം. അവന്റെ മുഖത്ത് ഇപ്പോള്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ശുഭകിരണങ്ങളാണ് നിഴലിക്കുന്നത്. 

സിറിയയിലെ കുട്ടികളുടെ ജീവിതം എത്രമാത്രം ദുരിതപൂര്‍ണവും സംഘര്‍ഷഭരിതവും ആണെന്നും അവര്‍ എന്തെല്ലാം മിസ് ചെയ്യുന്നുണ്ടെന്നും ഓര്‍മപ്പെടുത്തുന്നു ആ പഴയ ഫോട്ടോയും ഈ പുതിയ വിഡിയോയും. 

Read More..  More viral stories,  Hot and viral