Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ തളരില്ല, കാരണം അദ്ദേഹം മരിച്ചത് രാജ്യത്തിനു വേണ്ടിയാണ്, കണ്ണ് നനയിച്ച് സൈനികന്റെ ഭാര്യയും മകളും !

asha

ഒരു സൈനികന്റെ ഭാര്യയാകുകയെന്നാൽ സൈന്യത്തിൽ ചേരുന്നത് പോലെ തന്നെ ശ്രമകരമായ ഒന്നാണ്. അങ്ങനെയുള്ളപ്പോൾ, വളരെ ചെറിയ പ്രായത്തിൽ തന്നെ സൈനികനായ ഭർത്താവിനെ നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥയോ? അത് ഓർക്കാൻ കഴിയുന്നതിനപ്പുറമാണ് തീർച്ച. ഇന്ത്യൻ ആർമിയുടെ അഭിമാനമായി 2007 ൽ ഡൽഹിയിൽ വച്ച് വീരമൃത്യു വരിച്ച നായിക് തിമ്മയ്യ എന്ന സൈനികനെ ഒരുപക്ഷെ രാജ്യം മറന്നുകാണും. എന്നാൽ, അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ, ജീവിതം കരുപ്പിടിപ്പിക്കുകയാണ് ഭാര്യ ആശയും മകൾ ദിയയും .

ആശയുടെയും തിമ്മയുടെയും പ്രണയകഥ ആരംഭിക്കുന്നത് 2005 ലാണ്. അന്ന്, ആശയ്ക്ക് പ്രായം 21  വയസ്സ് മാത്രം. വിവാഹാലോചന വന്നപ്പോൾ, വരൻ ആർമിയിൽ ആണ് എന്ന് കേട്ടപ്പോൾ ഉടൻ തന്നെ ആശയുടെ മാതാപിതാക്കൾ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, തുടർന്ന് പേടിക്കണം എന്നും തന്റേതായ ഒരു കരിയർ ഉണ്ടാക്കിയെടുക്കണം എന്നും ആശാ ആഗ്രഹിച്ചിരുന്നു. അത് അവർ ഭാവി വരനോട് തുറന്നു പറഞ്ഞു. തിമ്മയ്യക്ക് ആശാ തുടർന്ന് പഠിക്കുന്നതിൽ പൂർണ്ണ സമ്മതമായിരുന്നു. 

അങ്ങനെ വിവാഹം നടന്നു. 2006ൽ  ആശാ ഗർഭിണിയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായി. ജീവിതം ഏറെ സുഖകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. കത്തുകളിലൂടെ ഇരുവരും തങ്ങളുടെ വിശേഷം പരസ്പരം പങ്കുവച്ചു. കുഞ്ഞിന്റെ വളർച്ച, അവളുടെ പേരിടൽ അങ്ങനെ പല സ്വപ്നങ്ങളും പങ്കുവച്ചു. വളരെ ലളിതമായ ഒരു ചടങ്ങിൽ കുഞ്ഞിന് ദീയ എന്ന് പേരിട്ടു. അങ്ങനെയിരിക്കെ, മറ്റുള്ള ജവാന്മാരുടെ 15  വർഷത്തെ സർവീസിന് ഒടുവിൽ ആർമിയിൽ നിന്നും വിരമിക്കാൻ ആശാ തിമ്മയ്യയോട് ആവശ്യപ്പെട്ടു. എന്നാൽ തിമ്മയ്യക്ക് ജോലിയിൽ തുടരാൻ തന്നെയായിരുന്നു താല്പര്യം. 

മറ്റു സൈനികരുടെ ഭാര്യമാരെ പോലെ ഭർത്താവിനൊപ്പം താമസിക്കാനുള്ള അവസരം തെരഞ്ഞെടുക്കാൻ ആശാ തീരുമാനിച്ചു. അതിനായി തിമ്മയ്യക്ക് അടുത്ത പോസ്റ്റിങ് എവിടെ കിട്ടുമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. എന്നാൽ, അവിടെയും വിധി ആശയെ ഒറ്റപ്പെടുത്തി. 2007 ജൂലൈ13  മുതൽ തിമ്മയ്യയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിളിച്ചാൽ ഫോണിൽ കിട്ടാത്ത അവസ്ഥ. ഏറെ കാത്തിരുന്നു. ജൂലൈ 26നു അദ്ദേഹം വെടിയേറ്റ് മരിച്ചു എന്ന വാർത്തയാണ് ആശാ കേട്ടത്. 

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, തിമ്മയുടേതായി, അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ആശാ അയച്ച കത്തുകളും മറ്റും അടങ്ങുന്ന ഒരു പെട്ടി കുടുംബത്തിന് കിട്ടി, ആശയേയും മകളെയും സംബന്ധിച്ചിടത്തോളം ജീവിതം അവസാനിച്ചു എന്ന് തോന്നിയ നിമിഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ വച്ച് എന്ത് ചെയ്യാനാകും? വീട്ടുകാരുടെ സമ്മർദ്ധത്തിന് വഴങ്ങി ആശാ വേറെ വിവാഹം കഴിക്കും എന്ന് തന്നെ പലരും കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. 

ആശ, തന്റെ ഭർത്താവിന്റെ ആഗ്രഹ പ്രകാരം എംബിഎ പഠനം പൂർത്തിയാക്കി, സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലി നേടി. ഇപ്പോൾ ഏറെ പ്രതീക്ഷയോടെ തങ്ങളുടെ ഏക മകളായ ദീയയെ പഠിപ്പിക്കുന്നു. അവളുടെ പപ്പാ ആഗ്രഹിച്ച പോലെ, ഒരു ഡോക്ടറാക്കി സൈനിക സേവനത്തിനായി അയക്കണം എന്നാണ് ആശയുടെ ആഗ്രഹം. ആശയുടെ ഇനിയുള്ള ജീവിതം, അത്തരം നേട്ടങ്ങൾ സ്വന്തമാക്കുന്നതിനായിട്ടാണ്. ''ഞാൻ തളരില്ല, കാരണം അദ്ദേഹം മരിച്ചത് രാജ്യത്തിനു വേണ്ടിയാണ്, അദ്ദേഹത്തിന്റെ ഓർമകളിൽ ഞങ്ങൾ ജീവിക്കും'' ആശാ ഇത് പറയുമ്പോൾ, ഒരു രാജ്യം മുഴുവൻ ആ സൈനികനെ ഓർത്ത്, ആ രാജ്യസ്നേഹിയെ ഓർത്ത് അഭിമാനിക്കുകയാണ്.

Read more: Lifestyle Malayalam Magazine