Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടകഭ്രൂണത്തിനൊപ്പം സ്വന്തം ഭ്രൂണം വളർന്ന കഥ; ഇരട്ടകളിലൊന്ന് സ്വന്തം മകൻ!

jassica-familiy

വീടു വാങ്ങാനുള്ള പണത്തിനായി ജെസീക്ക അലൻ (31) ഗർഭപാത്രം വാടകയ്ക്കു നൽകിയപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. 35,000 ഡോളർ (ഏതാണ്ട് 23 ലക്ഷം രൂപ) പ്രതിഫലം വാങ്ങി സ്വീകരിച്ച ഗർഭം ആറാഴ്ചയ്ക്കു ശേഷം പരിശോധിച്ചപ്പോൾ ഉള്ളിൽ ഇരട്ടഭ്രൂണം.  ശസ്ത്രക്രിയയിലൂടെ പിറന്നതു രണ്ട് ആൺകുഞ്ഞുങ്ങൾ.

പണം നൽകിയവർ, കുഞ്ഞുങ്ങളെ ഒന്നു കാണിച്ചതു പോലുമില്ലെന്നു ജസീക്ക പറയുന്നു.ഒരു മാസത്തിനു ശേഷം അവരുടെ ചിത്രമാണു നൽകിയത്. രൂപസാദൃശ്യമുള്ള ഇരട്ടകളെയാണു പ്രതീക്ഷിച്ചതെങ്കിലും അങ്ങനെയല്ലായിരുന്നു. ഇതോടെ തർക്കമായി. ഒടുവിൽ ജനിതക പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായി. ഇരട്ടകളിൽ ഒരാൾ ജെസീക്കയ്ക്കു ഭർത്താവ് വാർഡൽ ജസ്പറിൽ ജനിച്ച കുഞ്ഞ്.

കലിഫോർണിയയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതു നിയമപരമാണ്. കേസിൽ വൈദ്യശാസ്ത്രം ഇടപെട്ടു പറഞ്ഞു: ഇത് അപൂർവത! ദശലക്ഷക്കണക്കിനു ഗർഭങ്ങളിൽ ഒന്ന് എന്ന കണക്കിൽ മാത്രം സംഭവിക്കുന്നത്. ഇത്തരം 11 ഗർഭങ്ങളെ നാളിതുവരെ റിപ്പോർട്ടു ചെയ്തിട്ടുള്ളൂ. ഗർഭിണിയായ ശേഷവും അണ്ഡോൽപാദനം നടക്കുന്നതാണു കാരണം.

നഷ്ടപരിഹാരം വേണമെന്നു പണം നൽകിയ ദമ്പതികൾ വാദിച്ചെങ്കിലും ലഭിച്ചില്ല. പത്തു മാസത്തിനു ശേഷം ജെസീക്കയ്ക്കു മകനെ തിരിച്ചുകിട്ടി. മാലാഷി എന്ന് അവനു പുതിയ പേരുമിട്ടു. നിയമവഴിയിലൂടെ രണ്ടായെങ്കിലും എന്നെങ്കിലും ഹൃദയവഴിയിൽ ‘ഇരട്ട’കൾ ഒന്നിക്കുമെന്നു പ്രത്യാശിക്കാം; അമ്മയും അച്ഛനും വേറെയെങ്കിലും കൂടപ്പിറപ്പുകളല്ലേ! 

Read more on Viral News Malayalam