Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാം, നിങ്ങള്‍ക്ക് മരണമില്ല..! ഹൃദയം കരഞ്ഞ യാത്രാമൊഴി, ഒരനുഭവം

Sam Abraham കരയരുത് സഹോദരി, നിങ്ങളുടെ ഉദരത്തില്‍ വളരുന്ന എട്ടുമാസം വളര്‍ച്ചയുള്ളൊരു കു‍ഞ്ഞ് കരയാത്ത, പതറാത്ത, തളരാത്തൊരു ധീരന്റെ ചോരയാണ്...

കശ്മീരിൽ കൊല്ലപ്പെട്ട ലാൻസ് നായിക് സാം എബ്രഹാമിന്റെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായ വികാര നിർഭര അനുഭവം മനോരമ ന്യൂസ് റിപ്പോർട്ടർ കെ.സി ബിപിൻ എഴുതുന്നു.

പല പ്രമുഖവ്യക്തികളുടെയും മരണവും മരണാനന്തര ചടങ്ങുകളും റിപ്പോർട്ട് ചെയ്യാന്‍പോയിട്ടുണ്ടെങ്കിലും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ധീരജവാന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന ചടങ്ങ് ആദ്യമായാണ് കണ്ടത്. തിരുവല്ല ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്ക് പെട്ടെന്നൊരു അവധി‌ എടുക്കേണ്ടി വന്നതിനാല്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ സംസ്കാരചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. പെട്ടെന്നുവന്ന അസൈന്റ്മെന്റ് ആയതിനാല്‍ ഒരു ചായപോലും കുടിക്കാതെയാണ് രാവിലെ മാവേലിക്കരയ്ക്ക് പുറപ്പെട്ടത്. മാവേലിക്കരയില്‍ ചെന്നപ്പോള്‍ ഹര്‍ത്താലാണ്. അത് ഓര്‍ത്തതുമില്ല. വിശപ്പും ദാഹവുമെല്ലാം മറന്നുപോകുന്ന നിമിഷങ്ങളായിരുന്നു പിന്നെ. 

മാവേലിക്കരയില്‍ നിന്ന് അല്‍പംകൂടി പോകണം പുന്നമൂടിലേക്ക്. സാമിന്റെ വീട്ടിലേക്കുള്ള ഇടറോഡ് തുടങ്ങുന്നിടത്ത് പൊലീസുണ്ട്. ചെറിയ വഴിയാണ്, വാഹനങ്ങള്‍ പ്രവേശിച്ചാല്‍ യാത്ര തടസമാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കാര്‍ നിര്‍ത്തി, നടന്നുതുടങ്ങി. ഞങ്ങള്‍ക്ക് മുന്നിലും പിന്നിലുമെല്ലാമായി കുറേപ്പേര്‍ ആ ജവാന്റെ വീട്ടിലേക്ക് നടന്നുനീങ്ങുകയാണ്. ഒരുപക്ഷേ അവര്‍ക്കെല്ലാം സാം എന്ന ചെറുപ്പക്കാരനെ നന്നായി അറിയാമായിരിക്കും. എനിക്കുപക്ഷേ രണ്ടുദിവസം മുന്‍പുള്ള പരിചയം മാത്രമേയുള്ളു. ഡല്‍ഹിയില്‍നിന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജോമി അലക്സാണ്ടറാണ് ഈ മരണവാര്‍ത്ത വിളിച്ചുപറഞ്ഞത്. സൈന്യം നല്‍കിയ സാമിന്റെ മരണവാര്‍ത്തയില്‍ ആലപ്പുഴ ജില്ലക്കാരനാണ് എന്നുണ്ട്. ആലപ്പുഴയില്‍ എവിടെയാണെന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു ജോമിയുടെ ചോദ്യം. മാവേലിക്കരയെന്ന് കണ്ടെത്തി, തിരികെ വിവരം നല്‍കി. അപ്പോഴും ഈ വാര്‍ത്ത എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല എന്നായിരുന്നു എന്റെ ബോധ്യം. ആലപ്പുഴ ജില്ലയിലാണെങ്കിലും മാവേലിക്കര പുതുതായി തുടങ്ങിയ തിരുവല്ല ബ്യൂറോയുടെ ഭാഗമാണ്. 

sam-soldier-1 ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മൂവര്‍ണക്കൊടി മൂടിയ ഒരു ഭൗതികദേഹം കടന്നുപോയി...

ഇടറോഡിലൂടെ യാത്ര തുടരുകയാണ്. ഒരു ട്രെയിന്‍ മരണത്തിന്റെ ചൂളംവിളിച്ച് ചീറിപാ‍ഞ്ഞുപോകുന്നു. അതാ ആ റയില്‍പാളത്തിനടുത്താണ് സാമിന്റെ വീട്. അവിടെ ഇരുമ്പുകമ്പികളും കയറുംകെട്ടി പൊതുദര്‍ശനത്തിന് എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വീട്ടിലും റോഡിലും തൊട്ടടുത്ത വീടിന്റെ വരാന്തയിലുമെല്ലാം സ്ത്രീകളുള്‍പ്പടെ കാത്തുനില്‍ക്കുകയാണ്. വീട്ടുവരാന്തയില്‍ സാമിന്റെ പിതാവുണ്ട്, തോപ്പില്‍ എബ്രഹാം. ചെറുപ്രായത്തില്‍ രാജ്യരക്ഷയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട മകനെകുറിച്ച് ഓര്‍ക്കുമ്പോള്‍ തോപ്പില്‍ എബ്രഹാമിന് അഭിമാനമേയുള്ളു. അവനിപ്പോള്‍ വയസ് മുപ്പത്തിയഞ്ച്. വരുന്ന നവംബറില്‍ സൈനികസേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കിയാണ് ശത്രുപക്ഷത്തിന്റെ ആയുധം സാമിന്റെ ജീവനെടുത്തത്. സങ്കടങ്ങള്‍ സങ്കടങ്ങളായി അവശേഷിക്കുമ്പോഴും മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാനുളള നിമിഷങ്ങള്‍ ആ പിതാവിന്റെ മനസിലൂടെ കടന്നുപോയിരിക്കണം. 

തിരുവനന്തപുരത്തുനിന്ന് മൃതദേഹം മാവേലിക്കരിയിലെത്തിച്ചപ്പോള്‍ തന്നെ കാണാമായിരുന്നു സാമിനോടുള്ള നാടിന്റെ സ്നേഹം. മാതൃവിദ്യാലയമായ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു ആദ്യപൊതുദര്‍ശനം. അവിടെ ആയിരങ്ങളെത്തി. വീട്ടിലേക്ക് വിലാപയാത്രയായാണ് പുറപ്പെട്ടത്. സൈന്യത്തിന്റെ പ്രത്യേക വാഹനം ഇടറോഡിലൂടെ വന്ന് ഗേറ്റിന് മുന്നില്‍നിന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. സൈനികര്‍ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ആരോ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു.. 'ഭാരത് മാതാ കീ ജയ്...' പിന്നെ മുഴങ്ങിയത് ഒറ്റ സ്വരത്തിലാണ്. മനസും ശരീരവും എന്തിനോ പാകപ്പെടുന്നപോലെ തോന്നിയ വൈകാരിക നിമിഷങ്ങള്‍. ആ ധ്വനികള്‍ ഉയര്‍ത്തിയ അതിവൈകാരികതയില്‍നിന്ന് അവിടെ കൂടിയവര്‍ മോചിതരാകാന്‍ സമയമെടുത്തു. ഒന്നിനുപുറകെ ഒന്നായി ആളുകള്‍ സാമിന് ഉപചാരം അര്‍പ്പിക്കാന്‍ നടന്നുനീങ്ങി. വീട്ടുമുറ്റത്ത് സാമിനെ കിടത്തിയപ്പോള്‍ പിന്നെയും കേട്ടു ആ വൈകാരികമായ മുദ്രാവാക്യം. അത് സഹോദരനും സൈനികനുമായ മാത്യു എബ്രഹാമിന്റെ വകയായിരുന്നു... കണ്ണുനിറ‍ഞ്ഞുപോയ നിമിഷങ്ങള്‍.

കണ്ണീര്‍പ്പാടായി അവള്‍

അപ്പോഴും എന്റെ കണ്ണുതിരഞ്ഞത് എയ്ഞ്ചലിനെയാണ്. സാമിന്റെ രണ്ടരവയസുള്ള മകള്‍. അവള്‍ മുറിയില്‍ നിന്ന് മുറ്റത്തേക്ക് വന്നു. ഒരു പട്ടാളക്കാരന്‍ അവളെയെടുത്ത് അച്ഛനരികിലേക്ക് കൊണ്ടുപോയി. അടുത്തുനിന്ന് കാണിച്ചുകൊടുത്തു. കണ്ടുനിന്ന സ്ത്രീകളില്‍ പലരും സാരിത്തുമ്പുകൊണ്ട് അവരവരുടെ ചുണ്ടിലെ വിതുമ്പല്‍ മറച്ചു. ചിലര്‍ കണ്ണുതുടച്ചു. ചേതനയറ്റ ആ ദേഹത്തോട് പക്ഷേ എയ്ഞ്ചലിന് ഒരടുപ്പവും തോന്നിക്കണ്ടില്ല. അല്ലെങ്കില്‍ അച്ഛനുറങ്ങുകയാണ്, ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചുകാണും. അതെ, അങ്ങിനെത്തന്നെ തോന്നാനാണ് സാധ്യത. കാരണം നമ്മളെല്ലാം സ്വസ്ഥമായി ഉറങ്ങാന്‍വേണ്ടി ഉണര്‍ന്നിരുന്നൊരു അച്ഛന്റെ മകളാണവള്‍..!

ഉച്ചകഴിഞ്ഞതോടെ മൃതദേഹം വീണ്ടും സൈനിക വാഹനത്തില്‍ കയറ്റി. ഇനി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കാണ്. വിലാപയാത്രയായി നൂറുകണക്കിനുപേര്‍ അവിടെയെത്തുമ്പോള്‍ അതിലേറെ ആളുകള്‍ പള്ളിമുറ്റത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മൂവര്‍ണക്കൊടി മൂടിയ ഒരു ഭൗതികദേഹം കടന്നുപോയി. പളളിയില്‍ മതപരമായ ചടങ്ങുകള്‍ തുടങ്ങി. അകത്തുനിന്നുള്ള ദൃശ്യങ്ങള്‍ തല്‍സമയം കാണാന്‍ പുറത്ത് സൗകര്യം ഒരുക്കിയിരുന്നു. വലിയ സ്ക്രീനില്‍ എയ്ഞ്ചലിനെ കാണാം. അവളുടെ തലമുടിയില്‍ ആരോ തലോടുന്നുണ്ട്. ഓമനിക്കുന്നുണ്ട്. ആ കാഴ്ച പതിഞ്ഞവരെല്ലാം മനസുകൊണ്ട് ചെയ്യുന്നതും അതുതന്നെയായിരുന്നു.

sam-soldier-3 രണ്ടാമതും ആകാശത്തേക്ക് വെടിയുതിര്‍ത്തു. ശ്വാസമടക്കിപ്പിടിച്ച് ഈ കാഴ്ചകളിലേക്ക് ഏവരും ഉറ്റുനോക്കുമ്പോള്‍ പുറകില്‍നിന്നെവിടെ നിന്നോ വീണ്ടും ആ ധ്വനികള്‍ ഉയര്‍ന്നു. 'ഭാരത് മാതാ കീ...'

പതറാതെ അവന്‍റെ പാതി

ചടങ്ങുകള്‍ കഴിഞ്ഞ് മൃതദേഹം പുറത്തേക്ക് എടുത്തു. പള്ളിമുറ്റത്ത് സൈന്യത്തിന്റെ ഒൗദ്യോഗിക ബഹുമതി നല്‍കുകയാണ്. സാമിന്റെ ഭാര്യ അനുവിനെ അടുത്തേക്ക് കൊണ്ടുവന്നു. അവര്‍ക്ക് ഇരിക്കാന്‍ ഒരു കസേര നല്‍കി. ശത്രുപക്ഷത്തിന്റെ നെഞ്ചിലേക്കെന്നോണം സൈന്യം ആചാരവെടി മുഴങ്ങി. പിന്നെ ആകെ നിശബ്ദത. 

രണ്ടാമതും ആകാശത്തേക്ക് വെടിയുതിര്‍ത്തു. ശ്വാസമടക്കിപ്പിടിച്ച് ഈ കാഴ്ചകളിലേക്ക് ഏവരും ഉറ്റുനോക്കുമ്പോള്‍ പുറകില്‍നിന്നെവിടെ നിന്നോ വീണ്ടും ആ ധ്വനികള്‍ ഉയര്‍ന്നു. 'ഭാരത് മാതാ കീ...' ചോരതിളച്ച മനസുമായി ഉച്ചത്തില്‍ ഉയര്‍ന്നു ജയ് വിളികള്‍. ഒരു പട്ടാളക്കാരന്‍ വന്ന് നാടിന്റെ വീരപുത്രനെ പുതപ്പിച്ച ദേശീയപതാക മടക്കിയെടുത്ത് ഭാര്യ അനുവിനെ ഏല്‍പ്പിച്ചു. അവരുടെ ക്ലോസ് വിഷ്വലുകളിലേക്ക് എന്റെ ക്യാമാറാമാന്‍ സഞ്ജീവ് സുകുമാര്‍ ക്യാമറ പായിച്ചു. അനുവിന്റെ തേങ്ങലാണ് ഈ രാജ്യത്തിന്റെ ദുഃഖം. അതുപകര്‍ത്തണം. പക്ഷേ അവര്‍ പതറിയില്ല, വിതുമ്പിയില്ല. ആരാലും കരഞ്ഞുപോകുമായിരുന്ന ആ നിമിഷത്തില്‍ അവര്‍ ധീരതയോടെ നിന്നു. കരയരുത് സഹോദരി, നിങ്ങളുടെ ഉദരത്തില്‍ വളരുന്ന എട്ടുമാസം വളര്‍ച്ചയുള്ളൊരു കു‍ഞ്ഞ് കരയാത്ത, പതറാത്ത, തളരാത്തൊരു ധീരന്റെ ചോരയാണ്...

sam-soldier-2 വരുന്ന നവംബറില്‍ സൈനികസേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കിയാണ് ശത്രുപക്ഷത്തിന്റെ ആയുധം സാമിന്റെ ജീവനെടുത്തത്...

വൈകീട്ട് നാലുമണികഴിഞ്ഞ്  മാവേലിക്കരയില്‍നിന്ന് തിരിച്ചുപോരുമ്പോഴാണ് ഞാന്‍ ഓര്‍ത്തത്. നേരമിത്രയായിട്ടും ഒന്നും കഴിച്ചില്ലല്ലോ. രാവിലെ എപ്പോഴോ വിശന്നിരുന്നു. പിന്നെയെന്തു സംഭവിച്ചു? വിശപ്പും ദാഹവും മറന്നുപോയോ? ബുള്ളറ്റ് പ്രൂഫ് ധരിച്ച് ശത്രുവിനെതിരെ നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇടത്തേകയ്യിനു താഴെയുള്ള ഒഴിവിലൂടെ നെഞ്ചിലേക്ക് ചെന്നുതറച്ച തിരയാണ് സാമിന്റെ ജീവനെടുത്തത്. 

നാലുമണിക്കൂറോളം നീണ്ട കനത്ത വെടിവെപ്പിനിടയില്‍ വെടിയേറ്റുവീണ സാമിനെ അവിടെനിന്ന് മാറ്റുകപോലും പ്രയാസമായിരുന്നു. എങ്കിലും പ്രാണനുവേണ്ടി പിടഞ്ഞ ആ ധീരജവാന് ആവശ്യമായ ശുശ്രൂഷ നല്‍കിയെന്നാണ് സൈന്യം അറിയിച്ചത്. പ്രിയ സഹോദരാ, നിങ്ങള്‍ അനുഭവിച്ച മരണവേദനയ്ക്ക് മുന്നില്‍ രണ്ടുനേരത്തെ വിശപ്പിനെക്കുറിച്ചോര്‍ത്ത എന്നോട് ക്ഷമിക്കുക..!

സാം നിങ്ങളെത്ര ഭാഗ്യവാനാണ്. വഴിവക്കില്‍ രാഷട്രീയതിമിരം പിടിച്ചവന്റെ പീച്ചാത്തികുത്തേറ്റല്ല താങ്കള്‍ മരണപ്പെട്ടത്. മതഭ്രാന്തന്മാരുടെ ഊരുവിലക്കുകളില്‍പെട്ട് ആത്മഹത്യചെയ്തതുമല്ല. അശോകചക്രാങ്കിതമായൊരു മൂവര്‍ണക്കൊടി നെഞ്ചിലേറ്റിയാണ് നിത്യനിദ്രയിലേക്ക് നീങ്ങുന്നത്. നിങ്ങളുയര്‍ത്തിയ മൂവര്‍ണക്കൊടി ഞങ്ങളിതാ വന്നേറ്റുപിടിക്കുന്നു. പ്രിയ സഹോദരാ, രണ്ടുമാസങ്ങള്‍ക്കപ്പുറം അനു നിങ്ങളുടെ കു‍ഞ്ഞിനെ പ്രസവിക്കും. നിങ്ങള്‍ക്ക് മരണമില്ല..! വന്ദേമാതരം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam