കുറവുകളെ പ്രണയിച്ച കാമുകൻ, സിനിമാക്കഥ പോലൊരു പ്രണയം

മായങ്കും പ്രിയങ്കയും മകളും, ചിത്രം: ഫേസ്ബുക്

കുറവുകളെ സ്നേഹിച്ച് കുറ്റപ്പെടുത്താതെ പരസ്പരം മുന്നേറുന്ന ദമ്പതികൾക്ക് ഒരിക്കലും ജീവിതം ദുർഘടമാകില്ല. നല്ലപാതിയുടെ കുറ്റങ്ങളോരോന്നായി കണ്ടെത്താൻ ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ് മുംബൈ സ്വദേശികളായ മായങ്കിന്റെയും ഭാര്യ പ്രിയങ്കയുടെയും ജീവിതം‍. സമൂഹമാധ്യമത്തിൽ ഇരുവരുടെയും പ്രണയജീവിതത്തിന് അഭിനന്ദന പ്രവാഹങ്ങളാണ്. ഭാഗികമായി മാത്രം കേൾവിശക്തിയുള്ള പ്രിയങ്കയെ മായങ്ക് ആദ്യമായി കണ്ടതും പ്രണയിച്ചതുമൊക്കെ സിനിമാക്കഥ പോലെയാണ്.

പല സിനിമകളിലും കാണുന്നതുപോലെ ഒരു വിവാഹ ആഘോഷത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അപ്പോൾ തന്നെ പ്രിയങ്കയ്ക്കു പ്രണയം തോന്നിയിരുന്നു. പിന്നീടുള്ള കൂടിക്കാഴ്ച രണ്ടുവർഷങ്ങൾക്കു ശേഷമായിരുന്നു. അധികം വൈകാതെ മായങ്ക് പ്രിയങ്കയെ പ്രൊപോസ് ചെയ്യുകയും ചെയ്തു. കേൾവിശക്തി കുറവായ പെൺകുട്ടി എന്നതൊന്നും മായങ്കിനു പ്രശ്നമായിരുന്നില്ല, എന്നാൽ വീട്ടുകാര്‍ ഒരു രീതിയിലും പിന്തുണച്ചില്ല. ഒരുവേള മായങ്കിനെ കയ്യേറ്റം ചെയ്യാൻ വരെ പ്രിയങ്കയുടെ അച്ഛൻ മുതിർന്നു. പ്രിയങ്കയുടെ വാക്കുകളിലൂടെ ഇരുവരുടെയും പ്രണയകഥ കേൾക്കാം. 

'' എന്റെ കസിന്റെ വിവാഹത്തിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അപ്പോൾ തന്നെ ഇഷ്ടവും തോന്നി. പക്ഷേ അന്ന് രണ്ടാമതൊന്നു നോക്കുക പോലും ചെയ്തിരുന്നില്ല അദ്ദേഹം, പെർഫെക്റ്റ് വുമൺ എന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു, എന്റെ മുടി ഷോർട്ടായിരുന്നു, അദ്ദേഹം തിരഞ്ഞെടുക്കാൻ പോകുന്ന വിധത്തിലുള്ള ഒരു പെണ്‍കുട്ടിയായിരുന്നില്ല ഞാൻ. 

പക്ഷേ എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം വളരെയധികം സന്തുഷ്ടനും ആത്മവിശ്വാസമുള്ളയാളായിരുന്നു. വിവാഹത്തിനു ശേഷം ഞങ്ങൾ ഇരുവരും വെവ്വേറെ ദിശകളിലേക്കു പോയിരുന്നു, പിന്നീട് രണ്ടുവർഷത്തിനു ശേഷമാണ് കാണുന്നത്. അത് ലവ് അറ്റ് സെക്കൻഡ് സൈറ്റ് ആയിരുന്നു. ഞങ്ങൾ പരസ്പരം കണ്ട് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ കൈപിടിച്ചു പറഞ്ഞു 'പ്രിയങ്കാ ഞാൻ നിന്നെ പ്രണയിക്കുന്നു'. 

തുടർന്ന് ആറുവർഷത്തോളം ഞങ്ങൾ പ്രണയിച്ചു. എല്ലാവരും കരുതുന്നതു പോലെയൊരു പ്രണയജോഡികളായിരുന്നില്ല ഞങ്ങൾ. പുറത്തേക്കു പോകുമ്പോൾ കൈകൾ പോലും കോർത്തിരുന്നില്ല, പക്ഷേ ആ അകലമൊന്നും അദ്ദേഹത്തിനു പ്രശ്നമായിരുന്നില്ല. ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നായതുകൊണ്ട‌് ഒന്നിച്ചു പുറത്തു പോവുക എന്നതുപോലും ഭയപ്പെടുത്തുന്ന കാര്യമായിരുന്നു.

പക്ഷേ അദ്ദേഹത്തിന് എന്നെ മനസ്സിലായിരുന്നു, എനിക്കു വേണ്ട സമയവും സാവകാശവുമൊക്കെ തന്നു. യഥാർഥ പ്രശ്നം ഞങ്ങളുടെ മാതാപിതാക്കളെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതായിരുന്നു. ഒരിക്കൽ എന്റെ അച്ഛൻ എന്നെ കാണരുതെന്നു പറഞ്ഞ് അദ്ദേഹത്തെ തല്ലുക പോലും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരേ മതക്കാരും സാമ്പത്തിക സ്ഥിതിയിലുള്ളവരുമായിരുന്നു, പക്ഷേ അദ്ദേഹം എന്റെ കാര്യത്തെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്ന് അവർക്കു ബോധ്യപ്പെട്ടിരുന്നില്ല, അതിനുള്ള കാരണം ഞാൻ ഭാഗികമായി ബധിരയായിരുന്നു. 

കുട്ടിക്കാലത്ത് മലേറിയ വന്നതോടെയാണ് എനിക്ക് കേൾവിശക്തിയുടെ തൊണ്ണൂറുശതമാനവും നഷ്ടപ്പെട്ടത്. പക്ഷേ അതും അദ്ദേഹം കാര്യമാക്കിയിരുന്നില്ല. എന്റെ കേൾവി ഒരിക്കലും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായി വന്നിട്ടില്ല. ഒടുവിൽ കുറച്ചധികം സമയമെടുത്ത് ഞങ്ങൾ വീട്ടുകാരെ സമ്മതിപ്പിക്കുക തന്നെ ചെയ്തു. 

ഞങ്ങൾ വിവാഹിതരായിട്ട് ഇപ്പോൾ അഞ്ചു വർഷമായി, സുന്ദരിയായൊരു മകളുമുണ്ട്. ധുന്‍ എന്നാണ് അവൾക്കു പേരിട്ടിരിക്കുന്നത്, എനിക്കു വ്യക്തമായി പറയാനറിയാവുന്ന വളരെ കുറച്ചു പേരുകളില്‍ ഒന്നാണത്. അവൾക്കു വേണ്ടി ഒറ്റക്കെട്ടായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, രാത്രികളിൽ ഞാൻ ഹിയറിങ് എയ്ഡ് ഓൺ ആക്കാതിരിക്കുമ്പോൾ അദ്ദേഹം മകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചോളും, പകൽ സമയങ്ങളിൽ ഞാനും.

ഞങ്ങൾ ഇരുവരും രണ്ടു സ്വഭാവക്കാരാണ്. പിണങ്ങാറുണ്ട്, അദ്ദേഹത്തെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി മാത്രം ചില സമയങ്ങളിൽ ഹിയറിങ് എയ്ഡ് ഓഫ് ആക്കിയിടും. പക്ഷേ എന്റെ ജീവിതം സർപ്രൈസുകളാൽ നിറച്ച വ്യക്തിയാണ് അദ്ദേഹം. എന്നും ആരാധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണു ഞാൻ. ഒരു പെൺകുട്ടിക്ക് ഇതിൽ കവിഞ്ഞെന്തു വേണം?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam