Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ... എന്റെ വ്യക്തിത്വത്തിന്റെ ഉടമ!

dr-balachandran-memorize-dad

ഇസ്തിരിയിടാത്ത ഖദർ ഷർട്ടും, മുണ്ടും, ഇടതുകയ്യിൽ ഒരു കാലൻകുടയും, കക്ഷത്തില്‍ ഒരു ഡയറിയും, രണ്ട് മൂന്ന് ദിനപത്രങ്ങളുമായി കോട്ടയം ടൗണിൽ പലയിടത്തായി നടന്നു നീങ്ങിയ ഒരു സാധാരണക്കാരൻ. തിരുവാർപ്പ് ബാലൻ കാലയവനികക്കുള്ളിൽ കടന്നുപോയി 18 വർഷമായി. എങ്കിലും അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ വെളിച്ചം പകരുന്നു. ഏറെ സൗമ്യനും, എല്ലാവരിലും നന്മ മാത്രം കാണുകയും ചെയ്തിരുന്ന അദ്ദേഹം, ആരോടും സ്നേഹത്തോടെ അവർ അർഹിക്കുന്ന ആദരവോടെ പെരുമാറിയിരുന്നു. കഴിവതും മറ്റാരേയും വേദനിപ്പിക്കാതെ പറയാനുള്ള കാര്യങ്ങൾ നീരസം തോന്നുന്നവയെങ്കിലും തുറന്നു പറയുന്ന പ്രകൃതം.

വീട്ടിൽ ഒരു മിതഭാഷിയെങ്കിലും സംസാരം മിക്കവാറും ശാസനാരൂപത്തിലായിരുന്നു. ഒരു കാര്യത്തിലും നിർബന്ധിക്കാറില്ല. തെറ്റുകൾ ഉണ്ടായാൽ പറഞ്ഞു തരും. അത് ഉൾക്കൊണ്ടില്ലെങ്കില്‍ ദേഷ്യമോ ശിക്ഷയോ ഉണ്ടാകാറില്ല. അച്ഛൻ ഒരു ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും ഞങ്ങൾ കുട്ടികൾ ഒരിക്കലും അതുപോലെ ആകുവാൻ നിർബന്ധിച്ചിരുന്നില്ല.

പഠനകാര്യത്തിൽ ട്യൂഷൻ ഏർപ്പെടുത്തുകയോ മറ്റ് ചട്ടങ്ങളോ ഒന്നും ഉണ്ടായില്ല. എല്ലാം സ്വയം കണ്ടെത്തുവാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. ഞങ്ങൾ നാലു മക്കളിൽ ആരേയും പുകഴ്ത്തിയോ ചെറുതാക്കിയോ സംസാരിച്ചിട്ടില്ല. ഒരിക്കൽ എന്നെക്കാൾ സമർത്ഥനായ അനുജനും, ഞാനും അച്ഛനോടൊപ്പം ടൗണിൽ നടക്കുമ്പോൾ ഒരു സുഹൃത്ത് കുട്ടികളുടെ പഠനത്തെപ്പറ്റിയുള്ള ചോദ്യം ഉന്നയിച്ചതിന് ഞാന്‍ മോശമെന്നോ അനുജൻ സമർത്ഥനെന്നോ പറയാതെ – ഇവൻ കൂടുതൽ പരിശ്രമിക്കുന്നതെന്ന് ഒറ്റവാചകത്തിൽ നിർത്തി.

സ്വന്തം സൗഹൃദങ്ങളോ, ബന്ധങ്ങളോ മക്കളുടെ എന്തെങ്കിലും കാര്യത്തിനായി ഉപയോഗിച്ചിട്ടില്ല. എന്നാൽ മറ്റുള്ളവർക്ക് വളരെ ഉപകാരിയും മാർഗ്ഗദർശിയുമായിരുന്നു. മുതിർന്ന ഒരു കേന്ദ്രമന്ത്രിയുമായി അടുപ്പം ഉണ്ടായിട്ടും കേരളത്തിന് പുറത്ത് പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന എനിക്കു വേണ്ടിയോ, കേരളത്തിൽ പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന എന്റെ സഹോദരന്റെ കാര്യത്തിലോ, കോട്ടയംകാരനായ മുഖ്യമന്ത്രിയോടോ ഇതര മന്ത്രിമാരോടോ ശുപാർശ ചെയ്തിട്ടില്ല.

ഓലപ്പുരയിൽ കഴിഞ്ഞിരുന്ന കാലത്ത് കോട്ടയത്ത് പത്രപ്രവർത്തകർക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് അപേക്ഷിച്ചതേയില്ല. ചെറുതെങ്കിലും ഒരു വീടുള്ളപ്പോൾ അപേക്ഷിക്കുന്നത് സത്യവിരോധമാകുമെന്നായിരുന്നു  കാഴ്ചപ്പാട്.

1984ൽ ഞാൻ ഒറീസ്സായിൽ ജോലിയിൽ നിന്ന് അവധിക്ക് വന്ന് തിരികെ പോകുവാൻ സാധിച്ചില്ല. മദ്രാസിൽ നിന്ന് തുടർയാത്രയ്ക്ക് ട്രെയിനുകൾ റദ്ദാക്കിയതിനാൽ ടിക്കറ്റിന്റെ പണം ബാക്കി കിട്ടിയതുമായി ഞാൻ തിരികെ വീട്ടിലെത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നീ അവിടെ എത്തുവാൻ മറ്റു മാർഗ്ഗങ്ങൾ തേടേണ്ടിയിരുന്നു എന്നായിരുന്നു കിട്ടിയ മറുപടി.

ജീവിതത്തിലും തൊഴിലിലും ഉള്ള സത്യസന്ധതയും, ആത്മാർത്ഥതയും, നിസ്വാർത്ഥതയും, അർപ്പണമനോഭാവവും കാണിക്കുന്നതിൽ അച്ഛന്റെ വാക്കുകളും പ്രവൃത്തിയും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അച്ഛൻ സൂചിപ്പിച്ച പല കാര്യങ്ങളും അണുവിട വ്യത്യാസമില്ലാതെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ദീർഘവീക്ഷണവും തിരിച്ചറിയുന്നത് എന്റെ വ്യക്തിജീവിതത്തിൽ അച്ഛൻ തന്ന സൂചനകൾ ഏറെ ഫലം ചെയ്തിട്ടുണ്ട്.

ഇത്രമേൽ അനുഭവജ്ഞാനവും ആദർശശുദ്ധിയും പുലർത്തിയിരുന്ന അച്ഛന്റെ മൃതദേഹം 2000 ജൂലൈ 1 ന് ചിതയിൽ കത്തി അമരുമ്പോൾ എന്റെ ഉള്ളില്‍ കനലെരിയുകയായിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam