'ബാല്യകാലസഖി മറ്റൊരാളുമായി പ്രണയത്തിലായി, പക്ഷേ...' മെസ്സിയുടെ പ്രണയകഥ

ഫുട്ബോളിലെ രാജകുമാരൻ മാത്രമല്ല, ആർജന്റീനയുടെ സൂപ്പർസ്‌ട്രൈക്കർ ലയണൽ മെസി. ആളൊരു കിടിലൻ കാമുകൻ കൂടിയാണ്. മെസിയുടെ പ്രണയം  മൊട്ടിട്ടത് അഞ്ചാം വയസ്സിൽ. കുഞ്ഞുമെസി കൂട്ടുകാരനായ ലൂക്കാസ് സ്കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായത് അവനോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. സുഹൃത്തിന്റെ കസിൻ അന്റോനെല്ലയെ  കാണുകയായിരുന്നു ലക്ഷ്യം. ശനി, ഞായർ ദിവസങ്ങളിലെ ഫുട്ബോള്‍ പ്രാക്ടീസ് കഴിഞ്ഞാൽ മെസി ലൂക്കാസിന്റെ കുടുംബത്തോടൊപ്പം  അവരുടെ വീട്ടിലേക്കു പോകും. ആ ദിവസങ്ങളിലാണ് അന്റോനെല്ല ലൂക്കാസിന്റെ വീട്ടിലേക്കു വരുന്നത്.

കൂട്ടുകാരുമൊത്ത് കംപ്യൂട്ടർ ഗെയിം കളിക്കുന്ന മെസിയെ കാണാൻ വേണ്ടി ഓരോ കാരണങ്ങളുണ്ടാക്കി ആന്റോനെല്ല വരും. ഇരുവരും തമ്മിൽ അടുക്കാൻ അധികം കാലമൊന്നും വേണ്ടിവന്നില്ല. സ്ഥിരമായി അന്റോനെല്ലയ്ക്കു കത്തുകൾ എഴുതിയിരുന്ന കുഞ്ഞുമെസി വലുതായി കഴിയുമ്പോൾ അവളെ തന്റെ ഗേൾഫ്രണ്ട് ആക്കുമെന്ന് പറയുമായിരുന്നു. ‌‌

മുതിർന്നപ്പോൾ ഇരുവരും രണ്ടു വഴിക്കായി. അന്റോനെല്ല മറ്റൊരാളുമായി പ്രണയത്തിലായെങ്കിലും അയാൾ ഒരു വാഹനാപകടത്തിൽ മരിച്ചു. അവളെ ആശ്വസിപ്പിക്കാനായി മെസി നാട്ടിലെത്തി. സൗഹൃദം വീണ്ടും പ്രണയമായി. പ്രണയകഥ ലോകമറിഞ്ഞത് 2010ൽ. മെസിക്കൊപ്പം 2012ൽ ഗാലറിയിലെത്തുമ്പോൾ അന്റോനെല്ല ഗർഭിണിയായിരുന്നു. ആദ്യത്തെകൺമണി ആൺകുഞ്ഞ്. 2015ൽ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. കഴിഞ്ഞ വർഷമാണ് മെസിയും അന്റോനെല്ലയും വിവാഹിതരായത്. ഈ വർഷം മൂന്നാമത്തെ കുഞ്ഞും ജനിച്ചു. ജീവിതത്തിലും ഫുട്ബോളിന്റെ രാജകുമാരന് ഫുൾ മാർക്ക്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam