കാരലിന, ബ്രൂണ, ഇനി? നെയ്മറുടെ പ്രണയജീവിതം!

പ്രണയമോ, നെയ്മർക്കോ? അതിനു നെയ്മർ കൊച്ചുകുട്ടിയല്ലേ? എന്ന് ചോദിക്കുന്നവർ ഇതാ കേട്ടോളൂ, ആറു വയസ്സുള്ള കുട്ടിയുടെ അച്ഛനാണ് കക്ഷി. നെയ്മറിനു മുൻകാമുകി കാരലിന ഡാന്റസിൽ ജനിച്ച മകന്റെ പേര് ഡേവി ലൂക്കാ. പിന്നീട് ഇരുവരും പിരിഞ്ഞെങ്കിലും ഡേവിയുടെ കാര്യത്തിൽ രണ്ടു പേർക്കും തുല്യ അവകാശവും ഉത്തരവാദിത്തവുമാണ്. 

നെയ്മർക്കൊപ്പം കളിക്കളത്തിലും ബീച്ചിലുമെല്ലാം കറങ്ങിനടക്കുന്ന ഡേവി അമ്മയ്ക്കൊപ്പവും സമയം ചെലവഴിക്കാറുണ്ട്. വേർപിരിയലിനു ശേഷവും രണ്ടു പേരുടെയും ജീവിതം മുന്നോട്ടു പോയി. കാരലിന പുതിയ കാമുകനുമായി  സന്തോഷത്തോടെ ജീവിക്കുന്നു. 

നെയ്മർ വീണ്ടും പ്രണയത്തിലായത് നടിയും മോഡലുമായ ബ്രൂണ മാർക്വെസിനുമായി. 2012ൽ റിയോയിൽ നടന്ന കാർണിവലിലാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 2013ൽ വേർപിരിഞ്ഞ ജോഡി വീണ്ടും ഒരുമിച്ചത് 2014 ലോകകപ്പിന്റെ സമയത്ത്. പിരിയലും കൂടിച്ചേരലും സ്ഥിരം സംഭവമായി. 2016ൽ ഒരുമിച്ചതിനു ശേഷം അടുത്ത വർഷം വീണ്ടും പിരിഞ്ഞു.

വേർപിരിയലിനു പിന്നിൽ പ്രമുഖ മാധ്യമങ്ങൾ കണ്ടെത്തിയ കഥ ഇങ്ങനെ. ‘നെയ്മർക്ക് ബ്രൂണയെ വിവാഹം കഴിച്ച് യൂറോപ്പിലേക്ക് കൊണ്ടുപോകാനായിരുന്നു മോഹം. ബ്രൂണ സിനിമ ഉപേക്ഷിച്ച് ഭാര്യയുടെ റോളിലേക്ക് ഒതുങ്ങാൻ  താൽപര്യപ്പെട്ടില്ല.’ ഒടുവിൽ മാധ്യമങ്ങളോടു നെയ്മർ പറഞ്ഞതിങ്ങനെ, ‘ഞാൻ അവളുമായി ഒരുമിക്കാൻ ആഗ്രഹിക്കുന്നു. ആർക്കറിയാം, നാളെ എന്തു സംഭവിക്കുമെന്ന്.’ 

ഫുട്ബോൾ ലോകം  മുഴുവൻ കാത്തിരിക്കുന്നു, റഷ്യയിൽ നെയ്മർ പന്തു തട്ടുമ്പോൾ കാണാൻ വീണ്ടും ബ്രൂണ എത്തുമോ?.