Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മുത്തശ്ശിക്കഥ സത്യമാണ്; പക്ഷെ പ്രളയച്ചിത്രമല്ല; സംഭവമിങ്ങനെ

girl-met-grandma-11-year-old-picture ചിത്രമെടുത്തത്; KALPIT BHACHECH

മുത്തശ്ശിയെകെട്ടിപ്പിടിച്ച് ഏങ്ങലടിച്ചുകരയുന്ന യൂണിഫോമിലുള്ള പെൺകുട്ടിയുടെ ചിത്രം പ്രളയകാലത്ത് പലരുടെയും കണ്ണുനിറച്ചതാണ്. പ്രളയത്തിൽ അകപ്പെട്ട മുത്തശ്ശിയെ തിരികെ കിട്ടിയ കുട്ടി എന്നുള്ള രീതിയിലാണ് ആദ്യം ചിത്രം പ്രചരിച്ചത്. എന്നാൽ, ഈ സംഭവത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല.

ഗുജറാത്തിലാണ് സംഭവം. സ്കൂൾ അധികൃതർക്കൊപ്പം വൃദ്ധസദനത്തിലെത്തിയ ഭക്തി പഞ്ചാൽ എന്ന ഗുജറാത്തി പെൺകുട്ടി അവിടെവച്ച് അവിചാരിതമായി സ്വന്തം മുത്തശ്ശിയെ കണ്ട് പൊട്ടികരഞ്ഞ ചിത്രമാണ് ഏവരുടെയും കണ്ണുനിറച്ചത്. ഈ കഥ സത്യമാണെങ്കിലും സംഭവം നടന്നത് 11 വർഷം മുമ്പാണ്.

ലോകഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ബിബിസി ഫോട്ടോജേർണലിസ്റ്റുകൾ അവർ ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ഈ ആഗസ്ത് 19നായിരുന്നു അത്. കൽപിത് ഭഷേഷ് എന്ന മുതിർന്ന ഫോട്ടോഗ്രഫറാണ് ഹൃദയസ്പർശിയായ ഈ ചിത്രം പങ്കുവെച്ചത്. 2007ൽ‍ അദ്ദേഹം എടുത്ത ചിത്രമാണിത്. ആ ഫോട്ടോ പിറന്ന കഥയിങ്ങനെ 2007 സെപ്തംബർ എട്ടാംതീയതി കൽപിതിന്റെ  പിറന്നാളായിരുന്നു. ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ അദ്ദേഹം വീട്ടുകാർക്കൊപ്പം കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴാണ് ജിഎൻസി സൂകൂളിലെ പ്രിൻസിപ്പളിന്റെ ഫോൺകോൾ വരുന്നത്. സ്കൂളിൽ നിന്നും കുറച്ചുകുട്ടികൾ വൃദ്ധസദനം സന്ദർശിക്കുന്നുണ്ട്, അവരുടെ ഫോട്ടോയെടുക്കണം എന്നായിരുന്നു ആവശ്യം.

girl-met-grandma-11-year-old-picture1

പിറന്നാൾ ആഘോഷം നിറുത്തിവെച്ച് ഫോട്ടോയെടുക്കാനായി കൽപിത് ചെന്നു. വൃദ്ധസദനത്തിലെ അന്തേവാസികളും കുട്ടികളും ചേർന്ന് ഫോട്ടെയടുക്കാനായി ഓരോരുത്തരെയും പോസ് ചെയ്യിക്കുമ്പോഴാണ് പെട്ടന്ന് കൂട്ടത്തിലുള്ള ഒരു പെൺകുട്ടി പൊട്ടിക്കരയുന്നത് കണ്ടത്. അവിടുത്തെ അന്തേവാസികളിലൊരാൾ കുട്ടിയുടെ മുത്തശ്ശിയായിരുന്നു. അച്ഛനോടും അമ്മയോടും മുത്തശ്ശിയെവിടെയാണന്ന് ചോദിക്കുമ്പോൾ ബന്ധുവീടുകളിലാണെന്നായിരുന്നു മറുപടി. അപ്രതീക്ഷിതമായി വൃദ്ധസദനത്തിൽ മുത്തശ്ശിയെ കണ്ടതോടെ പെൺകുട്ടിക്ക് കരച്ചിലടക്കാനായില്ല. അതുപോലെ തന്നെ മുത്തശ്ശിക്കും. ഇരുവരുടെയും വൈകാരിക നിമിഷങ്ങളാണ് കൽപിത് പകർത്തിയത്.

11 വർഷം മുമ്പുള്ള ഫോട്ടോ ഇപ്പോൾ വൈറലായതോടെ ഈ മുത്തശ്ശിയേയും കൊച്ചുമകളെയും കൽപിത് വീണ്ടും തേടിയെത്തി. ഇരുവരുടെയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അന്നത്തെ കൗമാരക്കാരി കൊച്ചുമകൾ വളർന്നു. വിവാഹിതയായ ഇവർക്കിപ്പോൾ ഒരു കുഞ്ഞുമുണ്ട്. വൃദ്ധസദനത്തിൽ നിന്നും ഇടയ്ക്കിടയ്ക്ക് മുത്തശ്ശിയെ വീട്ടിലേക്ക് കൊച്ചുമകൾ കൂട്ടിക്കൊണ്ടുവരാറുണ്ട്. സ്ഥിരമായി വീട്ടിൽ നിൽക്കാൻ നിർബന്ധിച്ചിട്ടും മുത്തശ്ശി വൃദ്ധസദനത്തിൽ തന്നെ താമസിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. എങ്കിലും ഇപ്പോഴും കൊച്ചുമകളുടെ എന്ത് ആഘോഷങ്ങൾക്കും ആദ്യം എത്തുന്നത് ഈ മുത്തശ്ശിയാണ്