Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷിച്ചതിനു പകരം രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ട്; പ്രളയത്തിലെ കാണാക്കാഴ്ചകൾ

rescue-by-ndrf

ശക്തമായ മഴ. ദിവസങ്ങളോളം നീണ്ട മഴയിൽ ഡാമുകൾ തുറന്നു വിട്ടതോടെ നദികൾ കരകവിഞ്ഞു. ഒട്ടേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുക കൂടി ചെയ്തതോടെ ജനവാസ പ്രദേശങ്ങളിൽ ഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം വരെ വെള്ളം ഇരച്ചെത്തി.

വെള്ളം കയറിത്തുടങ്ങിയതോടെ ഉയർന്ന ഭാഗത്തു നിൽക്കുകയായിരുന്ന രണ്ടു കോഴിക്കു‍ഞ്ഞുങ്ങൾ. പതിയെ പതിയെ ആ ഭാഗത്തേക്കും വെള്ളം പൊങ്ങിത്തുടങ്ങി. ഏതാനും നിമിഷങ്ങൾക്കകം ആ കോഴിക്കു‍ഞ്ഞുങ്ങളുടെ ജീവനും നഷ്ടപ്പെടും. ചുറ്റുപാടും വെള്ളം മാത്രം. ആ സമയത്താണ് വള്ളിപൊട്ടിയ ഒരു പഴയ റബർ ചെരിപ്പ് അതിലേ ഒഴുകി വന്നത്. കോഴിക്കു‍ഞ്ഞുങ്ങള്‍ പെട്ടെന്ന് ആ ചെരിപ്പിലേക്ക് കയറി രക്ഷപ്പെട്ടു. ഒരു കാലത്ത് എല്ലാവരാലും ചവിട്ടിയരക്കപ്പെട്ട ചെരിപ്പാണ് രണ്ടു ജീവനുകൾക്ക് താങ്ങായത്.

alappuzha-rain-fri-1

നമ്മുടെ ജീവിതത്തിലും ആരെയും അവഗണിക്കാൻ പാടില്ല. വലിയ സമ്പന്നഗൃഹങ്ങളിൽ തൊട്ടടുത്തുള്ളവരുമായി സംസാരിക്കാൻ പോലും തയ്യാറാകാതെ ജീവിച്ചിരുന്നവരുണ്ട്. ഒടുവിൽ, മഹാപ്രളയത്തിൽ നിസ്സഹായരായ അവസ്ഥയിൽ അവർക്കും താങ്ങായതും രക്ഷകരായതും തീർത്തും സാധാരണക്കാരായ മനുഷ്യരാണ്.

നിസ്വാർത്ഥത

കേരളത്തെ പ്രളയം വിഴുങ്ങാൻ പോകുന്നു എന്നറിഞ്ഞതും തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ ബോട്ട് ലോറികളില്‍ കയറ്റി ഉടുതുണി മാത്രമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികളാണ് ഇരമ്പിയുയർന്നു വരുന്ന വെള്ളത്തിലൂടെ സ്വജീവൻ തൃണവൽഗണിച്ചുകൊണ്ടു കടന്നുചെന്ന് അനേകായിരങ്ങളെ രക്ഷപ്പെടുത്തിയത്.

ചെങ്ങന്നൂരിൽ ഒരു വീടിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ കുടുംബാംഗങ്ങളെ രക്ഷപെടുത്തി വള്ളത്തിൽ കയറ്റിയപ്പോൾ അതിലൊരു സ്ത്രീ തന്റെ പഴ്സ് തുറന്നു രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ട് ആ മത്സ്യത്തൊഴിലാളിയുടെ നേർക്കു നീട്ടി. ആ പണം നിരസിച്ചുകൊണ്ട് മരിയൻ ജോർജ് എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു: “ഞങ്ങൾ പ്രതിഫലം പ്രതീക്ഷിച്ചല്ല വന്നത്, ഇതു ഞങ്ങളുടെ കടമയാണ്.”

alappuzha-fisehermen

ദിവസങ്ങളോളമായി കടലിൽ പോകാൻ പറ്റാതെ കുടുംബാംഗങ്ങൾ പട്ടിണിയിൽ ജീവിക്കുമ്പോഴും പണത്തോട് ആർത്തിയില്ലാതെ, നിസ്വാർത്ഥപരമായി പെരുമാറുന്ന ഇവരുടെ ഹൃദയത്തിന്റെ നൈർമല്യം എക്കാലവും സ്മരിക്കപ്പെടും.

ഐക്യം

ഓരോ മനുഷ്യരും ഒരു രക്ഷാസൈന്യമായി പ്രവർത്തിക്കുകയായിരുന്നു, ഇക്കാലഘട്ടത്തിൽ ആരും പറയാതെ തന്നെ, സർക്കാർ സംവിധാനങ്ങൾ ഒക്കെ കർമ്മനിരതമാകുന്നതിനും മുൻപെ, പ്രളയത്തിലകപ്പെട്ടവരെ രക്ഷപെടുത്താൻ ജാതി–മത–വർണ–വർഗ–രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ രംഗത്തിറങ്ങി. ഈ ഐക്യമാണ് നല്ല കാര്യങ്ങൾക്കായി നാം എക്കാലവും പ്രകടിപ്പിക്കേണ്ടത്.

നെഗറ്റീവ് വാർത്തകളോടു ‘ഗുഡ്ബൈ’

എല്ലാറ്റിലും കുറ്റം കണ്ടുപിടിക്കുന്ന, അതു മാത്രം വാർത്തയാക്കുകയും പുലഭ്യങ്ങളും, വാഗ്വാദങ്ങളും നിറഞ്ഞ ചർച്ചകൾകൊണ്ടു ചാനലുകളെ നിറച്ചിരുന്ന ഒരു വിഭാഗം മാധ്യമങ്ങൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു സഹായകരമായ രീതിയിൽ വിവരങ്ങൾ കൈമാറി ക്രിയാത്മകമായി പ്രവർത്തിച്ചു. ചാറ്റിംഗും മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കാനുള്ള ട്രോളുകളും വ്യാജവാർത്തകളും കൊണ്ടു മലീമസമായിരുന്ന സോഷ്യൽ മീഡിയ മാലിന്യത്തിന്റെ പുറംകുപ്പായം വലിച്ചെറിഞ്ഞു രക്ഷാപ്രവർത്തനത്തിൽ ശക്തമായ പങ്കാളികളായി മാറിയ കാഴ്ചയും പ്രളയത്തിൽ നാം കണ്ടു. എന്തിലെയും തിന്മകളെ സ്വീകരിക്കുന്നതിനു പകരം ആ സ്ഥാനത്തു നന്മകൾക്കിടം കൊടുക്കാൻ പറ്റുമെന്നു വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ട്വിറ്ററുമടക്കം സോഷ്യൽ മീഡിയ തെളിയിച്ചു.

aranmula-rain

സഹജീവികളെ മനസിലാക്കാം

മറ്റുള്ളവരുടെ വേദനകളും അവസ്ഥകളും മനസിലാക്കി ഒരേ കൂരയിൽ ഒരുമിച്ചു കഴിയാൻ ഈശ്വരൻ അനുവദിച്ച സമയമായിരുന്നു ഇത്. എന്റെ മാത്രം ജീവിതം എന്ന ചിന്തയിൽ നിന്നു മറ്റുള്ളവരുടെ വിഷമങ്ങളിലേക്കു കണ്ണുംകൈയുമെത്താൻ ഈ ദുരന്തം സഹായിച്ചു.

മടക്കം ഈശ്വരനിലേക്ക്

സമ്പത്തും പ്രശസ്ത പദവിയും ഒക്കെ വന്നപ്പോൾ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സാഹചര്യം ചിലപ്പോഴെങ്കിലുമുണ്ടായി. നാം ഈ ലോകത്തു ഒന്നുമല്ല. ഒരു പ്രളയം മതി ‘ഹിറോ’യിൽ നിന്ന് ‘സീറോ’യാവാൻ എന്ന ബോധ്യമുണ്ടാവാൻ ഈ പ്രളയത്തിനു കഴിഞ്ഞു. ഏതവസ്ഥയിലും ഈശ്വരനിൽ ആശ്രയിച്ചുകൊണ്ട്, അഹങ്കാരം മാറ്റി എളിമയോടെ പ്രവർത്തിക്കാം. സഹജീവികളുടെ നന്മക്കായി ആഗ്രഹിക്കാം. അവിടെ പുതിയൊരു കേരളം പിറക്കും.

നായ്ക്കുട്ടിയുടെ സ്നേഹം

രാവിലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയപ്പോൾ ബോട്ടു ജെട്ടിയിൽ കണ്ടതാണ് ഒരു നായ്ക്കുട്ടിയെ. വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നു. ഉടനെ ആ നായ്ക്കുട്ടിയേയും എടുത്ത് ബോട്ടിൽ കയറ്റി. പക്ഷേ അൽപ സമയം കഴിഞ്ഞതും ബോട്ടിലെ മറ്റൊരു ഭാഗത്തു കൂടി ആ നായ്ക്കുട്ടി പുറത്തുകടന്നു ബോട്ടു ജെട്ടിയിൽ തന്നെ ആരെയോ കാത്ത് അവിടെ നിലയുറപ്പിച്ചു.

Ernakulam-Flood

വൈകുന്നേരം അതേ ജെട്ടിയിൽ തിരിച്ചെത്തിപ്പോഴും ആ നായ്ക്കുട്ടി അവിടെയുണ്ടായിരുന്നു. തനിക്കു ഭക്ഷണം നൽകി വളർത്തിയ യജമാനനേയും കാത്ത്.

ഈ ജീവികളെ ഉപേക്ഷിച്ചു ഞാനില്ല

മറ്റൊരു വീട്ടിൽ ചെന്നപ്പോൾ വീടിനകത്തു വെള്ളം കയറിയ അവസ്ഥയിൽ ഒറ്റയ്ക്കു കഴിയുന്ന ഒരു മുത്തശ്ശി. ദുരിതാശ്വാസ ക്യാമ്പിലേക്കു വിളിച്ചപ്പോൾ ആ മുത്തശ്ശിയുടെ മറുപടി “ഞാൻ രക്ഷപ്പെട്ടു പോയാൽ ഈ കോഴികൾക്കും പൂച്ചകൾക്കും ആരു ഭക്ഷണം കൊടുക്കും. അവയെ ഉപേക്ഷിച്ചു ഞാനില്ല.” മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കാഴ്ചകൾ.

kottiyoor-river

ഒഴുക്കിനെ മറികടന്ന സ്നേഹം

കലങ്ങിമറിഞ്ഞൊഴുകുന്ന ഭാഗത്തുകൂടി ശക്തമായ ഒഴുക്കിനെ അവഗണിച്ചുകൊണ്ടു നീന്തുന്ന ഒരു നായയുടെ കാഴ്ചയും ശ്രദ്ധയിൽപ്പെട്ടു. അതു നീന്തിയിരുന്നതു ജനിച്ച് അധികം ദിവസമാകാത്ത അതിന്റെ കുഞ്ഞിനെയും കടിച്ചു പിടിച്ചുകൊണ്ടായിരുന്നു. മാതൃസ്നേഹത്തിന്റെ മഹനീയത ദൃശ്യമായ കാഴ്ച.

(മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട 2 യുവാക്കളുടെ ജീവൻ രക്ഷിച്ചതിന് ധീരതയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക്കും, ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഭാരതസർക്കാരിന്റെ പരമോന്നത പുരസ്കാരവും നേടിയിട്ടുള്ള രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും സോഷ്യൽ ആക്ടിവിസ്റ്റും ഇംഗ്ലിഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം ജീവിതവിജയഗ്രന്ഥങ്ങളുടെ രചയിതാവും സൈക്കോളജിസ്റ്റുമാണ് ലേഖകൻ. ഫോൺ – 9497216019)