Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജുൻ ആയി ദുൽഖർ, സാറ ആയി പ്രവീൺ

dulquer-salmaan-helps-praveen-new-self-drive-wheelchair ദുല്‍ഖർ സൽമാൻ പ്രവീണിനൊപ്പം

നാലു വർഷത്തിനുശേഷം ദുൽഖർ സൽമാൻ വീണ്ടും ബാംഗ്ളൂർ ഡെയ്‌സിലെ അർജുൻ ആയി. ആർജെ സാറ എലിസബത്തിന്റെ സ്ഥാനത്തു പക്ഷേ തൃപ്പൂണിത്തുറ ഗവ. കോളജ് മൂന്നാം വർഷ വിദ്യാർഥി എം. പ്രവീണായിരുന്നു. സിനിമയിലേപ്പോലെ തന്നെ പ്രവീൺ ഒരു ഇലക്ട്രിക് വീൽച്ചെയറിൽ. ഒപ്പം നടന്നു ദുൽഖറും. അതൊരു സിനിമയല്ലായിരുന്നു പക്ഷേ, ജീവിതമായിരുന്നു, പ്രവീണിന്റെയും അതുവായിച്ചറിഞ്ഞ ദുൽഖറിന്റെയും. 

മലയാള മനോരമ ഹായ് പേജിൽ പ്രസിദ്ധീകരിച്ച പ്രവീണിന്റെ ജീവിതം വായിച്ചറിഞ്ഞ ദുൽഖർ നാലു വർഷം മുൻപത്തെ തന്റെ ഹിറ്റ് സിനിമ ബാംഗ്ളൂർ ഡെയ്‌സ് ഓർത്തു. ചലനശേഷി പരിമിതമായിട്ടും സ്വപ്നങ്ങൾക്കു പരിധി വയ്ക്കാത്ത അതിലെ നായിക പാർവതി അവതരിപ്പിച്ച റേഡിയോ ജോക്കി സാറയെയാണു പ്രവീണിന്റെ സ്ഥാനത്തു ദുൽഖർ ഓർമിച്ചത്. ഉടനെ പ്രിയ വാപ്പച്ചി മമ്മൂട്ടിയുമായി തന്റെ ആഗ്രഹം ദുൽഖർ ചർച്ച ചെയ്തു. പരിമിതികളെ മറികടന്നു പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമനായി തുടരുന്ന പ്രവീണിനു തന്നാലാകുന്ന സഹായം നൽകണം. വാപ്പച്ചിയുടെ കൂടെ നിർദേശത്തെത്തുടർന്നാണു സിനിമയിൽ സാറ ഉപയോഗിച്ചതുപോലുള്ള ഇലക്ട്രിക് വീൽച്ചെയർ സമ്മാനിക്കുവാൻ ദുൽഖർ തീരുമാനിച്ചത്. 

തൃപ്പൂണിത്തുറ ഉദയംപേരൂർ രുഗ്മിണി ഭവനിൽ വി.പി. മുരളീധരന്റെയും ഭാര്യ ഗീതയുടെയും ഇളയ മകൻ പ്രവീൺ സെറിബ്രൽ പാൾസി രോഗബാധിതനായി ജന്മനാ പരിമിത ചലനശേഷിയുള്ളയാളാണ്. അച്ഛന്റെയും അമ്മയുടെയും ചേട്ടൻ പ്രശാന്തിന്റെയും കണ്ണിമയനക്കാതെയുള്ള പരിചരണവും കരുതലും പ്രവീണിനെ ജീവിതത്തിലെ ഓരോ ഘട്ടവും ഏതൊരു സാധാരണ കുട്ടിയെയും പോലെ തരണം ചെയ്യാൻ പ്രാപ്തനാക്കി. പത്താം ക്ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ പ്രവീൺ പ്ലസ്ടുവിലും ഉയർന്ന മാർക്കോടെയാണു വിജയിച്ചത്. തുടർന്ന് തൃപ്പൂണിത്തുറ ഗവ. കോളജിൽ ബികോം കോഴ്സിനു ചേർന്ന പ്രവീൺ അവിടെയും ഇതുവരെയുള്ള പരീക്ഷകളിലെല്ലാം കോളജിലെ ഒന്നാമനായി.

praveen-story2

ഉദയംപേരൂരിലെ വീട്ടിൽ നിന്നു അഞ്ചു കിലോമീറ്റർ അകലെയുള്ള കോളജിലേക്ക് ദിവസവും ഓട്ടോറിക്ഷയിൽ പ്രവീണിനൊപ്പം വരുന്ന അമ്മ ക്ലാസ് കഴിയും വരെ കോളജിൽ മകനൊപ്പം തന്നെയാണ്. ഒന്നാം ക്ലാസു മുതൽ തുടങ്ങിയ ശീലം. കോളജിനുള്ളിലും വീട്ടിലും സാധാരണ വീൽച്ചെയൽ ആരെങ്കിലും തള്ളിക്കൊണ്ടു നടന്നാലേ പ്രവീണിനു സഞ്ചരിക്കാനാകൂ. ദുഷ്കരമെങ്കിലും മകനുമായി കൊച്ചിയിലെ മാളുകളിലും തൃപ്പൂണിത്തുറയിലെ സിനിമ തിയറ്ററുകളിലുമെല്ലാം ഗീതയും മുരളീധരനും പോകും. മമ്മൂട്ടിയും ദുൽഖർ സൽമാനുമാണ് ഇഷ്ട താരങ്ങൾ. ബാംഗ്ളൂർ ഡെയ്സ് കണ്ടപ്പോഴാണു സാറ ഉപയോഗിച്ച പോലുള്ള സെൽഫ് ഡ്രൈവിങ് മോഡുള്ള ഒരു ഇലക്ട്രിക് വീൽച്ചെയർ കിട്ടിയാൽ മാതാപിതാക്കളും ചേട്ടനും എടുക്കുന്ന കഷ്ടപ്പാടിന് അൽപം കുറവുണ്ടാകുമല്ലോയെന്നു പ്രവീൺ ചിന്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇതുവരെയും സ്വപ്നം മാത്രമായിരുന്ന ആ മോഹമാണു ദുൽഖർ സൽമാൻ പൂർത്തീകരിച്ചത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏറ്റവും ആധുനികമായ ഇലക്ട്രിക് വീൽച്ചെയറാണു ദുൽഖർ പ്രവീണിനു സമ്മാനിച്ചത്. ബാംഗ്ളൂർ ഡെയ്സ് സിനിമയും അതിലെ അർജുനും സാറയും ഒട്ടേറെപ്പേരുടെ ജീവിതങ്ങളെ സ്വാധീനിച്ച വിവരം സന്തോഷം പകരുന്നതാണെന്നു ദുൽഖർ പറഞ്ഞു. ശാരീരിക പരിമിതികൾ ജീവിതത്തിൽ ഒന്നിനും തടസ്സമല്ല എന്ന സന്ദേശം പലരുടെയും ചിന്താഗതി തന്നെ മാറ്റിമറിച്ചു. നാലു വർഷത്തിനിപ്പുറവും ആ സിനിമ ചിലരുടെയെങ്കിലും മനസ്സിൽ തൊടുന്നുവെന്നു കേൾക്കുന്നത് വലിയ സന്തോഷം നൽകുന്നുവെന്നും ദുൽഖർ പറഞ്ഞു. സോനം കപൂറിനൊപ്പം ‘ദ് സോയ ഫാക്ടർ’ എന്ന ഹിന്ദി സിനിമയിലാണു ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഷൂട്ടിങ്ങിന്റെ തീരെച്ചെറിയ ഇടവേളയിൽ വീണുകിട്ടിയ സമയമെടുത്താണു കൊച്ചിയിൽ വന്നതും പ്രവീണിന് വീൽച്ചെയർ സമ്മാനിച്ചതും.

മാതാപിതാക്കൾക്കും സഹോദരനും കോളജിലെ പ്രിയ അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പമാണു പ്രവീൺ ദുൽഖറെ കാണാനെത്തിയത്.ഏറെ നേരം ദുൽഖറുമായി സംസാരിച്ചു മടങ്ങും നേരം ഒരേ ഒരു ആവശ്യമാണു പ്രവീൺ ദുൽഖറിനു മുന്നിൽ അവതരിപ്പിച്ചത്. ഒരു ദിവസം തന്റെ കോളജിൽ ഒന്നു വരണം. തന്നെ പൊന്നു പോലെ നോക്കുന്ന, സ്നേഹിക്കുന്ന അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പം കുറച്ചു സമയം ചെലവഴിക്കണം. തീർച്ചായായും ഒരു ദിവസം വരാം എന്ന് ഉറപ്പു നൽകി സ്നേഹാലിംഗനവും നൽകിയാണു ദുൽഖർ പ്രവീണിനെ യാത്രയാക്കിയത്.