ബെക്കാം-വിക്ടോറിയ ബന്ധം തകർച്ചയിൽ?

ലോകത്ത് ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ വിവാഹബന്ധം തകർച്ചയിലെന്നു റിപ്പോർട്ട്. രണ്ടുപേരും തമ്മിൽ നല്ല സ്നേഹത്തിലല്ലെന്നും കുടുംബത്തിനു വേണ്ടി സഹിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വിക്ടോറിയയുമായുളള വിവാഹം അതികഠിനമാണെന്ന് ഡേവിഡ് ബെക്കാം പൊതുവേദിയിൽ പറഞ്ഞിരുന്നു. ഇതോടെ ദീര്‍ഘകാലമായി ബെക്കാമും വിക്‌ടോറിയും തമ്മിലുള്ള സ്‌നേഹബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയെന്ന വിശദീകരണവുമായി റിലേഷന്‍ഷിപ്പ് എക്‌സ്‌പെര്‍ട്ടുകള്‍ രംഗത്ത് വന്നു. ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ഷോയായ സണ്‍ഡേ പ്രൊജക്ടില്‍ വിവാഹജീവിതം എപ്പോഴും കഠിനാദ്ധ്വാനമാണെന്നായിരുന്നു ബെക്കാമിന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് ഏറ്റവും സന്തുഷ്ടമെന്നു മാധ്യമങ്ങൾ വിധിയെഴുതിയ വിവാഹജീവിതത്തിലും പ്രശ്നങ്ങളുണ്ടെന്ന് റിലേഷന്‍ഷിപ്പ് എക്‌സ്‌പര്‍ട്ടുകള്‍ വിശദീകരിച്ചത്.

എന്നാൽ എല്ലാ വിജയകരമായ വിവാഹവും കഠിനാദ്ധ്വാനമാണെന്നും അതാണ് വിജയമാക്കി മാറ്റുന്നതെന്നുമായിരുന്നു ബെക്കാമിന്റെ പ്രസ്താവനയെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നു. എല്ലാ വിവാഹജീവിതത്തിലെയും പ്രണയം വെറും രണ്ടോ മൂന്നോ വര്‍ഷം മാത്രമേ നില നില്‍ക്കുകയുള്ളൂ എന്നാണ് മറുവിഭാഗത്തിന്റെ വാദം. ഉദാത്ത പങ്കാളിയാണ് സ്വന്തം പങ്കാളിയെന്നു തോന്നുന്നവർക്കു പോലും കാലം കടന്നു പോകുമ്പോൾ വൈകാരിക പ്രണയം അവസാനിക്കുന്നതോടെ എല്ലാറ്റിനും മാറ്റം വരുമെന്നും അവർ വിലയിരുത്തുന്നു. പ്രണയിച്ചു വിവാഹിതരായ ബെക്കാം വിക്‌ടോറിയ ദമ്പതികൾക്ക് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്.