Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ നഷ്ടപ്പെട്ട ഭാര്യയ്ക്കായി അലഞ്ഞു, ഒടുവിൽ...

flood hero

പ്രളയം. ഏതോരാളുടേയും മനസിൽ ഉൾക്കിടിലമുണ്ടാക്കുന്ന വാക്ക്. ഒരു ജൻമം കൊണ്ട് ഒരുക്കൂട്ടിയതെല്ലാം നിമിഷ നേരം കൊണ്ട് കൺമുന്നിലൂടെ ഒലിച്ചു പോകുന്ന കാഴ്ച എത്ര ഭീകരമാണ്. എങ്ങും ഉറ്റവരുടെ വിലാപം മാത്രം. എല്ലാവരും തുല്യരെന്നു ഓർമപ്പെടുത്തുന്ന അപൂർവ അവസരം കൂടിയാണ് ഓരോ പ്രകൃതി ദുരന്തങ്ങളും. 

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 2013 ൽ ഉണ്ടായ വെള്ളപ്പൊക്കം അതിഭീകരമായിരുന്നു. തുടർച്ചയായ മഴ പ്രളയത്തിലേക്കു നയിച്ചു. നൂറു കണക്കിനാളുകളാണ് മരിച്ചത്. റോഡുകളും പാലങ്ങളും തകർന്നു. ഒടുവിൽ പ്രളയമൊടുങ്ങി. ജനജീവിതം പതുക്കെയെങ്കിലും സാധാരണ നിലയിലേക്കു വന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർ യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിച്ചു. പക്ഷെ അപ്പോഴും ഒരാൾ മാത്രം തന്റെ പ്രിയതമയുടെ വേർപാട് അംഗീകരിക്കാൻ തയാറായില്ല. എവിടെയോ തന്റെ പത്നി ജീവിക്കുന്നുണ്ടെന്നു വിജേന്ദ്രസിങ് റാത്തോർ ഉറച്ചു വിശ്വസിച്ചു. 

രാജസ്ഥാനിലെ അജ്മീറിൽ ഒരു ട്രാവൽ ഏജൻസിയിലായിരുന്നു വിജേന്ദ്രസിങിന്റെ ജോലി. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. 2013 ൽ കേദാർനാഥിലേക്കുള്ള യാത്ര വിജേന്ദ്രയുടെ ജീവിതം മാറ്റിമറിച്ചു. കേദാർനാഥിലേക്കു പുറപ്പെട്ട 30 യാത്രക്കാരിൽ ഇദ്ദേഹത്തിന്റെ ഭാര്യ ലീലയും ഉണ്ടായിരുന്നു. ഇവർ ഉത്തരാഖണ്ഡിലെത്തിയതിനു പിന്നാലെ വെള്ളപ്പൊക്കമുണ്ടായി. ഭാര്യയെ കാണാതായി. എവിടെയെന്നും ഒരു തുമ്പുമില്ല. ആരേയും പരിചയവുമില്ല. വിജേന്ദ്ര ഭാര്യയ്ക്കായി തിരഞ്ഞു നടന്നു. ഒരു ഫോട്ടോ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. കാണുന്നവരോടൊക്കെ ചോദിച്ചു– എന്റെ ഭാര്യയെ കണ്ടോ ?

ദിസവങ്ങളും മാസങ്ങളും പിന്നിട്ടു. തിരച്ചിൽ വിഫലം. നാട്ടുകാർ വിജേന്ദ്രയ്ക്കു ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്നാൽ പ്രതീക്ഷ കൈവിട്ടില്ല. ഒരിക്കൽ അവളെ കണ്ടുമുട്ടുമെന്നും വിജേന്ദ്ര ഉറച്ചു വിശ്വസിച്ചു. അപ്പോഴും ഇവരുടെ മക്കൾ നാട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഭാര്യയില്ലാതെ ഉത്തരാഖണ്ഡ് വിട്ടു പോകാൻ വിജേന്ദ്ര തയാറായില്ല. നൂറു കണക്കിന് ഗ്രാമങ്ങളിലൂടെ ഇയാൾ അലഞ്ഞു. ഒടുവിൽ ലീല മരിച്ചുവെന്നു സർക്കാർ രേഖപ്പെടുത്തി. വിജേന്ദ്രയ്ക്കു ഒൻപതു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. എന്നാൽ അതു സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. കാരണം ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നു ആയാൾ ദൃഢമായി വിശ്വസിച്ചു. 

2015 ജനുവരി 27 നായിരുന്നു ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലുള്ളവർ ഒരു സ്ത്രീയെക്കുറിച്ച് സൂചന നൽകിയത്. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയെ കണ്ടെന്നും ലീലയോടു സാമ്യമുണ്ടെന്നും അവർ പറഞ്ഞു. അവർ വിജേന്ദ്രയെ അവിടെയെത്തിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ഫലം കണ്ട നിമിഷം. അത് വിജേന്ദ്രയുടെ പ്രിയ പത്നി തന്നെയായിരുന്നു.   

കയ്പേറിയ ദിനങ്ങൾ ലീലയുടെ മാനസിക നില തെറ്റിച്ചിരുന്നു. എല്ലാം മറന്ന് ഒരു പുതുജീവിതം തുന്നിച്ചേർക്കാൻ ശ്രമിക്കുകയാണ് ഈ ദമ്പതികൾ. ഇവരുടെ കഥ കേട്ടറിഞ്ഞ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ഈ ജീവിതം സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്.