ലോകം ചുറ്റാനിറങ്ങിയ മകളെ തേടി പിതാവ്; പുരുഷനൊപ്പം ഹോട്ടലിൽ കണ്ടെന്നു പൊലീസ്

ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നുള്ള ഗ്രേസ് മിലെനെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് അച്ഛൻ ഡേവിഡ് മിലൻ. ലോക പര്യടനത്തിന് ഇറങ്ങിതിരിച്ച 22കാരിയായ മകളെ കുറിച്ച് ഓരാഴ്ചയായി വിവരമൊന്നുമില്ലെന്നാണ് ഡേവിഡ് മിലൻ പറയുന്നത്. 

എസെക്സിലെ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഇദ്ദേഹം ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. സന്ദേശങ്ങളിലൂടെയെങ്കിലും കുടംബവുമായി ബന്ധപ്പെടാറുള്ള മകൾ അവസാനമായി ബന്ധപ്പെട്ടത് ഡിസംബർ ഒന്നിനാണ്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ഡേവിഡ് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ന്യൂസിലാന്റിലെ ഓക്‌ലാൻഡിലുളള സിറ്റി ലൈഫ് ഹോട്ടലിൽ ഗ്രേസ് എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഒരു പുരുഷൻ ഒപ്പമുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥിരീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗ്രേസിന്റെ ക്രെഡിറ്റ് കാർ‌ഡ് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.