മനസ്സിന് ഇണങ്ങിയ പങ്കാളിയെ കിട്ടിയാല്‍ തന്നെ ജീവിതത്തില്‍ പകുതി വിജയിച്ചു എന്നാണര്‍ഥം. എന്നാല്‍ ഇങ്ങന ഒരാളെ കണ്ടെത്തല്‍ എളുപ്പവുമല്ല. എല്ലാ ചേർച്ചയുമില്ലെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങളുള്ള ഒരാളെയാണു നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ മറ്റൊന്നും ചിന്തിക്കേണ്ട, ധൈര്യമായി വിവാഹം കഴിക്കാം. കാരണം എപ്പോഴും സന്തോഷിപ്പാക്കാനായില്ലെങ്കിലും കക്ഷി നിങ്ങളെ നിരാശപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ വളരെ കുറവായിരിക്കും എന്ന് ഉറപ്പ്.
വാക്ക് പാലിക്കുന്നതിലെ കൃത്യത
പത്തു മിനിറ്റിനുള്ളില്‍ തിരിച്ച് വിളിക്കാം, കൃത്യം എട്ടു മണിക്ക് കാണാം എന്നൊക്കെ പറഞ്ഞിട്ട് പിന്നെ മണിക്കൂറുകള്‍ വരെ കാത്തിരിക്കാന്‍ വിടുന്നവരാണ് കാമുകന്മാര് എന്നൊരു പൊതു വിശ്വാസമുണ്ട്. പതിവ് ചുറ്റിക്കളികള്ക്കുശേഷം ഇവര്‍ പിന്നീട് ക്ഷമാപണവുമായി എത്തുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങള്‍ക്ക് അവരോടു ദേഷ്യം തോന്നുന്നില്ലെങ്കിലേ, ക്ഷമിക്കാൻ ആവുമെങ്കിലേ കുഴപ്പമില്ല. എന്നാല്‍ പതിവായി വാക്ക് പാലിക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് അമര്ഷമുണ്ടെങ്കില് ഭാവിയിൽ ഇത് വലിയ പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. കാരണം ഇപ്പോള്‍ ക്ഷമ ചോദിക്കുമെങ്കിലും മുന്നോട്ടു പോകുന്തോറും ഈ ക്ഷമാപണം ഇല്ലാതാകാനും മാത്രമല്ല അവരുടെ ന്യായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചെന്നിരിക്കും.
അതുകൊണ്ട് വാക്ക് പാലിക്കുന്നതിൽ കൃത്യത ഉള്ള ഒരാളാണ് കാമുകൻ എങ്കിൽ കൂടുതലൊന്നും ആലോചിക്കണ്ട.
ചെറിയ മാറ്റങ്ങള്‍ പോലും മനസ്സിലാക്കുക
തന്റേതെന്ന തോന്നലുണ്ടായി കഴിയുമ്പോള്‍ കാമുകന്മാരില് ചില മാറ്റങ്ങളുണ്ടാകാം. ഉദാഹരണത്തിന് പ്രണയത്തിലാകും മുന്‍പ് നിങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയുന്ന അവര്‍ പ്രണയിക്കാൻ തുടങ്ങുന്നതോടെ ഇക്കാര്യത്തില്‍ പിന്നോട്ടു പോകും.
ഇത് മനപൂര്‍വമോ അറിയാതെ സംഭവിക്കുന്നതാ ആകാം. എന്നാൽ വിവാഹം കൂടി കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിൽ അവര്‍ പൂർണ പരാജയമാകാനാണു സാദ്ധ്യത. എന്നാല്‍ ഇതിലും വ്യത്യസ്തരായ ചെറിയൊരു വിഭാഗമുണ്ട്. തലമുടിയുടെ തുമ്പ് മാത്രം ഷെയ്പ് ചെയ്താലോ. പുരികം ചെറുതായി ത്രെഡ് ചെയ്താല്‍ പോലും കണ്ടു പിടിക്കുന്നവര്‍. ഇത് അവര്‍ക്കു നിങ്ങളിലുള്ള ശ്രദ്ധയുടെ കൂടി തെളിവാണ്. അത് കൊണ്ട് ഇങ്ങനെയൊരാളാണ് നിങ്ങള്ക്കൊപ്പമുള്ളതെങ്കില് ധൈര്യമായി ജീവിതത്തിലേക്കു കൂടെ കൂടാം.
സ്വയം ഭക്ഷണം പാകം ചെയ്യുന്ന ആൾ
ഭക്ഷണം ഉണ്ടാക്കുന്നത് സ്ത്രീകളുടെ ജോലിയാണെന്ന ചിന്തയൊക്കെ കാലഹരണപ്പെട്ടു വരികയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഭക്ഷണം ഉണ്ടാക്കാന്‍ അറിയാത്ത പുരുഷന്മാരും കുറവായിരിക്കും. എന്നാല്‍ വല്ലപ്പോഴും അടുക്കളയില്‍ കയറി പരീക്ഷണം നടത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. നിത്യജീവിതത്തില്‍ അടുക്കള കൈകാര്യം ചെയ്യുന്നതും കൗതുകത്തിനു വേണ്ടി പരീക്ഷണങ്ങൾ നടത്തുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. നിങ്ങളുടെ കാമുകന് നിത്യജീവിതത്തില്‍ അടുക്കളെ ജോലി പങ്കുവച്ച് ചെയ്യാന്‍ തയാറുള്ള ആളാണെന്നു ബോധ്യപ്പെട്ടാല്‍ ധൈര്യമായി മുന്നോട്ടു പോകാം. ഏതെങ്കിലും കാരണവശാല്‍ നിങ്ങൾക്ക് അടുക്കളയില്‍ കയറാന്‍ പറ്റാതെ വന്നാലും പട്ടിണി കിടക്കേണ്ടി വരില്ല. മാത്രമല്ല ഈ ശീലമുള്ള ആളുകള്‍ നിങ്ങളെ തുല്യരായി കാണന്നവരുമായിരിക്കും
നിങ്ങള്‍ക്കു വേണ്ടി മാത്രം ജീവിക്കാത്ത ഒരാള്‍
ഞാന്‍ ജീവിക്കുന്നത് തന്നെ നിനക്കു വേണ്ടിയാണെന്ന വാഗ്ദാനം നടത്തുന്ന കാമുകന്മാരുണ്ട്. അത്തരക്കാരെ അല്‍പ്പം അകറ്റി നില്‍ക്കുന്നതായിരിക്കും നല്ലത്. കാരണം മറ്റൊരു ലക്ഷ്യവുമില്ലാതെ നിങ്ങള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന ആള് ഒടുവില്‍ ബാധ്യതയാകാന്‍ ഇടയുണ്ട്. നിങ്ങളുടെ വ്യക്തിപരമായ ഇടങ്ങളും ഇഷ്ടങ്ങളും അവര്‍ പതിയെ ഇല്ലാതാക്കും. അവര്‍ ജീവിക്കുന്നത് തന്നെ നിങ്ങള്‍ക്കു വേണ്ടയാകുമ്പോള് നിങ്ങളും അതുപോലെയായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കും. ഇത് ആരോഗ്യകരമായ ഒരു ദാമ്പത്ത്യത്തിന് ഒട്ടും ഗുണകരമല്ല
എന്നാല്‍ നിങ്ങള്‍ക്കൊപ്പം സ്വന്തം ലക്ഷ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഒരാളാണ് നിങ്ങളുടെ കൂട്ടെങ്കില്‍ നിങ്ങളുടെ സ്വാതന്ത്രം ഉറപ്പാക്കാം. കാരണം സ്വന്തമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങളെ കൂടി ബഹുമാനിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇത്തരക്കാര്‍ മുതിരില്ല.
ഗെയ്റ്റില്‍ ഇറക്കിയ ശേഷവും വീടെത്തിയോ എന്നു ഫോണിലൂടെ തിരക്കുന്നവര്‍
ഒരാള്‍ നിങ്ങള്‍ക്കു നൽകുന്ന കരുതലാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിങ്ങളുടെ സുരക്ഷയിൽ ശ്രദ്ധിക്കുന്നവര്‍ക്കു മാത്രമെ ഇങ്ങനെ പെരുമാറാനാവൂ. സുരക്ഷ ഉറപ്പാക്കുക എന്നത് ജീവിതം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഉത്തരവാദിത്തം ആയതിനാൽ ഇത്തരം ശീലം അതിനുള്ള ഉറപ്പു കൂടിയാണ്. നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും അവര്‍ ചെയ്യില്ല എന്ന് ഉറപ്പും ലഭിക്കും. ഇവരുടെ കൂടെ നിങ്ങള്‍ക്ക് എവിടെയും യാത്ര പോകാം, ഏത് ഉദ്യമത്തിനും ഇറങ്ങി തിരിക്കാം.