Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വര ചില്ലറ വരയല്ല !

Albert ആൽബർട്ട് ആന്റണി താൻ വരച്ച ചിത്രങ്ങള്‍ക്കരികില്‍

ഇരുപതു മാസം... 92 പെൻസിലുകൾ.... 1,317 മുഖചിത്രങ്ങൾ.... ഒരു മീറ്റർ അകലമിട്ട് ചിത്രങ്ങൾ നിരത്തിയാൽ മൂന്നര കിലോമീറ്റർ നീളം.... ആൽബർട്ട് ആന്റണിയുടെ വരചരിതം നീളുകയാണ്. നീണ്ടു നീണ്ട് അതു ലിംക ബുക്കിലെ താളുകളും കടന്നുപോവുന്നതിന്റെ ആഹ്ളാദത്തിലാണ് ആൽബർട്ട് (43). എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക സൈറ്റിലും ആൽബർട്ടിന്റെ കയ്യൊപ്പുണ്ട് എന്നറിയുമ്പോഴാണ് ഈ വര ചില്ലറ വരയല്ല എന്നു തെളിയുന്നത്.

വര കൊണ്ടു തലേവര മാറ്റിവരച്ചല്ലോ എന്നു പറഞ്ഞാൽ ആൽബർട്ട് നിറഞ്ഞു ചിരിക്കും. ആ ചിരിയിൽ പിന്നിട്ട നാളുകളുടെ കറുപ്പും ഇപ്പോഴത്തെ സന്തോഷത്തിന്റെ മഴവിൽ നിറങ്ങളും നിറയുന്നു. ആൽബർട്ടിനെ നാടറിയും, ആപ്പിൾ തങ്കശ്ശേരി എന്നു പറഞ്ഞാൽ ഏറെപ്പേർ എളുപ്പം അറിയും. ആ പേരിനു പിന്നിലും ആപ്പിൾ മധുരം നിറയുന്ന കഥയുണ്ട്. തങ്കശ്ശേരി ആന്റണി ഭവനിൽ ആന്റണിയുടെയും ഫ്രാൻസിനയുടെയും ആറ് ആൺമക്കളിൽ ഏറ്റവും ഇളയ ആളാണ് ആൽബർട്ട്. ആൽബർട്ട് എന്നു പറഞ്ഞൊപ്പിക്കുന്നതിലെ പ്രയാസം കാരണം ജ്യേഷ്ഠൻ ആപ്പിൾ എന്നു വിളിച്ചു തുടങ്ങി. ആ പേര് ചെല്ലപ്പേരായി, വീട്ടിലും നാട്ടിലും. തങ്കശ്ശേരി മാർക്കറ്റിനു സമീപം ആൽബർട്ട് വച്ച വീടിനും ആ പേരു തന്നെ, ആപ്പിൾ വീട്.

പത്താംക്ലാസ് പൂർത്തിയാക്കിയപ്പോൾ ആൽബർട്ട് തിരിച്ചറിഞ്ഞു, തന്റെ വഴിതെളിയാൻ നല്ലതു വരയാണെന്ന്. അങ്ങനെ കൊല്ലം മാധവ സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു. പഠനം പൂർത്തിയാക്കി. പിന്നീടു നാട്ടിൽ സെന്റ് ബർണാഡ് സ്കൂളിൽ കുറച്ചുനാൾ വര പഠിപ്പിച്ചു. തുടർന്നു സൗദിയിൽ പരസ്യക്കമ്പനിയിൽ. മൂന്നു വർഷം അവിടെ. പതിനാറു വർഷം മുൻപു ബഹ്റൈനിലേക്കു മാറി. ഇപ്പോൾ അവിടെ ഇൻഡക്സ് പരസ്യക്കമ്പനിയിൽ പ്രൊഡക്‌ഷൻ സൂപ്പർവൈസർ.

Albert ആൽബർട്ട് ആന്റണി താൻ വരച്ച ചിത്രത്തിനരികിൽ

ഇരുപതു മാസം മുൻപാണ് മുഖചിത്രം വരയ്ക്കുക എന്ന ആശയത്തിലേക്ക് ആൽബർട്ട് എത്തിയത്. പ്രവാസ ജീവിതത്തിൽ മനസ്സിൽ സുഖമുള്ള ചിത്രമായി ഭാര്യ ജോണായുടെ മുഖം. ആദ്യം വരച്ചതും അതു തന്നെ. പിന്നീടു കൂട്ടുകാരിൽ ചിലരുടെ മുഖചിത്രങ്ങൾ വരച്ചെങ്കിലും ഫെയ്സ് ബുക്ക് സുഹൃത്തായ അഡ്വ. ബോറിസ് പോളിന്റെ ചിത്രം വരച്ചതോടെയാണ് വര കാര്യമായത്. വെറുതേ വരച്ചു കളയാതെ ലക്ഷ്യം വച്ചു മുന്നേറാൻ അദ്ദേഹം ഉപദേശിച്ചു. അതോടെ 2015 ആയപ്പോഴേക്കും 460 പേരുടെ ചിത്രം പൂർത്തിയാക്കി ലിംക അധികൃതരുമായി ബന്ധപ്പെട്ടു. അവർ സാക്ഷ്യപ്പെടുത്തി, അതേ പെൻസിൽ കൊണ്ട് ഏറ്റവും അധികം മുഖചിത്രം രചിച്ച വരത്തമ്പുരാൻ ആൽബർട്ട് തന്നെ. 2016ലെ ലിംകയുടെ പുതിയ എഡിഷനിൽ ആൽബർട്ടിന്റെ വരചരിതവും നിറയും. വര മാത്രമല്ല ഓരോരുത്തരെക്കുറിച്ചും ഏതാനും വാചകങ്ങളും ഫെയ്സ് ബുക്കിൽ ഇടുന്നു എന്ന പ്രത്യേകതയും ആൽബർട്ടിനുണ്ട്. തങ്കശ്ശേരിക്കു ചുറ്റുവട്ടമുള്ള സാധാരണക്കാർ മുതൽ അമേരിക്കൻ പ്രസിഡന്റും ബ്രിട്ടിഷ് രാജ്ഞിയും വരെ ആൽബർട്ടിന്റെ പെൻസിൽ കറുപ്പണിഞ്ഞു. ചിത്രം കണ്ട് ലൈക്കു ചെയ്തവർ ആ ഇഷ്ടം പകർന്നു നൽകി. യേശുദാസ്, ശിൽപി കാനായി, ശ്രീകുമാരൻ തമ്പി, നടൻ ജോയി മാത്യു, സംവിധായകൻ ലാൽ ജോസ്..... ഇല്ല, ആ പേരുകൾ അങ്ങനെ എഴുതിയാൽ ഈ പുറം തികയില്ല.

താൻ വരച്ച ചിത്രമാണ് വയലാറിന്റെ നാൽപതാം ചരമവാർഷികത്തിൽ ഫ്രെയിമിട്ട് വച്ചത് എന്നത് ഏറെ സന്തോഷകരമായ അനുഭവമാണെന്ന് ആൽബർട്ട്. ഏറ്റവും സംതൃപ്തിയും ജനപ്രീതിയും നേടിത്തന്ന ചിത്രം മദർ തെരേസയുടേതാണെന്നും അടിവരയിടുന്നു. ഫെയ്സ് ബുക്ക് അധികൃതരോടു വാദിച്ചു പുതിയൊരു അക്കൗണ്ട് തുടങ്ങിയ ചരിത്രവും ആൽബർട്ടിനുണ്ട്. ഷാരൂഖ് ഖാൻ, ഐശ്വര്യറായ് തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ചു ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ആ സംഭവങ്ങൾക്കു തുടക്കം. ഇവരുടെ ആരാധകർക്കു വര ക്ഷ പിടിച്ചു. പക്ഷേ അവർ ഷെയർ ചെയ്തത് ആപ്പിൾ എന്ന പേര് മായ്ച്ചിട്ടാണ്. ഇതിനെതിരെ പ്രതികരിക്കണമെന്ന് ആൽബർട്ടിന്റെ ചില ആരാധകർ പറഞ്ഞതോടെ പ്രതികരിച്ചു. എന്നാൽ അക്കൗണ്ട് അപ്പാടെ മരവിച്ചു. തുടർന്ന് ആൽബർട്ടിനോട് ആരാധനയുള്ള ആൾ തന്നെ ഫെയ്സ് ബുക്ക് അധികൃതരോടു സംസാരിച്ചു പുതിയ അക്കൗണ്ട് തുറന്നു. ആപ്പിൾ തങ്കശ്ശേരി എന്ന ബ്രാക്കറ്റ് പേരോടെ. അയ്യായിരത്തോളം പേരുണ്ട് ആൽബർട്ടിന്റെ ഇഷ്ടക്കാരുടെ പട്ടികയിൽ.

കഴിഞ്ഞ വാരം തങ്കശ്ശേരി തീരദേശ കലാസമിതിയും ആൽബർട്ടിനെ ആദരിച്ചു. തങ്കശ്ശേരി ഹോളി ക്രോസ് പള്ളിയിൽ മുഖചിത്ര പ്രദർശനവും സംഘടിപ്പിച്ചു. തങ്കശ്ശേരിയിലും പരിസരത്തുമുള്ള 165 പേരുടെ മുഖങ്ങളാണ് പ്രദർശിപ്പിച്ചത്. ആരാധകർക്കു പുറമേ മക്കളായ ആഞ്ചലോ, എബി എന്നിവർ ആവശ്യപ്പെടുന്നവരുടെ മുഖചിത്രങ്ങളും ആൽബർട്ട് വരയ്ക്കും. അങ്ങനെ മെസ്സിയും നെയ്മറും മറഡോണയുമെല്ലാം ശേഖരത്തിലുണ്ട്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും സമയമുള്ളപ്പോഴെല്ലാം വരയ്ക്കുക എന്നതാണു ശൈലി. വര മാത്രം ഒരു ലഹരിയായതിനാൽ സമയമേറെ കിട്ടുമെന്ന് ആൽബർട്ട്. മുക്കാൽ മണിക്കൂർ കൊണ്ട് ഒരു ചിത്രം വരയ്ക്കും. കണ്ണുകളിലെ ഭാവം അതേ പടി പകർത്തുന്നു എന്നതാണ് ആൽബർട്ടിന്റെ വരകളുടെ പ്രത്യേകത. കണ്ണുകൾ പകർത്താനാണ് ഏറെ ശ്രദ്ധിക്കുന്നതെന്ന് ആൽബർട്ടും പറയുന്നു. നടരാജിന്റെ കറുപ്പു പെൻസിലുകളാണ് പ്രിയം. വരച്ചു തീർന്ന പെൻസിൽ കുറ്റികളും സൂക്ഷിക്കുന്നു. അവയുടെ എണ്ണം പെരുകട്ടെ.... വിജയചരിതം നീളട്ടെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.