മാതൃകയാക്കാം ഈ ഓട്ടോ ഡ്രൈവർമാരെ

കാസർകോട് ജില്ലയിലെ ഒരു ഓട്ടോ സ്റ്റാൻഡിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാരെ നമുക്കു പരിചയപ്പെടാം. തങ്ങൾ ഓട്ടോ ഓടിക്കുന്ന റോഡുകളിലെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ നിതാന്ത ജാഗ്രത പുലർത്തുന്നവരാണവർ. അങ്ങനെയാണവർ ശ്രദ്ധേയരാകുന്നതും.

കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിന്റെ റിപ്പയറിങ് പണി തുടങ്ങുന്ന വിവരം അറിഞ്ഞപ്പോഴേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ ഒത്തുകൂടി ഒരു തീരുമാനമെടുത്തു: ഗുണനിലവാരമുള്ള റോഡുപണി നമുക്ക് ഉറപ്പുവരുത്തണം. കാരണം, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോകൾ ഓടിക്കേണ്ടി വരുമ്പോൾ ഇന്ധനച്ചെലവ് അവർക്കു കൂടുന്നു. ഇടയ്ക്കിടെ വാഹനം റിപ്പയറിങ് ചെയ്യേണ്ടിവരുന്നു. വാഹനം പതിയെ ഓടിക്കേണ്ടി വരുന്നതുകൊണ്ട്  കൂടുതൽ ട്രിപ്പുകൾ കിട്ടാതെ വരുന്നു. റോഡ് മോശമായാൽ തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം അവർ വിശദമായി വിലയിരുത്തി. അതോടെ ഒരു മഴ പെയ്താൽ കുഴികളാകുന്ന റോഡായി അതു മാറരുതെന്ന് ഉറപ്പാക്കാൻ അവർ ദൃഢനിശ്ചയം ചെയ്തു.  

ഈ റോഡു പണിയിൽ അഴിമതി നടക്കാതിരുന്നാലേ തങ്ങളുടെ റോഡുകൾ നന്നാകൂവെന്ന് അവർക്കറിയാമായിരുന്നു. അതിനവർ പൊതുമരാമത്തു വകുപ്പിൽനിന്ന് ഇയ്യിടെ റിട്ടയർ ചെയ്ത പരിചയക്കാരനായ ഒരു എൻജിനീയറെയാണ് ആദ്യം സമീപിച്ചത്. അദ്ദേഹത്തിൽനിന്ന് റോഡ് പണിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അവർ ചോദിച്ചു മനസ്സിലാക്കി. എസ്റ്റിമേറ്റ് പ്രകാരം ഓരോ റോഡിനും എത്ര വീപ്പ ടാർ വേണമെന്നും എത്ര കനത്തിലാണ് ടാർ ഇടേണ്ടതെന്നുമുള്ള വിവരങ്ങൾ മാത്രമല്ല, റോഡുപണി പൂർത്തിയായിക്കഴിഞ്ഞ് എത്രനാൾ വരെയാണ് ഗാരന്റി കാലയളവ് എന്നുവരെയുള്ള കാര്യങ്ങളും കൃത്യമായി മനസ്സിലാക്കിവച്ചു.

റോഡ്പണി ആരംഭിക്കുന്നതിനു മുന്നോടിയായി മെറ്റലും ടാർ വീപ്പയുമൊക്കെ എത്തിത്തുടങ്ങിയതോടെ ഓട്ടോ ഡ്രൈവർമാർ ജാഗ്രരൂകരായി.

പണിതുടങ്ങിയ ദിവസംതന്നെ ഓട്ടോ ഡ്രൈവർമാരിൽ ചിലർ സൈറ്റിലെത്തി കരാറുകാരനോടു ചോദിച്ചു: ‘‘നിങ്ങൾ എത്ര വീപ്പ ടാറാണ് ഇറക്കിയിട്ടുള്ളത്? എത്ര ക്യുബിക് മെറ്റലാണ് ഈ പണിക്ക് ഉപയോഗിക്കുന്നത്? എത്ര കനത്തിലാണു ടാർ ഇടാൻ പോകുന്നത്?’’

ഈ ചോദ്യങ്ങളെല്ലാം കേട്ടതോടെ വിവരങ്ങളെല്ലാം മനസ്സിലാക്കി വന്നവരാണ് ഓട്ടോ ഡ്രൈവർമാരെന്നു കരാറുകാരനു ബോധ്യപ്പെട്ടു. മറുപടി പറയാൻ അയാൾ ബാധ്യസ്ഥനായി. യഥാർഥത്തിൽ വേണ്ടിയിരുന്ന ടാർ ആ സമയം സൈറ്റിലെത്തിയിരുന്നില്ല. പക്ഷേ, മൂന്നു മണിക്കൂറിനുള്ളിൽ കൂടുതൽ ടാർവീപ്പകളുമായി ലോറികളെത്തി. 

ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഈ ഇടപെടലുകളിലൂടെ ആ പ്രദേശത്ത് ഒരു നല്ല റോഡ് രൂപപ്പെട്ടു. രണ്ടുവർഷം കഴിഞ്ഞിട്ടും ആ റോഡിൽ ഇപ്പോൾ കുഴികളില്ല. 

ഈ ഓട്ടോ ഡ്രൈവർമാർ കാട്ടിയ മാതൃക എന്തുകൊണ്ട് നമ്മുടെ പൊതുസമൂഹത്തിനു സ്വീകരിച്ചുകൂടാ? നിങ്ങളുടെ നികുതിപ്പണംകൊണ്ട് ഉണ്ടാക്കുന്ന റോഡ് കുണ്ടും കുഴിയുമില്ലാത്തതായിരിക്കണമെന്ന് നിങ്ങളല്ലാതെ മറ്റാരാണ് ഉറപ്പുവരുത്തേണ്ടത്? നിതാന്ത ജാഗ്രതയുള്ള ഒരു പൊതുസമൂഹം ഉണ്ടെങ്കിൽ അഴിമതി രഹിത കേരളം യാഥാർഥ്യമാവുകതന്നെ ചെയ്യും.

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം റോഡുകളും മഴക്കാലമാകുന്നതോടെ കുണ്ടും കുഴിയുമായി മാറുന്നു. മഴകൊണ്ടാണോ അഴിമതികൊണ്ടാണോ ഇത്തരം കുണ്ടും കുഴിയുമുണ്ടാകുന്നതെന്ന വിഷയത്തെപ്പറ്റി പല ചർച്ചകളും പഠനങ്ങളുമൊക്കെ നടക്കാറുണ്ട്. റോഡിലെ കുഴിയിൽ അഴിമതി എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യം കാലങ്ങളായി ഉയരുന്നുണ്ട്. എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന ടാറും മെറ്റലും മണലുമൊക്കെ ആ റോഡിന് ഉപയോഗിക്കാതെ കരാറുകാരൻ ഏറ്റെടുത്ത സ്വകാര്യ റോഡിന് ഉപയോഗിക്കുക, നിർദിഷ്ട നീളം, വീതി, കനം എന്നിവയിൽ കുറവു വരുത്തുക, ഗുണനിലവാരമില്ലാത്ത മെറ്റീരിയൽസ് ഉപയോഗിക്കാതിരിക്കുക, ആവശ്യമായ തൊഴിലാളികളെ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ പൊതുമരാമത്തു പണികളുടെ ഗുണനിലവാരം ഇല്ലാതാകുമ്പോഴാണു പണികഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കുഴികൾ ഉണ്ടാകുന്നതിന് ഇടവരുന്നത്.

പൊതുപണം ഉപയോഗിച്ച് റോഡ് നന്നാക്കുമ്പോൾ അതിൽ അഴിമതി ഇല്ലാതിരിക്കുന്നതിനു നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്നു വ്യക്തികൾക്കും കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ തുടങ്ങിയ കൂട്ടായ്മകൾക്കും ശ്രദ്ധിച്ചുകൂടേ?

അതതു പ്രദേശത്തെ പൊതുമരാമത്ത് പണികൾ നാം ഇനി ശ്രദ്ധിക്കണം. കുഴപ്പമുണ്ടെങ്കിൽ ഇടപെടണം. ഓരോ ദിവസവും ഇത്തരം പണികൾ നടക്കുന്ന സൈറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരാകാനും എം. ബുക്കിൽ (അളവ് രേഖപ്പെടുത്തുന്ന ബുക്ക്) അളവ് രേഖപ്പെടുത്താനും നിയമമുണ്ട്. എം. ബുക്കിലെ രേഖപ്പെടുത്തലുകളുടെയും ഗുണനിലാവാരമുണ്ടെന്ന ഉദ്യോഗസ്ഥന്റെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് കരാറുകാരനു തുക നൽകുന്നത്. ഓരോ നിർമാണത്തിനും നിശ്ചിത കാലത്തെ ഗാരന്റിയും നിഷ്കർഷിച്ചിട്ടുണ്ട്. ആ കാലയളവിനുള്ളിൽ മരാമത്തു പണിയിൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ കരാറുകാരൻ സ്വന്തം ചെലവിൽ റിപ്പയറിങ് ചെയ്യാൻ ബാധ്യസ്ഥനാണ്.

മരാമത്തു പണികൾ ആരംഭിക്കുംമുൻപ് ആ സൈറ്റിൽ കരാറുകാരന്റെ പേര്, കരാർ പണിയുടെ നീളം, വീതി, പണിതുടങ്ങുന്ന തീയതി, കാലയളവ് എന്നിവയൊക്കെ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണമെന്നും നിബന്ധനയുണ്ട്. ഇതൊന്നും യഥാവിധി പാലിക്കപ്പെടുന്നില്ല. ഇത്തരം ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ ഏതു പൗരനും അവകാശമുണ്ട്. ആ അവകാശം വിനിയോഗിക്കാൻ എന്താണു നിങ്ങൾ തയാറാകാത്തത്? പൊതുജനം ജാഗ്രത പുലർത്തിയാൽ റോഡുകൾ നന്നാവും. കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ സഞ്ചരിക്കാൻ കഴിയും സുഖകരമായ യാത്ര യാഥാർഥ്യമാകും. മഴ വരുമ്പോൾ കുഴികളിൽ വീഴാതിരിക്കാം. ശരീരവേദന മാറ്റാൻ മയിലെണ്ണ പുരട്ടേണ്ട സ്ഥിതിയും ഇല്ലാതാക്കാം.

തയാറാക്കിയത്: ഷെരീഫ് നെടുമങ്ങാട്.