Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനകാലത്ത് ആണും പെണ്ണും ഒരുമിച്ചു താമസിച്ചാൽ?

Living Together Representative Image

കലാലയത്തിന്റെ അകത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടന്നാലോ ഇരുന്നാലോ തെറ്റാണെന്നു ധരിക്കുന്ന മലയാളിയുടെ സദാചാരബോധത്തിന് ഒരിക്കലും ദഹിക്കാത്ത സംഭവമാണ് കൊല്ലം ചടയമംഗലത്തുള്ള സ്വകാര്യ കൊളേജിൽ സംഭവിച്ചത്. പഠനകാലത്ത് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചു താമസിച്ചു പഠിക്കുക, ഇതു മലയാളിയുടെ ഭ്രാന്തമായ സദാചരവ്യവസ്ഥിയുടെ മേലേറ്റ പ്രഹരമായി. ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ പറ്റാത്ത തെറ്റ്. ആ തെറ്റിന്റെ പേരിൽ കൊളേജ് പ്രതികാര നടപടികളുമെടുത്തു. പ്രായപൂർത്തിയായ ആ ഇരുപതുവയസുകാരെ കൊളേജിൽ നിന്നും പുറത്താക്കി. പുറത്താക്കുക മാത്രമല്ല വിഷയം കോടതി മുറിവരെ എത്തി. കൊളേജിന്റെ നടപടിയ്ക്കെതിരെ പെൺകുട്ടി കോടതിയെ സമീപിച്ചു. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ചു താമസിക്കുന്നതു കേരളീയ സംസ്കാരത്തിനേറ്റ മുറിവായതുകൊണ്ടാവാം കൊളേജ് നടപടിയെടുത്തതെന്ന് കരുതിയാലും ഈ സംഭവത്തിന്മേലുള്ള കോടതിയുടെ ഇടപെടലിനെ അഭ്യസ്ഥവിദ്യരെന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാൻ പ്രയാസമാകും.

കോളേജ് പഠനവും ലിവിംഗ് ടുഗദറും ഒരുമിച്ചു കൊണ്ടുപോകുന്നത് തിരുത്തപ്പെടേണ്ടതും മാറ്റി നിര്‍ത്തപ്പെടേണ്ടതുമായ കാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. പഠനകാലത്തെ പ്രണയം എന്ന ചെറിയ കാര്യത്തില്‍ ഒതുക്കാവുന്ന കാര്യമല്ല ഇതെന്നും വിവാഹവുമായി ബന്ധപ്പെട്ട യാതൊരു ഉടമ്പടിയും കൂടാതെ ഒരുമിച്ച് പഠിക്കുന്നവര്‍ ഒളിച്ചോടുന്നതും ഒരുമിച്ചു ജീവിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് ഉത്ക്കണ്ഠ ഉണ്ടാക്കുന്ന കാര്യം തന്നെയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അച്ചടക്കം ഉറപ്പാക്കണമെന്നതു മാറ്റി വെയ്ക്കാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഈ നിലപാടിനെ നിയമത്തിന്റെ ഭാഷയെന്ന് ഒരിക്കലും വിലയിരുത്താനാകില്ല, ഇടുങ്ങിയ ചിന്താഗതിയിൽ ജീവിക്കുന്ന മലയാളി മനസ്സിന്റെ പ്രതിഫലനം മാത്രമാണു കോടതി മുറിയിൽ ഉയർന്നുകേട്ടത്. സുപ്രീംകോടതി പോലും അംഗീകരിച്ച ലീവിംഗ് ടുഗദർ ഹൈകോടതിയ്ക്ക് ഇത്രമേൽ തെറ്റാകുന്നത് എങ്ങനെയാണ്?

പ്രായപൂർത്തിയായ ആൺകുട്ടിക്കും പെൺകുട്ടിക്കും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശത്തിലെ ആർട്ടികിൾ 21ന്റെ പരിധിയിൽപ്പെടുന്നതാണ്. ആരെ വേണമെങ്കിലും വിവാഹം കഴിച്ചു ജീവിക്കാനുള്ള അവകാശം. ഈ അവകാശം വിനിയോഗിക്കണമെങ്കിൽ ആൺകുട്ടിക്ക് 21 വയസ്സും പെൺകുട്ടിക്ക് 18 വയസ്സും എത്തണം. ഈ സംഭവത്തിലെ പെൺകുട്ടിയും ആൺകുട്ടിയും ഇരുപതുവയസ്സു മാത്രം പ്രായമുള്ളവരാണ്, അതിനാൽ വിവാഹം കഴിക്കാനുള്ള മൗലികാവകാശം അവർക്കു വിനിയോഗിക്കാനാവില്ല, എന്നാൽ ഒരുമിച്ചു ജീവിക്കുന്നതിനു പതിനെട്ടു വയസ്സു പൂർത്തിയായാൽ മതിയാകും. അപ്പോൾ പിന്നെ ഏത് അർഥത്തിലാണ് ഇരുവരും തെറ്റുകാരാകുന്നത്? ഒരുമിച്ചു ജീവിക്കുന്നത് തെറ്റാണെന്ന് ഒരു നിയമവും അനുശാസിക്കാത്തയിടത്തോളം കാലം കോടതി ഇത്രമേൽ സദാചാരബോധം പ്രകടിപ്പിച്ചത് അക്ഷരാർഥത്തിൽ ഈ വിദ്യാർഥികളെ മാനസികമായി തകർക്കുന്നതു തന്നെയാണ്.

ക്രിമിനൽ കുറ്റം ചെയ്തവരുടെ ഗണത്തിലേക്കാണ് അറിയാതെയെങ്കിലും കോടതി ഇവരെ വലിച്ചിഴച്ചത്. അനുകൂലമായ വിധി പ്രസ്താവിച്ചില്ലെങ്കിലും ഇത്തരമൊരു വിലയിരുത്തൽ നടത്തിയതുമൂലം ഈ സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള പെൺകുട്ടിയുടെ അവകാശത്തിനു മേലാണ് കോടതി കരിനിഴൽ വീഴ്ത്തിയത് എന്നാണ് വിലയിരുത്തൽ. Right to live with dignity എന്ന മൗലികാവകാശം സംരക്ഷിക്കപ്പെടാൻ അവൾ ഇനി ഏതു കോടതിയെ സമീപിക്കണം?

കൊളേജ് നിയമിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ടിനെ മാത്രം ആശ്രയിച്ചാണ് കോടതി ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകൻ എ.വി. അനിൽകുമാർ വ്യക്തമാക്കിയത്. വിദ്യാർഥികൾക്കെതിരെ വിധി പറഞ്ഞ കോടതി ഏതു നീതിന്യായ വ്യവസ്ഥയുടെ പിൻബലത്തിലാണ് അവർ ചെയ്ത പ്രവൃത്തി തെറ്റാണെന്ന് കണ്ടെത്തിയത്. കാണാനില്ല എന്ന പേരില്‍ മാതാപിതാക്കൾ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍മൃ മറ്റൊരു വിദ്യാർഥിയെ പ്രണയിച്ചു എന്നുള്ളതല്ലാതെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനുചിതമായ ശിക്ഷയ്ക്ക് അര്‍ഹയല്ലെന്നും പെണ്‍കുട്ടി വാദിച്ചു. എന്നാൽ പങ്കാളികളുടെ അവകാശങ്ങള്‍ ‌ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ലെന്നു കോടതി പറഞ്ഞു. നടപടി അച്ചടക്കം പരിപാലിക്കാന്‍ സഹായിക്കുമെന്നും സ്വകാര്യ മേഖല നടത്തുന്ന കോളേജുകളില്‍ സല്‍പ്പേര് അത്യാവശ്യമായ ഘടകമാണെന്നും കോളേജ് അധികൃതരും പ്രതികരിച്ചു.

അന്വേഷണ കമ്മിറ്റിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചതെന്ന ന്യായീകരണം കോടതിയ്ക്കുണ്ട്. എന്നാൽ കുട്ടികൾക്കെതിരെ ഇത്രമാത്രം വിമർശനാത്മകമായ വിധി വരാൻ തക്ക റിപ്പോർട്ട് സമർപ്പിച്ച അന്വേഷണകമ്മിറ്റിക്ക് എന്തു ന്യായം പറയാൻ സാധിക്കും. സ്വാശ്രയ കൊളേജുകൾ പൊട്ടിമുളയ്ക്കുന്നതിനു മുമ്പു കേരളത്തിലൊരു കലാലയ സംസ്ക്കാരമുണ്ടായിരുന്നു. ജെ.എൻ.യുവിനോളം മികച്ച കലാലയ സംസ്ക്കാരമായിരുന്നു അത്. സാഹിത്യ ക്യാംപുകളിൽ നേരംവെളുക്കുവോളം ആൺകുട്ടികളും പെൺകുട്ടികളും കവിത ചൊല്ലി നടന്നിരുന്ന കലാലയങ്ങൾ കേരളത്തിലുണ്ടായിരുന്നു. നാഷണൽ സർവീസ് സ്കീമിന്റെ പരിപാടികളിൽ പങ്കെടുത്ത് ക്യാംപസിൽ തന്നെ വിദ്യാർഥികൾ കിടന്നുറങ്ങിയ കാലം കേരളത്തിൽ തന്നെയായിരുന്നു. യുവജനോത്സവത്തിന്റെ കാലത്ത് കലാലയങ്ങളിലെ രാത്രികൾക്ക് പകലിനെക്കാൾ തെളിച്ചമായിരുന്നു. നിയമങ്ങളുടെ വേലിയ്ക്കുളിൽ എന്നുമുതൽ കലാലയങ്ങളെ കെട്ടിനിറുത്തിയോ അന്നുമുതലാണ് നിയമലംഘനങ്ങളുടെ എണ്ണവും വർധിച്ചത്.

എന്നാൽ ഈ സംഭവത്തിൽ കലാലയത്തിന്റെ എന്തു നിയമമാണ് അവർ ലംഘിച്ചത്? മൂന്നാമത്തെ സെമസ്റ്ററിൽ പോലും 83 ശതമാനം മാർക്ക് നേടിയ പെൺകുട്ടിയെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കിയത്. കേവലമൊരു സസ്പെൻഷനിലൂടെയോ ടിസി നൽകിയോ പുറത്താക്കിയിരുന്നെങ്കിൽ അൽപ്പം ദയ ആ നടപടിയിൽ കാണാമായിരുന്നു. എന്നാൽ വിഷയം യൂണിവേഴ്സ്റ്റി തലത്തിൽ എത്തിച്ച് പുറത്താക്കിയതു വഴി പുതിയ കൊളേജിൽ ചേർന്നാലും മൂന്നാം സെമസ്റ്റർ വീണ്ടും പഠിക്കേണ്ട അവസ്ഥയാണ് പെൺകുട്ടിക്കുള്ളത്. കലാലയത്തിന്റെ അച്ചടക്കം മാനിച്ച് ആൺകുട്ടി ടിസി വാങ്ങാൻ തയ്യാറായിട്ടുപോലും പെൺകുട്ടിയെ തുടർന്നു പഠിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തതിനെ പ്രതികാര നടപടിയായി മാത്രമേ കാണാൻ സാധിക്കൂ. മാനേജ്മെന്റിന് ക്ഷമാപണക്കത്തു നൽകിയിട്ടുപോലും നടപടി പിൻവലിക്കാത്തതിനെ എന്തുപേരിട്ട് വിളിക്കണം?

ക്യാംപസിനുള്ളിൽ യാതൊരുവിധ അച്ചടക്കലംഘനവും നടത്താതെ സമർഥരായി പഠിച്ചുവന്ന വിദ്യാർഥികളുടെ വ്യക്തിപരമായ വിഷയങ്ങളിൽ മാനേജ്മെന്റായാലും കോടതിയായാലും ചുഴ്ന്നിറങ്ങുന്നത് അംഗീകരിക്കുക പ്രയാസമാണ്. കോളേജിന്റെയുള്ളിൽ നടക്കുന്ന വിഷയങ്ങളിൽ നടപടിയെടുക്കുന്നതു പോലെയല്ല ഇത്. തികച്ചും വ്യക്തിപരമായ കാര്യത്തിൽ ഇത്രമാത്രം പരുഷമായ നിലപാട് കൊളേജ് അധികൃതർ സ്വീകരിച്ചത് ഇരുവരുടെയും ഭാവി തുലസിലാക്കുന്നതാണ്. വിവാഹപ്രായമെത്തിയാൽ ഇരുവീട്ടുകാരും ഇരുവരുടെയും വിവാഹം നടത്തികൊടുക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് അഭിഭാഷകൻ എ.വി. അനിൽകുമാർ അറിയിച്ചു. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിൽ വീട്ടുകാർക്കുപോലും എതിർപ്പില്ലാത്ത സാഹചര്യത്തിൽ ഇത്രമേൽ ഇടുങ്ങിയ മനോഭാവം കൊളേജ് അധികൃതർ മാറ്റേണ്ടത് ഭാവിയുടെ ആവശ്യം കൂടിയാണ്.

സമാനമായ സംഭവങ്ങൾ തടയാനാണ് ഇത്തരമൊരു നിലപാടെങ്കിൽ അത് തെറ്റായ ഫലമേ ഉളവാക്കുകയുള്ളൂ എന്നാണ് മുൻകാല അനുഭവങ്ങൾ. നിയമങ്ങളെ ലംഘിക്കാനുള്ള പ്രവണത ശക്തമായി നിലനിൽക്കുന്ന പ്രായമാണ് കൊളേജുകാലം. നിയമങ്ങൾ മുറുകും തോറും ലംഘനങ്ങളുടെ എണ്ണവും കൂടും. അതു വരാനിരിക്കുന്ന വലിയ വിപത്തുകളുടെ വിത്തുപാകുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

Your Rating: