Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകക്കുഴലുകൾക്കുള്ളിൽ കരിപിടിക്കാതെ ഒരു പെൺകുട്ടി

diana ഡയാന ഡ്യുറിക്

ആറാം വയസ്സിൽ ആരംഭിച്ചതാണ് പുകക്കുഴലുകൾക്കൊപ്പമുള്ള ഡയാന ഡ്യുറിക്കിന്റെ ജീവിതം. ഇതിനോടകം താൻ വൃത്തിയാക്കിയിരിക്കുന്ന ചിമ്മിണികൾ എത്രയെന്ന് അവർക്കു തന്നെ നിശ്ചയമില്ല. ഇപ്പോൾ വയസ്സ് 25 ആയിരിക്കുന്നു. ഇതിനോടകം ജീവിതം ‘കരിപിടിച്ചു’ പോയിട്ടുണ്ടാകുമെന്ന് ചിരിച്ചുതള്ളും മുൻപ് ഡയാനയുടെ വിശേഷങ്ങളറിയാം–നിരന്തരം പുകക്കുഴലുകളിലെ കരിയേറ്റിട്ടും അതിൽ നിന്ന് നിറപ്പകിട്ടാർന്നൊരു ജീവിതമുണ്ടാക്കിയ കഥ. ബോസ്നിയയിൽ ഇന്നുള്ള ഒരേയൊരു വനിതാ ചിമ്മിണി സ്വീപ്പറാണ് ഡയാന. ആണുങ്ങൾ പോലും ‘മെനക്കേടു പിടിച്ച പണി’യെന്നു പറഞ്ഞു തള്ളുന്ന ഈ ജോലി ആറാം വയസ്സിൽ അച്ഛനൊപ്പം തുടങ്ങിയതാണ് ഡയാന. ആദ്യം കരിവാരി മുഖത്തു തേച്ച് അച്ഛനെ ശല്യപ്പെടുത്തിക്കൊണ്ടാണ് തുടക്കമെങ്കിലും ഇന്ന് പ്രദേശത്തെ തിരക്കേറിയ ചിമ്മിണി സ്വീപ്പറാണ് ഡയാന.

diana-3 ഡയാന ഡ്യുറിക് ജോലിയ്ക്കിടയിൽ

രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്ന ജോലി അർധരാത്രിയോളം തുടരും. ചിലപ്പോഴൊക്കെ രാത്രി അപ്രതീക്ഷിതമായിപ്പോലും ആവശ്യക്കാരുടെ ഫോൺ വരും. എല്ലായിപ്പോഴും തന്റെ കറുത്ത കോട്ടും വട്ടത്തൊപ്പിയും വച്ച് വൃത്തിയാക്കാനുള്ള ഉപകരണങ്ങളുമായി ഒരു നിറഞ്ഞ ചിരിയോടെ ഈ പെൺകുട്ടി ഹാജർ. മിക്കവാറും മുഖത്താകെ കരിയുടെ പാടുകളും കാണും. പഠിത്തത്തിൽ മോശമായി, മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ടാണ് ഈ ജോലിക്ക് ഡയാന പോയതെന്ന് കരുതരുത്. മാത്രവുമല്ല ബോസ്നിയയിൽ ചിമ്മിണി വൃത്തിയാക്കൽ അത്ര മോശം ജോലിയുമല്ല. തങ്ങളുടെ വീട്ടിലെ ഇരുളിനെ നീക്കി ചൂടും വൃത്തിയും പകരുന്ന അവരെ കാണുന്നത് നല്ല ലക്ഷണമായിട്ടാണ് ബോസ്നിയക്കാർ കരുതുന്നത്. അതിനാൽത്തന്നെ പ്രദേശത്ത് ഡയാനയ്ക്ക് അൽപം താരപരിവേഷവുമുണ്ട്.

diana-1 ഡയാന ഡ്യുറിക് ജോലിയ്ക്കിടയിൽ

ഇക്കോളജിയിലും എൻവയോണ്മെന്റൽ പ്രൊട്ടക്‌ഷനിലും ബിരുദധാരിയാണ് ഡയാന. എൻവയോണ്മെന്റൽ െടക്നിഷ്യനായും ജോലി നോക്കിയിട്ടുണ്ട്. സർവകലാശാല പഠനത്തിനിടയിലും ഒരു ഹോബി പോലെ ചിമ്മിണി വൃത്തിയാക്കലും ഒപ്പം കൊണ്ടുപോയിരുന്നു. ഒടുവിൽ പഠനം കഴിഞ്ഞ് ഒരു ജോലിയെക്കുറിച്ചാലോചിച്ചപ്പോൾ അച്ഛന്റെ അതേ പാത പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. ചിമ്മിണി കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ പുറത്തുവരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു പ്രധാന കാരണമാണ്. അതിനാൽത്തന്നെ പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ വൃത്തിയാക്കലിനുള്ള ഉപകരണങ്ങളും തയാറാക്കിയെടുത്തിട്ടുണ്ട് ഡയാന. ഇൻസ്പെക്‌ഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. പുകക്കുഴൽ–പരിസ്ഥിതി ബന്ധമാണ് ഡയാനയുടെ മാസ്റ്റേഴ്സ് തിസിസിന്റെ വിഷയം പോലും.

diana-2 ഡയാന ഡ്യുറിക് ജോലിയ്ക്കിടയിൽ

എന്നാലും അത്ര എളുപ്പമല്ല ഈ ജോലിയെന്നും പറയുന്നു ഡയാന–ഒരിക്കൽ ഒരു വീടിന്റെ മുകളിൽ നിന്നു വീണ് മൂന്നു മാസത്തോളമാണ് ചികിൽസയ്ക്കായി കിടന്നുപോയത്. മഞ്ഞുകാലത്ത് മേൽക്കൂരകളിലൂടെ കാൽവഴുതാതെ നടക്കുകയെന്നതാണ് ജോലിയിൽ ഏറെ ശ്രദ്ധിക്കേണ്ടതെന്നും ഡയാനയുടെ ഉപദേശം. ഒരു പ്രശ്നം കൂടിയുണ്ട്. മനുഷ്യനു മാത്രമേ ഡയാനയെ കാണുമ്പോൾ നല്ല ലക്ഷണമായി തോന്നൂ. നായ്ക്കളുടെ കാഴ്ചപ്പാടിൽ വീടിനു മുകളിലേക്ക് അള്ളിപ്പിടിച്ചു കയറുന്നവരെല്ലാം കള്ളന്മാരാണ്. അതിനാൽത്തന്നെ പലപ്പോഴും നായ്ക്കളുടെ കുരയുടെ അകമ്പടിയോടെയാണ് ഡയാനയുടെ മേൽക്കൂര കയറ്റം. ഒരു തവണ നായുടെ ആക്രമണവുമുണ്ടായിട്ടുണ്ട്. അന്ന് കഴുത്തിനിട്ടായിരുന്നു കടി കിട്ടിയത്. എന്തൊക്കെയാണെങ്കിലും ചിമ്മിണി എളുപ്പത്തിൽ വൃത്തിയാക്കാനുള്ള പുത്തൻ ഉപകരണങ്ങൾ തയാറാക്കുന്ന തിരക്കിലാണ് ഡയാന ഇപ്പോൾ. ഒപ്പം ബിസിനസ് ഒന്നുകൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലും.

Your Rating: