പെൺകുഞ്ഞാണോ, ഇവിടെ പ്രസവച്ചെലവുകൾ ഡോക്ടറുടെ വക ഫ്രീ...

ഡോക്ടർ ഗണേഷ് രാഖ്

ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പേടിക്കേണ്ട, ഡോക്ടർ ഗണേഷ് രാഖ് നിങ്ങളുടെ പ്രസവം സൗജന്യമായി എടുക്കും. 2007 ലാണ് ഇദ്ദേഹം പ്രസവത്തിനായി പൂനയിൽ ഒരു ആശുപത്രി തുടങ്ങിയത്. പാവപ്പെട്ടവരായ രക്ഷിതാക്കൾക്കളെ സഹായിക്കാനുദ്ദേശിച്ചായിരുന്നു ഇൗ സംരംഭം.

എന്നാൽ ആശുപത്രിയുടെ പ്രവർത്തനം വ്യപിപ്പിക്കുന്നതിനിടയിലാണ് നാട്ടിൽ പെൺഭ്രൂണഹത്യ കൂടി വരുന്നതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനൊരു മറുമരുന്നായാണ് ആശുപത്രിയിൽ ജനിക്കുന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഫീസ് സൗജന്യമാക്കുന്നുവെന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഫീസ് സൗജന്യമാണ്. മാത്രമല്ല പെൺകുട്ടിയുടെ ജനനം ഇവിടെ മധുരം നൽകി ആഘോഷിക്കുകയും ചെയ്യും.

പെൺകുട്ടിയാണ് തന്റെ വയറ്റിലുള്ളത് എന്നറിയുമ്പോൾ അമ്മ അനുഭവിക്കുന്ന മാനസിക വിഷമവും പീഡനങ്ങളും നേരിൽ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഡോ.ഗണേഷ് പറയുന്നു. ഗർഭാസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിർണയം ദയവുചെയ്ത് നടത്തരുതെന്ന ഒരു അപേക്ഷയാണ് ഇദ്ദേഹത്തിന് മറ്റു ഡോക്ടർമാരോട് പറയാനുള്ളത്. പകരം പെൺകുട്ടികളെ സ്വീകരിക്കാൻ രക്ഷകർത്താക്കളെ മാനസീകമായി തയ്യാറാക്കുക എന്നുമാണ്.