റോബട്ടിന്റെ ‘കൈ’ പിടിച്ചെത്തി കൂട്ടുകാരികൾക്കടുത്ത്, ആ കുരുന്ന്

നല്ല മഴയുള്ളൊരു ദിവസം പുതപ്പിനുള്ളിൽ സുഖമായുറങ്ങുമ്പോഴായിരിക്കും ‘എണീക്ക് കൊച്ചേ, സ്കൂളീ പോകാൻ നേരായി..’ എന്നുള്ള അമ്മയുടെ ഒച്ച. ‘ശൊ, ഒരു പനി പിടിച്ചിരുന്നെങ്കിൽ ഇന്ന് സ്കൂളിൽ പോകേണ്ടായിരുന്നു’ എന്നു പറഞ്ഞെണീറ്റ എത്രയോ പകലുകൾ കാണും. വയറുവേദനയാണ്, തലവേദനയാണ് എന്നൊക്കെപ്പറഞ്ഞ് ക്ലാസിൽ പോകാതിരിക്കാൻ കൊച്ചുകൂട്ടുകാർ എന്തെല്ലാം തന്ത്രങ്ങൾ പ്രയോഗിച്ചിരിക്കുന്നു.

പക്ഷേ അമേരിക്കയിലെ പേടൺ വാൾട്ടൻ എന്ന പത്തുവയസ്സുകാരിക്ക് വലിയൊരു അസുഖം വന്നതോടെ സ്കൂളിൽ പോകാൻ പറ്റാതായി. പഠിപ്പിൽ മിടുക്കിയായ പേടണിന് കാൻസർ ചികിൽസയ്ക്കു വേണ്ടിയാണ് അഞ്ച് ആഴ്ചത്തെ അവധിയെടുക്കേണ്ടി വന്നത്. ചികിൽസ കഴിഞ്ഞ് വരുമ്പോൾ അതുവരെ പഠിപ്പിച്ചതെല്ലാം പറഞ്ഞുകൊടുക്കാൻ അധ്യാപകരും കൂട്ടുകാരും വരെ തയാറായിരുന്നു. പക്ഷേ ആശുപത്രിക്കിടക്കയിൽ ചുമ്മാ സമയം കളയുമ്പോൾ പേടൺ ആലോചിച്ചു–‘ക്ലാസിലൊന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ...കൂട്ടുകാരെ കാണാൻ പറ്റിയിരുന്നെങ്കിൽ..’

ആ സങ്കടം എന്തായാലും ഡബ്‌ൾ റോബോട്ടിക്സ് എന്ന കമ്പനി കേട്ടു. വിദൂരത്തിരുന്ന് കാര്യങ്ങളെല്ലാം നിയന്ത്രിക്കാവുന്ന വിധം ഡോക്ടർമാർക്കും മറ്റും റോബോട്ടിക് സഹായം നൽകുന്ന കമ്പനിയാണിത്. അവർ പേടണിനു വേണ്ടി ഉരുണ്ടുപോകുന്ന ഒരു റോബോട്ടിക് റോളർ തയാറാക്കി. അതിന്മേൽ ഒരു ഐപാഡ് ഘടിപ്പിച്ചു. ബ്ലൂടൂത്ത് വഴി ഐപാഡും റോളറിന്റെ ചക്രങ്ങളും തമ്മിൽ കണക്‌ഷനുണ്ടാക്കി. മറ്റൊരു ഐപാഡ് പേടണിനും കൊടുത്തു. എന്നിട്ട് ആ റോളർ റോബട്ടിനെ സ്കൂളിലേക്കയച്ചു. പാവ്സ് എന്നാണ് ആ പാവം റോബട്ടിന് പേടൺ നൽകിയ പേര്.

അതായത് Peyton’s Awesome Virtual Self(PAWS) എന്നതിന്റെ ചുരുക്കപ്പേര്. സ്കൂളിലെ കാഴ്ചകളെല്ലാം കാണാവുന്ന വിധം ഒരു ആപ്ലിക്കേഷനും തയാറാക്കി നൽകിയിരുന്നു. അതുവഴി സ്കൂളിലെ ഓരോ വളവും തിരിവും കടന്ന് റോബട്ട് പോകുന്നത് പേടണിന് തന്റെ കയ്യിലിരിക്കുന്ന ഐപാഡിൽ കാണാമായിരുന്നു. വൈ–ഫൈ വഴിയായിരുന്നു ഈ സൗകര്യം സാധ്യമാക്കിയത്. ഐപാഡിലെ വിഡിയോ കോൺഫറൻസ് ഉപയോഗിച്ച് വഴിയിൽ കാണുന്നവോരൊടെല്ലാം ഹായ് പറഞ്ഞു, ക്ലാസിലെത്തി കൂട്ടുകാരോട് സംസാരിച്ചു, അവരോടൊപ്പം ടീച്ചറുടെ ക്ലാസ് കേട്ടു, സംശയങ്ങൾ ചോദിച്ചു...

പേടണിന്റെ കൂട്ടുകാരികൾക്കാകട്ടെ പ്രിയ സുഹൃത്ത് തൊട്ടടുത്തു വന്നതു പോലെയും. അവൾക്ക് എല്ലാ പിന്തുണയും നൽകി അധ്യാപകരും ഒപ്പം നിന്നു. ദൂരെയിരുന്നാണെങ്കിലും കൂട്ടുകാരോടൊപ്പം ചേരാൻ പറ്റിയതിൽ ആ കുരുന്നിനും പെരുത്ത് സന്തോഷം. 3000 ഡോളർ (ഏകദേശം രണ്ടുലക്ഷം രൂപയ്ക്കടുത്ത്) ആണ് പാവ്സിനു വേണ്ടി ചെലവാക്കിയത്. പക്ഷേ അവിടെയും പേടണിന് സഹായവുമായി വന്നത് കൂട്ടുകാരായിരുന്നു. അവരായിരുന്നു ആ പണം മുഴുവൻ ശേഖരിച്ച് പ്രിയ കൂട്ടുകാരിക്ക് കൊടുത്തത്...