111 ദിവസം, ബംഗലൂരുവിൽ നിന്നു പാരീസിലേയ്ക്കൊരു കാർ യാത്ര

ആനന്ദും കുടുംബവും. കടപ്പാട് : ഫെയ്സ്ബുക്ക്

അവധിക്കാലത്ത് ഒരു ഫാമിലി ടൂർ സാധാരണമാണ്. എന്നാൽ 111 ദിവസങ്ങളെടുത്ത് പല രാജ്യങ്ങൾ കണ്ട് സ്വന്തം കാറിൽ ഒരു ഫാമിലി ടൂർ ആയാലോ? ഇങ്ങനെ ഒരു യാത്ര നടത്തി വ്യത്യസ്തരായിരിക്കുകയാണ് ബംഗലൂരുവിൽ നിന്നുള്ള ആനന്ദും കുടുംബവും. പന്ത്രണ്ടു വയസ്സുകാരൻ യാഷും എട്ടു വയസ്സുകാരി ദൃതിയുമൊത്ത് ആനന്ദും ഭാര്യ പുനിതയും കണ്ടറിഞ്ഞത് ഒന്നും രണ്ടുമല്ല, 11 രാജ്യങ്ങളാണ്.

ബംഗലൂരുവിൽ തുടങ്ങി തുടങ്ങി പാരീസിലവസാനിച്ച യാത്രയ്ക്ക് കൃത്യമായ മുന്നൊരുക്കങ്ങളും ഇവർ നടത്തിയിരുന്നു. 12 രാജ്യങ്ങളിലെ എംബസ്സികളുമായി നിരന്തരം ഇ മെയിലുകളിലൂടെ ബന്ധപ്പെട്ടതിൽ തുടങ്ങി കുട്ടികളുടെ സ്കൂൾ പ്രിൻസിപ്പാളിന്റെ പ്രത്യേക അനുവാദം വാങ്ങുന്നതുൾപ്പടെയുള്ള എല്ലാ മുൻകരുതലുകളുമെടുത്താണ് കുടുംബം യാത്ര ആരംഭിച്ചത്.

കടപ്പാട് : ഫെയ്സ്ബുക്ക്

ഏപ്രിൽ 18ന് ആരംഭിച്ച യാത്രയിൽ ആദ്യം ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ പലതും കാണാൻ ആദ്യ ദിവസങ്ങൾ നീക്കി വച്ചു. എന്നാൽ കുടുംബം നേപ്പാളിൽ എത്തിയപ്പോൾ അവസ്ഥ പ്രതികൂലമായി. ലോകത്തെ നടുക്കിയ നേപ്പാൾ ഭൂകമ്പത്തെ തുടർന്ന് അ‍ഞ്ചു ദിവസമാണ് സംഘം നേപ്പാളിൽ കുടുങ്ങിയത്. എന്നാൽ ഇതു കൊണ്ടൊന്നും യാത്രയിൽ നിന്നും പിൻ തിരിയാൻ അവർ തയ്യാറായില്ല. അവിടുന്നു നേരെ പോയത് ടിബറ്റിലേയ്ക്ക്.

കടപ്പാട് : ഫെയ്സ്ബുക്ക്

മാംസാഹാരം കഴിക്കാത്ത കുടുംബത്തിന് ഏറ്റവും വലിയ വെല്ലുവിളി ചൈനയിലേയും മധ്യ ഏഷ്യൻ രാജ്യങ്ങളിലൂടെയും ഉള്ള യാത്രകളായിരുന്നു. കൊണ്ടു നടക്കാവുന്ന സ്റ്റൗവും കുറച്ചു പാത്രങ്ങളും കരുതിയതിനാൽ ആ വെല്ലുവിളിയും ലളിതമായി അവർ തരണം ചെയ്തു.

ടർക്കമെനിസ്ഥാനിലെ ഡോർ ടു ഹെൽ. കടപ്പാട് : ഫെയ്സ്ബുക്ക്

ടർക്കമെനിസ്ഥാനിലെ ഡോർ ടു ഹെല്ലും, മണിക്കൂറുകൾക്കൊണ്ടു മാറിമറിയുന്ന കിർഗിസ്ഥാനിലെ കാലാവസ്ഥയും, കൂറ്റൻ ശിൽപ്പങ്ങൾ ഇരുവശങ്ങളിലും ഒരുക്കിയിരിക്കുന്ന ഹൈവേകളും, ഇസ്സിക് കുൽ തടാകത്തിലെ പളുങ്കു പോലെയുള്ള വെള്ളവും കണ്ടും അറിഞ്ഞുമുള്ള യാത്ര യാഷിനും ദൃതിക്കും പാഠപുസ്തകങ്ങളേക്കാൾ അറിവു നൽകുന്നതായിരുന്നു.

കടപ്പാട് : ഫെയ്സ്ബുക്ക്

ടർക്കിയിലെ ഫിയറ്റ് സർവ്വീസ് സ്റ്റേഷനിൽ കാർ സർവ്വീസ് ചെയ്യാനും അവർ മറന്നില്ല.തങ്ങളുടെ ഇതിഹാസ യാത്രയ്ക്കു ശേഷം കാർ ഷിപ്പിൽ തിരികെ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്താണ് കുടുംബം തിരികെ ഇന്ത്യയിലേയ്ക്കു മടങ്ങിയത്.