മക്കളുടെ സ്നേഹം പൊയ്പോയ കാലത്ത്... 

Representative image

പ്രിയപ്പെട്ടവരെ ഓർക്കാനായി ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ...? ചിലപ്പോൾ വേണമായിരിക്കും. തിരക്കു പിടിച്ച് പായുന്നതിനിടയിൽ ആഴ്ചയിലൊരിക്കലുള്ള ഫോൺകോൾ...അല്ലെങ്കിൽ മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ ഒരു ഓട്ടപ്രദക്ഷിണം...അങ്ങനെയൊക്കെയായി നമ്മുടെ സ്നേഹവും സന്ദർശനങ്ങളും ചുരുങ്ങുന്ന കാലത്ത് ഇങ്ങനെ ചില ദിവസങ്ങളിലൂടെയാവും ഓർമകൾ ജീവിക്കുക. നാടിന്റെ നന്മയിലും വേരിന്റെ ചൂടിലും കഴിയുന്നവർക്ക് കച്ചവടവമായും പ്രഹസനവുമായൊക്കെ ഈ ദിവസത്തെ തള്ളിക്കളയാം. ഒരുപക്ഷേ, ഈ ദിവസമെത്തുന്ന ഒരു കാർഡ്, ആശംസ , ഒരു വിളി അല്ലെങ്കിൽ വാട്സാപ് സന്ദേശം...അതിലൂടെ മാത്രം ഓർമിക്കപ്പെടുന്നവർക്കു  ഇങ്ങനെ ചില ദിവസങ്ങൾ ഏറെ പ്രിയപ്പെട്ടതാവും. തീർച്ച.

എവിടെയാണ് ഉപ്പയുടെ സ്നേഹത്തിന്റ ഓർമകൾ തുടങ്ങുന്നത്? ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് വർഷങ്ങൾ പുറകോട്ടു പോവുന്നു. ഓർമ വച്ച നാൾ തൊട്ട് അവധിക്കാലമാവാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിൽ പോവാതെ കൂടുതൽ നേരം കളിക്കാമല്ലോ എന്ന ഇഷ്ടം കൊണ്ട് മാത്രമായിരുന്നില്ല അത്; മറിച്ച് ഉപ്പയെ കാണാനുള്ള മോഹം, നാടൻ ഭാഷയിൽ പറഞ്ഞാൽ "പൂതി" കൊണ്ടുകൂടിയായിരുന്നു.

അവധിക്കാലത്തിന് കണക്കാക്കി ദുബായിയിൽ നിന്ന് ഒരു മാസത്തെ ലീവിന് വരുന്ന ഉപ്പ. എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുന്നത് തന്നെ ആഘോഷമാണ്. പുലർച്ചയാണ് എത്തുന്നതെങ്കിൽ തലേ ദിവസം ഉറക്കമില്ലെന്നു പറയാം. "ആഗമനം" എന്നെഴുതിയ കവാടത്തിനു മുൻപിൽ, വേലി കെട്ടി വേർതിരിച്ചിടത്ത് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. ഇതെന്റെ മാത്രമല്ല; ഗൾഫിൽ ജോലി ചെയ്തിരുന്ന, പ്രവാസികളായ അച്ഛന്മാരുണ്ടായിരുന്ന ഓരോ കുട്ടിയുടെയും നൊസ്റ്റാൾജിയയാണ്. വന്നിറങ്ങി പെട്ടിയും തള്ളി വരുന്നവരുടെ കൂട്ടത്തിൽ ഉപ്പയുടെ മുഖം കാണുമ്പോഴുള്ള അനുഭൂതിയും കെട്ടിപ്പിടിക്കുമ്പോഴുള്ള പെർഫ്യൂമിന്റെ മണവും പിന്നെ പെട്ടിക്കകത്ത് എന്തായിരിക്കുമെന്ന ആകാംക്ഷയും....ഒരു കാലത്തിന്റെ  ഓർമകളായിരുന്നു ഉപ്പക്ക് വേണടിയുള്ള ആ കാത്തിരിപ്പുകൾ.  'പെട്ടി പൊളിക്കുമ്പോൾ'  മോഹിച്ചതും സ്വപ്നം പോലും കാണാത്തതുമായ അത്ഭുതങ്ങൾ  പുറത്തെടുക്കുന്ന, ബീച്ച് കാണാൻ കൊണ്ടുപോയി സാഗർ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തരുന്ന, ഒരുപാട് കഥകൾ പറയുന്ന ഒരു മാന്ത്രികനു വേണ്ടിയുള്ള കാത്തിരിപ്പുകൾ. 

മുതിർന്ന് തുടങ്ങിയതോടെയാണ് പെട്ടി നിറക്കാനും മക്കളുടെ ജീവിതത്തിന് കൂടുതൽ നിറം കൈവരാനും വേണ്ടി മരുഭൂമിയിൽ "മാന്ത്രികൻ" സ്വന്തം ജീവിതം ഹോമിക്കുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാവുന്നത്. അതോടെ ഉപ്പയോടുള്ള സ്നേഹത്തിന് ആരും കാണാത്ത കണ്ണീരിന്റെ കൂടി നനവ് വന്നു. 

കാലങ്ങൾക്കിപ്പുറം,

ഉപ്പയോടൊപ്പം യാത്ര ചെയ്തും തോട്ടിൽ മീൻപിടിക്കാൻ പോയും ഇണങ്ങിയും പിണങ്ങിയുമെല്ലാം നഷ്ടമായ കാലം കുറേയൊക്കെ തിരിച്ചുപിടിച്ചു ജീവിച്ചു. ജീവിക്കുന്നു. പക്ഷേ ഇന്നും, ഉപ്പയുടെ സ്നേഹമോർക്കുമ്പോൾ, ഉപ്പയെ ഓർക്കുമ്പോൾ, ആദ്യം തെളിയുന്നത്; കണ്ണ് നിറക്കുന്നത് ആ കാലമാണ്. ബാക്കിയുള്ളവർക്ക് വേണ്ടി മരുഭൂമിയിൽ ജീവിക്കുന്നതിനിടെ  ഉപ്പക്ക് പോയ്പോയ ആ കാലമോർത്ത്. എത്ര അച്ഛന്മാരുടെ യൗവനവും മധ്യവയസ്സും ഇങ്ങനെ കഴിഞ്ഞു പോയിട്ടുണ്ടാവും? പോയിക്കൊണ്ടേയിരിക്കുന്നുണ്ടാവും? 

പ്രവാസത്തിനൊടുവിൽ മക്കളിലേക്ക് , കുടുംബത്തിലേക്ക് തിരിച്ചുവരുന്ന അച്ഛന്മാർ ചിലരെങ്കിലും ആരുമല്ലാതായിത്തീരാറുണ്ട്. "പത്തേമാരി"യെന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെപ്പോലെ സ്നേഹിച്ചവരാൽ മറക്കപ്പെട്ട് മടങ്ങേണ്ടിവരുന്നവർ. മറ്റുചിലരാവട്ടെ, ആർക്കുവേണ്ടി ജീവിച്ചുവോ അവരാൽ തന്നെ ഉപേക്ഷിക്കപ്പെടുന്നു. ഒറ്റപ്പെടുന്നു. അമ്മമാരിലൂടെ 'കണക്ട്' ചെയ്യപ്പെടുന്ന, ആവശ്യങ്ങൾ നിറവേറ്റിത്തരാനുള്ള  "മാർഗം" മാത്രമായിപ്പോയ  ഉപ്പമാരുമുണ്ട്. അവരെയൊക്കെ ഒരു നിമിഷമെങ്കിലും ഓർക്കാൻ, അവരോട് ഒരു വാക്കെങ്കിലും സ്നേഹത്തോടെ മിണ്ടാൻ, പണ്ട് അവർ നമ്മളെ കെട്ടിപ്പിടിച്ചപോലെ ഒന്നു കെട്ടിപ്പിടിക്കാൻ ഇങ്ങനെയൊരു ദിവസത്തിന്റെ ഓർമപ്പെടുത്തലിനാവുമെങ്കിൽ...അതൊരു വലിയ കാര്യമല്ലേ? 

സ്വന്തം വീട്ടിൽ അപരിചിതനെപ്പോലെ കഴിയേണ്ടിവരുന്ന ഒരച്ഛനെ തേടി, അല്ലെങ്കിൽ നാട്ടിലെ തറവാട്ടിൽ/വീട്ടിൽ ഒറ്റയ്ക്കായി പോയ ഒരച്ഛനെ തേടി പെട്ടെന്നൊരു ദിവസം(ആ ദിവസം മാത്രമാണെങ്കിൽ കൂടി!) മകന്റെയോ മകളുടെയോ വിളി വരുന്നത്, അവരുടെ സ്നേഹമെത്തുന്നത്...വെറുതെ, വെറുതെ ഒന്നോർത്തു നോക്കൂ. വെളിച്ചമില്ലാത്ത കാലത്ത് ഒരു കുഞ്ഞുമെഴുകുതിരി വെളിച്ചം പകരുന്ന പോലെ...