നിങ്ങളുടെ ഒരു ലൈക്ക് മതി, ഇവൾക്ക് മുഖം ലഭിക്കും

സോഷ്യൽമീഡിയയിലെ ഒരു ലൈക്ക് മതി ജീവിതം മാറിമറിയാൻ. കൽക്കട്ടയിലെ തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരു പാവം പെൺകുട്ടിയുടെ ജീവിതം മാറ്റാൻ പോകുന്നത് ഇതുപോലെയുള്ള ഒരുപാട് ലൈക്കുകളാണ്. മുഖത്തെ മാംസം വളർന്നുതൂങ്ങി വൈരൂപ്യം വന്ന നിലയിലാണ് ഗജലക്ഷ്മി എന്നു വിളിപേരുള്ള പെൺകുട്ടിയെ സർക്കാർ ഉദ്യേഗസ്ഥനായ രൂപക്ക് ദത്ത കാണുന്നത്.

കൽക്കട്ടയിലെ ഒരു കുഗ്രാമത്തിലാണ് ഗജലക്ഷ്മിയെന്ന ഖദീജാ ഖാതൂന്റെ ജനനം. നിരക്ഷരരായ മാതാപിതാക്കൾക്ക് കുട്ടിയെ രോഗത്തെക്കുറിച്ച് അറിയില്ലായിരുന്നു. രണ്ടുമാസമായിട്ടും കുഞ്ഞ് കണ്ണുതുറക്കാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ കാണിക്കുന്നത്. ആറുമാസം ചികിത്സിച്ചിട്ടും ഡോക്ടറുമാർക്ക് രോഗം കണ്ടെത്താൻ സാധിച്ചില്ല. നാൾക്കുനാൾ ഖദീജയുടെ മുഖത്തെ തൊലി വളർന്നുകൊണ്ടിരുന്നു. കണ്ണുപോലും മൂടിയ അവസ്ഥയിൽ മാംസാം വളർന്നിറങ്ങിയ നിലയിലാണിപ്പോൾ. ട്യൂമറിന് തുല്ല്യമായ ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗാവസ്ഥയാണ് ഖദീജയെ ഈ നിലയിലെത്തിച്ചത്.

കുട്ടിയുടെ ദയനീയാവസ്ഥ കണ്ട രൂപക്ക് എന്ന 52കാരൻ ഫോട്ടോ സോഷ്യൽമീഡിയയിലിടുകയായിരുന്നു. കണ്ടവർ കണ്ടവർ ഷെയർ ചെയ്തു. മാധ്യങ്ങൾ വാർത്ത ഏറ്റെടുത്തതോടെ കർണാടകയിലെ എൻ.ഐ.റ്റി.റ്റി.ഇ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർണിയോ ഫേഷ്യൽ സർജറി കുട്ടിയുടെ ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയാൽ ഖദീജയുടെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടറുമാർ വിധി എഴുതിയിടത്താണ് കാരുണ്യത്തിന്റെ ഒരു തിരി ഇവരുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്.

സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. ക്രൗണ്ടഫണ്ടർ എന്ന സംഘടന തുകസമാഹരിക്കുന്നതിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അഞ്ച്‌ലക്ഷം രൂപയോളം ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. ഫേസ്ബുക്കിൽ ലൈക്ക് അടിക്കുന്നതോടൊപ്പം അൽപ്പം കരുണകാട്ടൂ ഈ പാവം പെൺകുട്ടിയോട്. മുഖമില്ലാത്ത പെൺകുട്ടിയ്ക്ക് മുഖം നൽകാൻ ഒരുപാട് ലൈക്കുകൾക്കും ഷെയറുകൾക്കും സാധിച്ചേക്കും.