സഹതാപമല്ല അവർക്ക് വേണ്ടത്, വളരട്ടെ പ്രത്യാശയുടെ മുടിനാരുകൾ

മാതൃത്വം, മുലപ്പാൽ മധുരം ...ഏതൊരു സ്ത്രീയുടെയും സ്ത്രീത്വത്തെ പൂർണമാക്കിയ പദങ്ങൾ. ഏതൊരു സ്ത്രീയുടെയും അവകാശമായ ഈ നന്മകളെ ഇല്ലാതാക്കാൻ സ്തനാർബുദം എന്ന വിപത്തിനാകും. ആരോഗ്യരംഗത്തുനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ സ്തനാർബുദ ബാധിതരായ യുവതികളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നാണ്. ഇത് ഇല്ലാതാക്കാൻ സാധാരണക്കാരനായ ഒരു പൗരന് എന്ത് ചെയ്യാനാകും ? പ്രതിരോധബോധവൽകരണം മാത്രമാണ് കഴിയുക. 

എന്നാൽ, സ്തനാർബുദ ചികിത്സയ്ക്ക് വിധേയയായി കീമോതെറാപ്പിയുടെ ഭാഗമായി മുടി മുഴുവൻ നഷ്ടപ്പെട്ട് സമൂഹത്തെ അഭിമുഖീകരിക്കാനാവാതെ ജീവിക്കുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇവർക്ക് വേണ്ടി  നമുക്ക് എന്ത് ചെയ്യാനാകും ? പ്രതിരോധ ബോധവത്കരണത്തിനായി അവരുടെ സഹായം തേടും മുൻപ് അവരിൽ നഷ്ടപ്പെട്ട മനക്കരുത്ത് വീണ്ടെടുക്കുക എന്നത് അനിവാര്യമാണ്. അതിനായി എന്ത് ചെയ്യാനാകും എന്ന ചിന്തയാണ് പ്രേമി മാത്യു എന്ന വനിതയെ ഹെയർ ഫോർ ഹോപ് എന്ന സംഘടന തുടങ്ങാൻ പ്രേരിപ്പിച്ചത്. 

അഞ്ചാം വർഷത്തിലേക്ക്...

അഞ്ച് വർഷം മുൻപാണ് പ്രേമിയുടെ മനസ്സിൽ ഇത്തരത്തിൽ ഒരാശയം ജനിക്കുന്നത്. അർബുദ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി യഥാർത്ഥ മുടിയിൽ തീർത്ത വിഗ്ഗുകൾ എത്തിക്കുക. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ എം ബി എ കോളേജിലെ  അദ്ധ്യാപികയായിരുന്ന പ്രേമി മാത്യു ഉടനടി ജോലി ഉപേക്ഷിച്ച് ഈ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും പല എതിർപ്പുകൾ ഉണ്ടായിട്ടും പ്രേമി അതിനെ വക വച്ചില്ല.  

പല സംഘടനകളും ആശുപത്രികളിൽ കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്നുണ്ട്. ചികിത്സയ്ക്കും കീമോയ്ക്കുമുള്ള തുക പാവപ്പെട്ട രോഗികൾക്ക് അവർ കണ്ടെത്തി നൽകുന്നു. എന്നാൽ കീമോക്ക് ശേഷം മുടി നഷ്ടപ്പെട്ടവരുടെ കാര്യം ആരും ചിന്തിക്കുന്നില്ല. ഇത് കേവലം സൗന്ദര്യ പ്രശ്നം മാത്രമായി കാണുന്നു. എന്നാൽ അങ്ങനെയല്ല, ഇത്തരത്തിൽ മുടി നഷ്ടപ്പെട്ടവരെ സമൂഹം രോഗി എന്നനിലയിൽ മാത്രം കാണുന്നു. ഇത് ചികിത്സ പൂർത്തിയായവരെപോലും മാസികമായി തളർത്തുന്നു. വലിയ വില നൽകി വിഗ്ഗുകൾ വാങ്ങി  ഉപയോഗിക്കുക എന്നത് ഇവരെ സംബന്ധിച്ച്  ബാധ്യതയുണ്ടാക്കുന്നു. അതിനാലാണ് കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗുകൾ എന്ന സന്ദേശവുമായി പ്രേമി പ്രൊട്ടെക്റ്റ് യുവർ മോം കാമ്പയിൻ  തുടങ്ങുന്നത്. 

പിങ്ക് ബലൂണുകൾ ഉയർത്തി കാൻസറിന്‌ നോ പറഞ്ഞുകൊണ്ട് പ്രേമി ആരംഭിച്ച ക്യാംപെയിൻ  വിജയകരമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് കരുണ നിറഞ്ഞ ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് കൂടിയാണ്. കുട്ടികളാണ് ഈ ക്യാംപെയിനിന്റെ പ്രധാന വക്താക്കൾ എന്നത് കൂടുതൽ ശ്രദ്ധേയം. 

ശരീരത്തിലെ മറ്റവയവങ്ങൾ ജീവൻ രക്ഷാർത്ഥം ദാനം ചെയ്യുന്നത് പോലെ തന്നെ താല്പര്യമുള്ള വ്യക്തികൾക്ക് മുടിയും ദാനം ചെയ്യാം എന്ന് പ്രേമി ലോകത്തോട് പറഞ്ഞു. ഇത് പ്രകാരം ധാരാളം പേർ ദാന സന്നദ്ധരായി മുന്നോട്ട് വന്നു. 15 ഇഞ്ച് നീളമാണ് ദാനം ചെയ്യുന്ന മുടിക്ക് ചുരുങ്ങിയത് വേണ്ടത്. ഇത്തരത്തിൽ ശേഖരിക്കുന്ന മുടിയിഴകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള കളക്ഷൻ പോയിന്റുകൾ മുഖാന്തരം ശേഖരിച്ച്, വിഗ്ഗാക്കി രോഗികൾക്ക് എത്തിച്ചു നൽകും. റീജണല്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കാന്‍സര്‍ ചികിത്സാലയങ്ങളില്‍ ആണ് പ്രധാനമായും വിഗ്ഗ് വിതരണം ചെയ്യുന്നത്. പ്രൊട്ടക്ട് യുവർ മോം , ഹെയർ ഫോർ ഹോപ് തുടങ്ങിയ വെബ്‌സൈറ്റുകൾ മുഖേനയും വിഗ്ഗ് ആവശ്യപ്പെടാം.

കുടുംബവുമായി ദുബായിൽ താമസമാക്കിയ പ്രേമി മാത്യു അവിടെയും തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഫേസ്‌ബുക്ക് കൂട്ടായ്മയുടെയും സമൂഹത്തിലേക്ക് നേരിട്ട് ഇറങ്ങിചെന്നുള്ള ക്യാംപെയിനുകളിലൂടെയുമാണ് മുടി ദാനം ചെയ്യാൻ കൂടുതൽ പേർ എത്തുന്നത്. ഇതിൽ തന്നെ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ന് പ്രധാനമായും അഞ്ച് രാജ്യങ്ങളിൽ പ്രൊട്ടക്ട് യുവർ മോം ക്യാംപെയിൻ നടക്കുന്നുണ്ട്. മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിലുള്ള കേന്ദ്രങ്ങളിൽ ബന്ധപ്പെടാം.