Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടുതാലി ചുട്ടെരിച്ച കഥ !

Kausalya ശങ്കറിന്റെ വീട്ടിൽ കൗസല്യ. ശങ്കറിന്റെ പിതാവ് വേലുച്ചാമിയുടെ അമ്മ സമീപം. ചിത്രം: അരവിന്ദ് ബാല

കുമരലിംഗത്തെ ഒറ്റമുറിവീടിന്റെ തിണ്ണയിൽ പടിഞ്ഞാറേക്കു കണ്ണുംനട്ട് ഇരിക്കുകയാണു കൗസല്യ എന്ന പെൺകുട്ടി. ഇരുപതു വയസ്സിനുള്ളിൽ അനുഭവിക്കേണ്ടി വന്ന ദുരിതവും നേരിൽകണ്ട കൊടുംക്രൂരതയുടെ ആഴവും ആ കണ്ണുകളിൽ പ്രതിഫലിക്കുന്നു. കൗസല്യയുടെ നോട്ടത്തിന്റെ അങ്ങേയറ്റത്തു ഭർത്താവ് ശങ്കറിന്റെ കുഴിമാടമുണ്ട്. ശങ്കർ കൊല്ലപ്പെട്ട 2016 മാർച്ച് 13 മുതൽ അവളുടെ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും പടിഞ്ഞാറ് നോക്കിയുള്ള ഈ ഒറ്റയിരുപ്പിലാണ്. ‌ഇന്നു കൗസല്യ ശങ്കറിന്റെ ഓർമകളുടെ ജീവിക്കുന്ന സ്മാരകമാണ്. അതുകൊണ്ടാണ് ഇതു കൗസല്യയുടെ മാത്രം കഥയാകുന്നത്. ജാതി ദുരഭിമാനത്തിന്റെ ഇരയായി മാറിയ ഉടുമൽപേട്ട ശങ്കർ എന്ന ദലിത് യുവാവിന്റെ ജീവനുള്ള സ്മാരകത്തിന്റെ കഥ...

ക്യാമറയിൽ പതിഞ്ഞ ക്രൂരത

നടുറോഡിൽ പട്ടാപ്പകൽ, നാട്ടുകാർ നോക്കിനിൽക്കെ എന്നൊക്കെയുള്ള ക്ലിഷേ പദപ്രയോഗങ്ങൾ ഉടുമൽപേട്ട ദുരഭിമാനക്കൊലയെ സംബന്ധിച്ചിടത്തോളമെങ്കിലും ഒട്ടും അതിശയോക്തിയല്ല. ദേശീയപാതയുടെ ഒത്തനടുക്കുതന്നെയാണ്, നട്ടുച്ചയ്ക്കു തന്നെയാണ്, നാട്ടുകാർ കയ്യുംകെട്ടി നോക്കിനിൽക്കെത്തന്നെയാണു, ജാതിവെറി മൂത്ത ഒരുസംഘമാളുകൾ പിറകിലൂടെ നടന്നെത്തി കൗസല്യയെയും ശങ്കറിനെയും വെട്ടിവീഴ്ത്തുന്നത്. റോഡരികിലുള്ള കടയിലെ സിസിടിവി കാമറകളിൽ പതിഞ്ഞ കൊലപാതകദൃശ്യം സിനിമാ രംഗങ്ങളെപ്പോലും വെല്ലും. അത്രയ്ക്കുണ്ട്, കൊല നടപ്പാക്കിയതിലെ ക്രൂരത. കഴുത്തു ലക്ഷ്യമാക്കിയുള്ള ആദ്യവെട്ടിൽത്തന്നെ നിലത്തുവീണു പിടഞ്ഞ ശങ്കറിനെ വീണ്ടും ആഞ്ഞുവെട്ടുകയാണ്.

തടുക്കാനോടിയടുത്ത കൗസല്യയുടെ തല ലക്ഷ്യമാക്കി അക്രമികൾ വടിവാൾ വീശുന്നു; ബോധരഹിതരായി കിടന്ന ദമ്പതികളെ സ്‌ലോ മോഷനിൽ ചവിട്ടിക്കടന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു വടിവാളുവീശി രക്ഷപ്പെടുന്നു. ആരോ നീട്ടിനൽകിയ തോർത്തുപയോഗിച്ചു കൗസല്യ ശങ്കറിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവു കെട്ടുന്നു. കുതിച്ചൊഴുകിയ രക്തപ്പുഴ തടുത്തുനിർത്താൻ ആ തുണിക്കഷണത്തിനാകുമോ? വെട്ടേറ്റു തൂങ്ങിയ ഇടതുകയ്യാൽ കൗസല്യ ശങ്കറിനെ താങ്ങിയെടുത്തു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടുന്നു. ശങ്കറിനെയും കൗസല്യയെയും കയറ്റിയ ആംബുലൻസ് ഉടുമൽപേട്ട ജനറൽ ആശുപത്രിയിലേക്കു കുതിക്കുന്നു.

കുഴിമാടത്തിനും കാവലാൾ

ശങ്കർ കൊല്ലപ്പെട്ട് ഒരുമാസം തികഞ്ഞദിവസം വൈകിട്ടു കൗസല്യയെ വീട്ടിൽനിന്നു കാണാതായി. കനത്ത പൊലീസ് കാവലുണ്ടായിരുന്ന വീട്ടിൽനിന്നാണു കൗസല്യ അപ്രത്യക്ഷയായത്. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിലാരംഭിച്ചു. അവരുടെ അന്വേഷണം ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ചുടുകാട്ടിലെത്തിനിന്നു. അവിടെ, ശങ്കറിന്റെ കുഴിമാടത്തിനു സമീപം സായംസന്ധ്യയുടെ ചുവപ്പിലലിഞ്ഞു കൗസല്യ ഒറ്റയ്ക്കിരിക്കുന്നു. പിറ്റേദിവസം രാത്രിയിൽ, വിഷം ഉള്ളിൽചെന്ന നിലയിൽ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തിനാണ് ആ കടുംകൈ ചെയ്തതെന്ന ചോദ്യത്തിനു കൗസല്യയുടെ മറുപടി ഇങ്ങനെ: ‘ശങ്കറില്ലാമെ എന്നാലെ വാഴമുടിയാത്, അവരില്ലാതെ ഉലകം എനക്കും വേണ്ടാ!.’. ഉടുമൽപേട്ടയിൽനിന്നു 13 കിലോമീറ്റർ അകലെ, കുമരലിംഗം എന്ന കുഗ്രാമത്തിൽ ശങ്കറിന്റെ വീട്ടിലിരുന്നു കൗസല്യ തന്റെ പ്രണയത്തിന്റെ കഥ പറഞ്ഞുതുടങ്ങുകയാണ്.

പ്രണയം മൊട്ടിടുന്നു

ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായി കൗസല്യ കോളജിലെത്തിയതിന്റെ മൂന്നാംദിവസമായിരുന്നു ശങ്കറിന്റെ പ്രണയാഭ്യർഥന. താൽപര്യമില്ലെന്നു പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ശങ്കറിന്റെ ആത്മാർഥസ്നേഹം പതിയെപ്പതിയെ അവളുടെ മനസ്സുകീഴടക്കി. ഒരിക്കൽ കോളജിൽനിന്നുള്ള ബസിൽ ഇരുവരും ഒരേസീറ്റിലിരുന്നു യാത്രചെയ്തതു കൗസല്യയുടെ അയൽവാസിയായ ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപെട്ടു. അയാൾവഴി വിവരം കൗസല്യയുടെ അമ്മ അറിഞ്ഞു. ഇനി അവനെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന് അമ്മയുടെ ശകാരം. ശങ്കറുമായുള്ള ബന്ധം തുടരാനാണു ഭാവമെങ്കിൽ അച്ഛനോടു പറഞ്ഞു കോളജ് പഠനം അവസാനിപ്പിക്കുമെന്നു ഭീഷണി. ‘പിറ്റേദിവസം അമ്മ മധുരയിലുള്ള ബന്ധുവീട്ടിൽ വിരുന്നുസൽക്കാരത്തിനു പോയി. അന്നു രാത്രിയിൽ അച്ഛന്റെ കണ്ണുവെട്ടിച്ചു ഞാൻ വീടുവിട്ടിറങ്ങി. ശങ്കറിനോടൊത്തുള്ള ജീവിതം മാത്രമായിരുന്നു മനസ്സിൽ’– കൗസല്യ പറയുന്നു.

പൊലീസുകാരെ വിലയ്ക്കെടുത്തതാര്?

കൗസല്യയുമായി ശങ്കർ നേരെപോയതു പഴനിയിലേക്കാണ്. അവിടെ സുഹൃത്തിന്റെ വീട്ടിലെത്തി നേരെ കോവിലിലേക്കു പുറപ്പെട്ടു.

ഇതിനകം തന്നെ, ശങ്കർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചു കൗസല്യയുടെ ബന്ധുക്കൾ ഉടുമൽപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ഉടുമൽപേട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ഇരുകുടുംബങ്ങളും ശങ്കറിനെയും കൗസല്യയെയും കാത്തിരുന്നു. 'എനിക്കു ശങ്കറിനോടുകൂടി ജീവിക്കാനാണ് ഇഷ്ടമെന്നു പലതവണ കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാർ സമ്മതിച്ചില്ല.

രാവിലെമുതൽ വൈകുന്നേരം വരെ ബന്ധുക്കൾക്കൊപ്പം പൊലീസുകാരും ചുറ്റുമിരുന്നു ഭീഷണിയും പ്രലോഭനവും തുടർന്നു. എന്നിട്ടും ഫലമില്ലെന്നായപ്പോൾ, എന്റെ സ്വർണാഭരണങ്ങളെല്ലാം അമ്മ ഊരിവാങ്ങി. കാലിൽ കിടന്ന ചെരിപ്പുവരെ അഴിപ്പിച്ചെടുത്തു. അതിലൊന്നും എനിക്കു പരാതിയില്ല. എന്റെ ശങ്കറിനെ, തെരുവുനായയെപ്പോലെ വെട്ടിക്കൊന്നുകളഞ്ഞില്ലേ, അവരെല്ലാവരും കൂടി... അതു ഞാൻ എങ്ങനെ സഹിക്കും?'- കൗസല്യയ്ക്കു കണ്ണീരടക്കാനാകുന്നില്ല.

Kausalya പഴനിയിലെ കോവിലിൽ ശങ്കർ–കൗസല്യ വിവാഹച്ചടങ്ങിൽനിന്ന്

കെട്ടുതാലി ചുട്ടെരിച്ച കഥ

ശങ്കറിന്റെ വീട്ടിൽ താമസമാരംഭിച്ചതിന്റെ മൂന്നാംനാൾ പിതാവ്് ചിന്നസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം കുമരലിംഗത്തെത്തി കൗസല്യയെ തട്ടിക്കൊണ്ടുപോയി. മെക്കാനിക്കൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയായ ശങ്കറിനു ചെന്നൈയിലെ രാജ്യാന്തര കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടിയിരുന്നു.

കോഴ്സ് പൂർത്തിയാക്കുന്നതുവരെ ശങ്കറിന്റെ പഠനത്തിനു പണം കണ്ടെത്താൻ കൗസല്യ കുമരലിംഗത്തെ ടൈൽ ഫാക്ടറിയിൽ തൊഴിലാളിയായി. എത്രയുംവേഗം ജോലിയിൽ പ്രവേശിച്ചശേഷം കൗസല്യയെ വീണ്ടും കോളജിൽ അയയ്ക്കണമെന്നായിരുന്നു ശങ്കറിന്റെ ആഗ്രഹം.

സന്ധ്യക്കു ടൈൽ ഫാക്ടറിയിൽനിന്നു തിരിച്ചുവരുന്ന വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണു ചിന്നസ്വാമിയും കൂട്ടരും കാറിലെത്തി കൗസല്യയെ തട്ടിക്കൊണ്ടുപോയത്. പിന്നീടുള്ള അ‍ഞ്ചുദിവസം ചിന്നസ്വാമിയും അന്നലക്ഷ്മിയും കൗസല്യയുമായി ബന്ധുവീടുകളിൽ മാറിമാറിത്താമസിച്ചു. കൗസല്യയുടെ കെട്ടുതാലിയും അവൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ബലമായി അഴിച്ചെടുത്ത അന്നലക്ഷ്മി അതെല്ലാം തീയിലിട്ടു ചുട്ടെരിച്ചുകളഞ്ഞു.

മകളുടെ ജീവിതം തകർക്കാൻ അച്ഛൻ

ജോലിക്കുപോയ ഭാര്യയെ കാണാതായതോടെ ശങ്കർ ഉടുമൽപേട്ട പൊലീസിൽ പരാതിനൽകി. എന്നാൽ, തങ്ങൾക്കു പണം തന്നാൽ മകളെ ശങ്കറിൽനിന്നു 'മോചിപ്പിക്കാ'മെന്നു ചിന്നസ്വാമിക്കു വാക്കുകൊടുക്കുകയാണു പൊലീസ് ചെയ്തതെന്നു കൗസല്യ പറയുന്നു.

വീട്ടുതടങ്കലി‍ൽ ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ കൗസല്യ പ്രതിഷേധം തുടർന്നപ്പോൾ ചിന്നസ്വാമി മകളുമായി പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ, കൗസല്യ വീണ്ടും ശങ്കറിനൊപ്പം കുമരലിംഗത്തേക്ക്. കൊലപാതകം നടക്കുന്നതിന് ഒരുമാസം മുൻപും കൗസല്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെങ്കിലും ഉറക്കെക്കരഞ്ഞതോടെ ആളുകൾ ഓടിക്കൂടിയതിനാൽ രക്ഷപ്പെട്ടു.

ഒരാഴ്ചയ്ക്കുശേഷം ചിന്നസ്വാമിയും ബന്ധുക്കളും വീണ്ടും ശങ്കറിന്റെ വീട്ടിലെത്തി. മകളെ വിട്ടുനൽകിയാൽ പണം നൽകാമെന്നു പറഞ്ഞു. വീട്ടിലേക്കു വന്നില്ലെങ്കിൽ രണ്ടാളെയും കൊന്നുകളയാനാണു ബന്ധുക്കളുടെ തീരുമാനമെന്നു ഭീഷണിപ്പെടുത്തി തിരിച്ചുപോയപ്പോഴും സ്വന്തം ചോരയിലുണ്ടായ മകളെയും അവളുടെ ഭർത്താവിനെയും കൊല്ലാൻ അച്ഛൻ ക്വട്ടേഷൻ കൊടുക്കുമെന്നു കൗസല്യ ഒരിക്കലും കരുതിയില്ല. 'ഇനി ഒരിക്കലും ആ കുടുംബത്തിലെ ആരെയും എനിക്കു കാണേണ്ട. അവർ എനിക്ക് ആരുമല്ല.

മകളുടെ ജീവിതത്തെക്കാൾ അവർക്കു വലുത് തങ്ങളുടെ ജാത്യാഭിമാനമായിരുന്നു. മരണംവരെ ശങ്കറിന്റെ ഓർമകളുമായി ഈ വീട്ടിൽ ഇവിടത്തെ അപ്പായ്ക്കും പാട്ടിക്കും തമ്പിമാർക്കുമൊപ്പം ഞാൻ കഴിയും.'– കൗസല്യ ധരിച്ചിരുന്ന പഴകി നിറംമങ്ങിയ ചുരിദാറിലേക്കു കണ്ണീർ ഒലിച്ചിറങ്ങുന്നു. കാലം ശങ്കറിനെ, കൗസല്യയിൽനിന്നു തട്ടിപ്പറിച്ചെടുത്തെങ്കിലും അവനോടുള്ള തീരാത്ത പ്രണയത്തിൽ അവൾ ജീവവായു തേടുകയാണ്.

Sankar ശങ്കർ

കേസ് ഇങ്ങനെ

തമിഴ്നാട്ടിലെ ദുരഭിമാനക്കൊലകളിൽ ഉടുമൽപേട്ടയിലെ ശങ്കർ വധത്തോളം വാർത്താപ്രാധാന്യം നേടിയ മറ്റൊരു സംഭവമില്ല. തേവർ സമുദായാംഗമായ കൗസല്യയെ പ്രണയിച്ചു വിവാഹം ചെയ്തുവെന്ന കുറ്റത്തിനാണു ദലിത് വിഭാഗത്തിൽപെട്ട പള്ളർ സമുദായാംഗമായ ശങ്കറിനെ (22) കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഏർപ്പാടാക്കിയവാടകക്കൊലയാളിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പൊള്ളാച്ചിയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികളായിരുന്നു ഉടുമൽപേട്ട കുമരലിംഗം േവലുച്ചാമിയുടെയും പരേതയായ വെന്നായകിയുടെയും മകൻ ശങ്കറും മധുര ജില്ലയിലെ ഉസിലംപട്ടി സ്വദേശി ചിന്നസ്വാമിയുടെയും അന്നലക്ഷ്മിയുടെയും മകൾ കൗസല്യയും.

പ്രണയം വീട്ടിലറിഞ്ഞപ്പോൾ കൗസല്യ ശങ്കറിനൊപ്പം ഒളിച്ചോടി. കഴിഞ്ഞ ജൂലൈ 12നു പഴനി പാദവിനായകം കോവിലി‍ൽവച്ചു വിവാഹിതരായി. എട്ടു മാസത്തിനുശേഷം, കോളജ് ഡേയിൽ ശങ്കറിനു ധരിക്കാനുള്ള പുതിയ ഷർട്ട് വാങ്ങാൻ ഉടുമൽപേട്ടയിലേക്കു പോയ ദിവസമാണു ഇരുവർക്കും നേരെ ആക്രമണമുണ്ടാകുന്നത്. ശങ്കർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

തലയ്ക്കും കൈക്കും വെട്ടേറ്റു ഗുരുതര പരുക്കുകളുമായി കൗസല്യ ആഴ്ചകളോളം കോയമ്പത്തൂരിലെ ആശുപത്രിയിൽ കഴിഞ്ഞു. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ തുടങ്ങി പ്രായപൂർത്തിയാകാത്തയാളടക്കം 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഇപ്പോൾ തിരുപ്പൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലാണ്. കൗസല്യയ്ക്കു തമിഴ്നാട് സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.
 

Your Rating: