Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവിൽ ബാല്യം, ഇന്നു കോടികളുടെ മുതലാളി!

renuka രേണുക ആരാധ്യ

കുന്നോളം കണ്ടാലേ കുന്നിക്കുരുവോളം കിട്ടൂ എന്നൊരു ചൊല്ലുണ്ട്. അതെ കയ്യെത്തിപ്പിടിക്കാവുന്നതു മാത്രം സ്വപ്നം കണ്ടാൽ എത്തിയാലൊതുങ്ങുന്നതിൽ മാത്രം നിൽക്കും നമ്മുടെ സ്വപ്നങ്ങൾ. പകരം കണ്ണെത്താദൂരം വരെ ആഗ്രഹിക്കണം അതിനായി പരിശ്രമിക്കണം... അപ്പോൾ ജീവിതം നമുക്കു സർവഭാഗ്യങ്ങളും നൽകും. രേണുക ആരാധ്യ എന്ന മനുഷ്യന്റെ ജീവിതകഥയും അത്തരത്തിലൊന്നാണ്. തെരുവിൽ അലഞ്ഞു നടന്നിരുന്ന രേണുക ഇന്ന് മുപ്പതു കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമല്ലേ..? പക്ഷേ കഷ്ടപ്പാടുകൾ താണ്ടിക്കടന്നു വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച കഥ രേണുക തന്നെ പറയുമ്പോൾ ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിച്ചു പോകും.

തെരുവിൽ അലഞ്ഞ ബാല്യം

renuka-2 കുട്ടിക്കാലത്ത് എല്ലാവരുടെയും ദൗത്യം പഠനം മാത്രമായിരുന്നെങ്കിൽ അമ്പലത്തിലെ പുരോഹിതനായ അച്ഛനൊപ്പം അയൽ ഗ്രാമങ്ങളില്‍ അലഞ്ഞുനടന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കലായിരുന്നു രേണുകയുടെ ഉത്തരവാദിത്തം.

പ്രവാസി കാബ്സ് എന്ന സംരംഭകത്വത്തിന്റെ ഉന്നതിയിൽ ഇരിക്കുമ്പോഴും പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം നടത്തും രേണുക. ബംഗളൂരുവിലെ ഗോപാസാന്ദ്രയിലെ അങ്ങേയറ്റം ദരിദ്ര കുടുംബത്തിലായിരുന്നു രേണുകയുടെ ജനനം. ഒരു സാധാരണ കുട്ടിയിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു രേണുകയുടെ ജീവിതം. കുട്ടിക്കാലത്ത് എല്ലാവരുടെയും ദൗത്യം പഠനം മാത്രമായിരുന്നെങ്കിൽ അമ്പലത്തിലെ പുരോഹിതനായ അച്ഛനൊപ്പം അയൽ ഗ്രാമങ്ങളില്‍ അലഞ്ഞുനടന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കലായിരുന്നു രേണുകയുടെ ഉത്തരവാദിത്തം.

ശേഷം അവയെല്ലാം കൂട്ടിവച്ച് ചന്തയിൽ വിൽക്കുകയും അതിൽ നിന്നു കിട്ടുന്ന പണമുപയോഗിച്ച് ആ വീട്ടിലെ ചിലവുകൾ നിവർത്തിച്ചിരുന്നു. ആറാം ക്ലാസ് കഴിഞ്ഞതോടെ മറ്റു വീടുകളിൽ സഹായിയായി രേണുകയെ അവന്റെ അച്ഛൻ വിട്ടു. പത്താംക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചിലവുകൾ രേണുകയുടെ അധ്യാപകരാണ് വഹിച്ചത്, അതിനു പകരമായി അവരുടെ പാത്രങ്ങൾ കഴുകിക്കൊടുക്കുകയും വീടു വൃത്തിയാക്കിക്കൊ‌ടുക്കുകയുമൊക്കെ ചെയ്തു. പക്ഷേ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കിൽ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതിരുന്നതു കൊണ്ടുതന്നെ രേണുക പത്താംക്ലാസിൽ തോറ്റു. അതേസമയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നതും. അങ്ങനെ വീടിന്റെ ഉത്തരവാദിത്തം മുഴുവൻ ആ പതിനേഴുവയസ്സുകാരന്റെ ചുമലിലായി.

തൂപ്പുകാരൻ മുതൽ ഡ്രൈവർ വരെ....

renuka-3 പലതരം കമ്പനികളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയുമെല്ലാം കയറിയിറങ്ങിയ വ്യക്തി എന്ന നിലയിൽ പതിയെ ബിസിനസ് എന്ന മോഹം മനസിൽ കയറിത്തു‌ടങ്ങി.

പിന്നീടുള്ള കാലം തൂപ്പുകാരനായും സഹായിയായും സെക്യൂരിറ്റി ഗാർഡായും തെങ്ങു കയറ്റക്കാരനായും തന്നെക്കൊണ്ടു കഴിയുന്ന സർവജോലികളും അദ്ദേഹം ചെയ്തു. പലതരം കമ്പനികളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയുമെല്ലാം കയറിയിറങ്ങിയ വ്യക്തി എന്ന നിലയിൽ പതിയെ ബിസിനസ് എന്ന മോഹം മനസിൽ കയറിത്തു‌ടങ്ങി. ആദ്യമായി സ്യൂട്കേസുകൾക്കും ബാഗുകൾക്കും കവറുകൾ തയാറാക്കുന്ന ബിസിനസ് ആണു തുടങ്ങിയത്. കവറുകൾ തയാറാക്കിക്കഴിഞ്ഞാൽ അവ സൈക്കിളിനു പുറകിൽ വച്ച് നഗരം മുഴുവൻ ചുറ്റി വിൽക്കും. പക്ഷേ ആ ബിസിനസ് വിജയം കണ്ടില്ലെന്നു മാത്രമല്ല അത് അദ്ദേഹത്തിനു വൻനഷ്ടമുണ്ടാക്കുകയും ചെയ്തു.

അത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും എല്ലാവരും സ്വയം നശിച്ചവൻ എന്നു ചിന്തിച്ചു പിൻതിരിയുകയോ തനിക്കു പറ്റിയ ജോലിയല്ലിതെന്നു തിരിച്ചറിഞ്ഞു മറ്റെന്തെങ്കിലും ഫീൽഡിലേക്കു നീങ്ങുകയോ ആണ് ചെയ്യാറ്. പക്ഷേ രേണുകയെ സംബന്ധിച്ചി‌ടത്തോളം അദ്ദേഹം അവിടെയൊന്നും തോറ്റു പിന്മാറിയില്ല. അടുത്തതായി ഡ്രൈവർ ആകുവാനായിരുന്നു തീരുമാനം. പക്ഷേ ഡ്രൈവിങിൽ കാര്യമായ പരിചയം ഇല്ലെന്നത് അദ്ദേഹത്തെ ആ മേഖലയിൽ നിന്നും പിന്തള്ളി.

ദാരിദ്ര്യത്തിനൊരു ബ്രേക്

renuka-4 ടൂറിസ്റ്റുളെ പ്രീതിപ്പെ‌ടുത്തിയാൽ തനിക്കീ മേഖലയിൽ തിളങ്ങാം എന്നു മനസിലാക്കി പ്രവർത്തിച്ചതോ‌ടെ രേണുക വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവനായി.

ടാക്സി ഓപ്പറേറ്റർ എന്ന പുത്തൻ കുപ്പായമാണ് രേണുകയുടെ ജീവിതത്തിന് വഴിത്തിരിവായത്. ‌വിനോദ സഞ്ചാരികളെ ഉദ്യമസ്ഥലത്തേക്ക് എത്തിക്കലായിരുന്നു ആ ജോലി. ടൂറിസ്റ്റുളെ പ്രീതിപ്പെ‌ടുത്തിയാൽ തനിക്കീ മേഖലയിൽ തിളങ്ങാം എന്നു മനസിലാക്കി പ്രവർത്തിച്ചതോ‌ടെ രേണുക വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവനായി. രേണുകയ്ക്ക് താങ്ങായി തയ്യൽക്കാരി കൂടിയായ ഭാര്യയും ഒപ്പം നിന്നതോടെ വരുമാനം മിച്ചം ലഭിക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ടിപ്പായി വലിയൊരു തുക തന്നെ രേണുകയുടെ കയ്യിൽ കിട്ടി. അങ്ങനെ ഭാര്യയുടെ പിഎഫ് തുകയും പിന്‍വലിച്ച് ആ തുകയെല്ലാം ചേർത്ത് സിറ്റി സഫാരി എന്ന പേരിലൊരു കമ്പനി ആരംഭിച്ചു. പതിയെ മൂന്നു കാറുകൾ സ്വന്തമാക്കിയതോ‌ടെ പ്രവാസി കാബ്സ് എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു.

പിന്നീടങ്ങോട്ട് രേണുകയുടെ നല്ല കാലമായിരുന്നു. പുതിയ കമ്പനികളും വാഹനങ്ങളും സ്വന്തമാക്കി പ്രവാസി കാബ്സിനെ വിപുലീകരിച്ചു. ബിസിനസിലെ തുടക്കക്കാരൻ എന്ന നിലയ്ക്ക് ഒന്നിലേറെ തവണ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നെങ്കിലും അവയ്ക്കു മുന്നിലൊന്നും രേണുക പതറിയില്ല. ആമസോൺ ഇന്ത്യയായിരുന്നു തന്റെ ആദ്യ ക്ലയന്റ് എന്നു പറയുന്ന രേണുക തന്റെ വളർച്ചയെ ശക്തിപ്പെടുത്തിയതിനു പിന്നിൽ ആമസോണ്‍ ഇന്ത്യയുടെ പങ്കു ചില്ലറയല്ലെന്നു പറയുന്നു. പിന്നീടു വാൾമാർട്ട്, അകാമായ്, ജനറൽ മോട്ടോർസ് തുടങ്ങിയ ക്ലയന്റുകളെയും ലഭിച്ചു.

സൗഭാഗ്യങ്ങൾക്കിടയിലേക്ക്...

renuka-1 ബിസിനസിലെ തുടക്കക്കാരൻ എന്ന നിലയ്ക്ക് ഒന്നിലേറെ തവണ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നെങ്കിലും അവയ്ക്കു മുന്നിലൊന്നും രേണുക പതറിയില്ല.

ഏറ്റവും എടുത്തു പറയേണ്ടത് ഇക്കാലത്തൊന്നും അദ്ദേഹത്തിനു സെയിൽസ്-മാർക്കറ്റിങ് കാര്യങ്ങള്‍ക്കായി ടീം ഇല്ലായിരുന്നുവെന്നതാണ്. അതായത് അത്തരം പ്രവർത്തനങ്ങളെല്ലാം അദ്ദേഹം സ്വന്തമായി ചെയ്തു. ഇംഗ്ലീഷ് ഭാഷ പറയാനറിയാതിരുന്ന രേണുകയ്ക്കു ഇംഗ്ലീഷിൽ ലഭിച്ച പരിജ്ഞാനത്തിന്റെ ക്രെഡിറ്റും അദ്ദേഹം വിനോദ സ‍ഞ്ചാരികൾക്കു നൽകുന്നു. നിരന്തരമായി അവരോട് സമ്പർക്കം പുലർത്തിയിരുന്നത് തന്റെ ഭാഷയെയും വികസിപ്പിച്ചു. ഇന്നു മൂന്നു സ്റ്റാര്‍ട്ടപ്പുകളുടെ ഡയറക്ട‌റായ രേണുക സ്ത്രീശാക്തീകരണ പ്രവർ‍ത്തനങ്ങളിലും മുന്നിലുണ്ട്.

അന്നു തെരുവിലലഞ്ഞ ആ ബാലൻ ഇരുപതു ലക്ഷം വിലമതിക്കുന്ന വാഹനത്തിൽ കുതിച്ചു പായുകയാണിന്ന്. പ്രതിസന്ധികളല്ല, അവയെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നതെന്നു തെളിയിക്കുകയാണ് രേണുകയുടെ ജീവിതം. ഒരു തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന പോലെയാണ് രേണുക ജീവിതത്തെ സമീപിച്ചത് . അതുകൊണ്ടാണ് തോൽവിയൊന്നും അദ്ദേഹത്തെ തളർത്താതിരുന്നതും അമിത സന്തോഷങ്ങളിൽ മതിമറക്കാതിരുന്നതും...
 

Your Rating: