അന്ധനായ വഴികാട്ടി; അല്ല, വഴിതന്നെയാണ് ശ്രീകാന്ത്

ശാരീരിക പരിമിതികൾ ജീവിതവിജയത്തിന് ഒരു തടസമല്ല എന്നതിന് ഇതാ ഒരു തെളിവ്...

അന്ധനായ ശ്രീകാന്ത് ഒരു വഴികാട്ടിയല്ല; ഒരു വഴിതന്നെയാണ്. അംഗവൈകല്യമുള്ളവരും ഭിന്നശേഷിയുള്ളവരുമായ ആയിരക്കണക്കിനു പേർക്ക് ജീവിതം തന്നെ ശ്രീകാന്ത് ബോലെയാണ്. നമ്മൾ എത്രയെല്ലാം വളർന്നെന്നു പറഞ്ഞാലും ഈ സമൂഹം അംഗവൈകല്യമുള്ളവർക്ക് ജീവിതയോഗ്യമല്ല. അംഗവൈകല്യമുള്ളവരോട് സൗഹാർദപരവുമല്ല. അവിടെയാണ് ശ്രീകാന്ത് എന്ന അന്ധനായ യുവാവിന്റെ പ്രസക്തി.

ആന്ധ്രപ്രദേശിന്റെ കിഴക്കൻ തീരത്തെ ഒരു ഗ്രാമത്തിൽ കുഞ്ഞ് ശ്രീകാന്ത് ബോല ജനിച്ചപ്പോൾ അവന് കാഴ്ചയില്ലായിരുന്നു. അവനെ ഉപേക്ഷിക്കാനായിരുന്നു അയൽവാസികളുടെയും ഗ്രാമവാസികളുടെയും നിർദേശം. എന്നാൽ മറ്റൊരുവഴിയായിരുന്നു മാതാപിതാക്കൾ തിരഞ്ഞെടുത്തത്. ഒരു കൊച്ചു തുണ്ടു ഭൂമിയും 1600 രൂപയോളം മാത്രം മാസവരുമാനവുമായി അവർ മകനെ വളർത്തി. ഇതിൽനിന്ന് നൽകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം അവർ അവനു നൽകി.

ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബോലന്റ് ഇൻഡസ്ട്രീസിന്റെ സിഇഒയാണ് ശ്രീകാന്ത്.

ഇന്ന് ശ്രീകാന്ത് പറയുമ്പോൾ ലോകത്ത് ഏറ്റവും ഭാഗ്യവാൻ താനാണ്. തനിക്ക് വിദ്യാഭ്യാസം നൽകിയ അവരോടാണ് താൻ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ മറികടന്ന അവരാണ് തന്റെ അറിവിൽ ഏറ്റവും സമ്പന്നരായ മാതാപിതാക്കൾ. ‌ ആദ്യം മാതാപിതാക്കളെ സഹായിക്കാൻ കൃഷിസ്ഥലത്ത് പോകുമായിരുന്നെങ്കിലും അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാതാപിതാക്കൾ സ്കൂളിലാക്കിയപ്പോൾ അവിടെ അവർ ഏറ്റവും പിന്നിലെ ബഞ്ചിലിരുത്തി. പലപ്പോഴും അപമാനിക്കപ്പെട്ടു. തന്റെ സങ്കടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവനെ സ്പെഷൽ സ്കൂളിൽ വിടാൻ തീരുമാനിച്ചു.

ഇവിടെനിന്ന് ശ്രീകാന്ത് തന്റെ മിടുക്കുകൾ തിരിച്ചറിഞ്ഞു. ചെസ്സിലും ക്രിക്കറ്റിലും വൈഭവം കാണിച്ചു. അന്തരിച്ച മുൻ പ്രസിഡന്റ് അബ്ദുൾകലാം നേതൃത്വം നൽകിയ യുവാക്കൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ലീഡ് ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്കോടെ വിജയം. സയൻസ് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ വൈകല്യം മൂലം അനുമതി നൽകിയില്ല. ഒടുവിൽ നിയമത്തിന്റെ വഴിയിലൂടെ സയൻസ് പഠിക്കാൻ അനുമതി നേടി. അതും സ്വന്തം റിസ്കിൽ.

അതിലും വലിയ പ്രതിസന്ധികൾ കിടക്കുന്നതേ ഉള്ളായിരുന്നു. ഐഐടി, ബിറ്റ്സ് തുടങ്ങി പല പ്രമുഖ എൻജിനിയറിങ് കോളജുകളിൽ അപേക്ഷിച്ചെങ്കിലും ആരും പ്രവേശനപരീക്ഷക്കുള്ള ടിക്കറ്റ് പോലും നൽകിയില്ല. ഐഐടിക്കു തന്നെ വേണ്ടെങ്കിൽ തനിക്കും ഐഐടി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നെ വിദേശസർവകലാശാലകളിലേയ്ക്കായി അപേക്ഷിക്കൽ. അങ്ങനെ അമേരിക്കയിലെ മലാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് െടക്നോളജിയിൽ പ്രവേശനം ലഭിച്ച ആദ്യ രാജ്യാന്തരവിദ്യാർഥിയായി ശ്രീകാന്ത്.

ആളുകളെ കൂടെക്കൂട്ടി ഏകാന്തത ഒഴിവാക്കുക. നല്ലതു ചെയ്യുക അത് നിങ്ങളിലേയ്ക്ക് തിരിച്ചു വരും'. ശ്രീകാന്ത് ബോല തന്റെ അനുഭവത്തിൽ നിന്നു പറയുന്നതാണിത്.

ഈ കാലയളവിൽ നിരവധി ചോദ്യങ്ങൾ ശ്രീകാന്തിനു മുന്നിൽ ഉയർന്നു വന്നു. എന്തുകൊണ്ട് വൈകല്യമുള്ള കുട്ടികൾ ക്ലാസിൽ പിൻബഞ്ചിലേയ്ക്ക് പിന്തള്ളപ്പെടുന്നു? എന്തുകൊണ്ട് ഇന്ത്യൻ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഇക്കൂട്ടർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്നു തന്നെ പുറത്താകുന്നു? എന്തുകൊണ്ട് ഇവർക്ക് മറ്റുള്ളരെപ്പോലെ മാന്യമായി ജീവിക്കാൻ സാധിക്കുന്നില്ല? ഇതിന്റെ ഉത്തരം കണ്ടെത്താൻ ഇന്ത്യയിലേയ്ക്കു തന്നെ വരാൻ തീരുമാനിച്ചു.

ഏകദേശം 3000 വിദ്യാർഥികളെ ഏറ്റെടുത്ത് അവർക്ക് വിദ്യാഭ്യാസം നൽകി. തൊഴിൽപരമായ പുനരധിവാസം നൽകി. അവരുടെ തൊഴിൽ ഒരു ചോദ്യമായതോടെ ഒരു കമ്പനി സ്ഥാപിച്ചു. ഇവിടെ 150 ഭിന്ന ശേഷിയുള്ളവർ ജോലി ചെയ്യുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബോലന്റ് ഇൻഡസ്ട്രീസിന്റെ സിഇഒയാണ് ശ്രീകാന്ത്. അമ്പതു കോടി വാർഷിക വിറ്റുവരവുള്ള ഇവിടെ വിദ്യാഭ്യാസമില്ലാത്ത, വൈകല്യമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ പാക്കേജിങ് സാമഗ്രികളാണ് ഇവിടെ നിർമിക്കപ്പെടുന്നത്.

ലോകം എന്നെ നോക്കി പറയുമായിരുന്നു ‘ ശ്രീകാന്ത് നിനക്ക് ഒന്നിനും കഴിയില്ല എന്ന്. ഇന്ന് ഞാൻ തിരികെ പറയുന്നു. എനിക്ക് എന്തും കഴിയുമെന്ന്. അനുകമ്പകാട്ടുക, ജനങ്ങളെ സമ്പന്നരാക്കുക. ആളുകളെ കൂടെക്കൂട്ടി ഏകാന്തത ഒഴിവാക്കുക. നല്ലതു ചെയ്യുക അത് നിങ്ങളിലേയ്ക്ക് തിരിച്ചു വരും'. ശ്രീകാന്ത് ബോല തന്റെ അനുഭവത്തിൽ നിന്നു പറയുന്നതാണിത്.