ജയയും എംജിആറും : 25 സമാനതകൾ !

എംജിആറിന്റെയും ജയലളിതയുടെയും വ്യക്തിജീവിതത്തിലെ സമാനതകൾ...

തമിഴ്നാടിന്റെ ചലച്ചിത്രലോകത്തും രാഷ്‍ട്രീയരംഗത്തും ഒരേപോലെ ശോഭിച്ച എംജിആറിന്റെയും ജയലളിതയുടെയും വ്യക്തിജീവിതത്തിലും  കൗതുകരമായ സമാനതകളുണ്ട്.

1. രണ്ടുപേരും ജനിച്ചത് തമിഴ്നാടിനു വെളിയിൽ. എംജിആർ ശ്രീലങ്കയിലെ കാൻഡിയിലും,  ജയലളിത കർണാടകയിലെ മാണ്ഡ്യയിലും. ഇരുവർക്കും ഒരു സഹോദൻ.

2.  രണ്ടുപേരുടെയും ബാല്യത്തിൽത്തന്നെ പിതാവ് മരിച്ചു.

3.  രണ്ടുപേരും തമിഴ്നാട്ടിലേക്കു ചേക്കേറി.

4. പിതാവിന്റെ മരണശേഷം കഷ്ടപ്പെട്ടു വളർത്തിയ അമ്മ രണ്ടു പേരുടെയും ജീവിതത്തിൽ നിർണായസ്വാധീനമായി മാറി.

5. ഉന്നതകുടുംബത്തിൽ പിറന്നുവെങ്കിലും ബാല്യകാലം ദുരിതപൂർണമായിരുന്നു.

6. ഇരുവരും സ്ക്രീനിൽ സ്വന്തം സിംഹാസനങ്ങൾ പണിതു.

7.  ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ച ഇവർ അഭിനയര‍ംഗത്തേക്കു ചുവടുവച്ചത് നൃത്തനാടകങ്ങളിലൂടെയാണ്.

8. രണ്ടുപേരും താരദൈവങ്ങളായി മാറി.

9. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ തുടർച്ചയായി ഇരുവരും നേടി.

10. ഇരുവരും ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

11. ഹിന്ദിയടക്കം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച ഇരുവരും മലയാളത്തിൽ മുഖംകാണിച്ചതു കേവലം ഒന്നിൽമാത്രം !  ‘ജനോവ’ യാണ് എം.ജി.ആർ അഭിനയിച്ച ഏക മലയാള ചിത്രം. 'ജീസസ്' ജയയുടെയും.

12. അഭിനയലോകത്തേക്കു രണ്ടുപേർക്കും പ്രേരണയായതു സ്വന്തം അമ്മ തന്നെ.

13. ഇരുവരെയും രാഷ്‍ട്രീയരംഗത്തേക്കു കൈപിടിച്ചുകൊണ്ടുവന്നതു സിനിമയിലെ പ്രിയ സുഹൃത്തായിരുന്നു. തിരക്കഥാകൃത്തായിരുന്ന ആത്മസുഹൃത്ത് സി.എൻ അണ്ണാദുരൈയാണ് കോൺഗ്രസ് ആശയക്കാരനായ എം.ജി.ആറിനെ ദ്രാവിഡപാർട്ടിയിൽ അംഗമാക്കിയതും നേതാവാക്കിയതും. താരറാണിയായ ജയലളിതയെ പാർട്ടിയിലേക്കു ക്ഷണിച്ചതു സിനിമയിലെ പ്രിയസുഹൃത്തായിരുന്ന എംജിആറും.

14. ഇരുവരും ആ പാർട്ടിയുടെ അനിഷേധ്യ അധ്യക്ഷന്മാരായി മരണംവരെയും നയിച്ചു.

15. സവർണ കുടുംബത്തിൽ ജനിച്ചുവെങ്കിലും  ദ്രാവിഡപാർട്ടിയുടെ അമരത്ത് ആരാധനാപാത്രമാകാൻ ഇരുവർക്കും കഴിഞ്ഞ‌ു.

16. സർക്കാരിലും അണ്ണാ ഡിഎംകെയിലും ഒരേയൊരു അധികാര കേന്ദ്രമേ ഉണ്ടായിരുന്നുള്ളൂ - അവർതന്നെ. 

17. പാർട്ടിയിലെ രണ്ടാമത്തെ നേതാവ് ആരാണെന്നു ചോദിച്ചാൽ അങ്ങനെയൊരു നേതാവുണ്ടായിരുന്നില്ലെന്നതാണു വാസ്‌തവം. 

18. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന്റെ സംസ്ഥാന റെക്കോർഡ് സ്ഥാപിച്ചു ഇരുവരും.

19. മുഖ്യമന്ത്രിയായപ്പോഴും ഇരുവരും അപൂർവതകൾ സൃഷ്ടിച്ചു. മന്ത്രി പദവിയിലെത്താതെയാണു ഇരുവരും മുഖ്യമന്ത്രികസേരയിലേക്കു നേരിട്ടു സ്ഥാനം പിടിച്ചത്.

20. ഇരുവരും വിടവാങ്ങിയത് ഡിസംബറിലെ അർധരാത്രിയിൽ.

21. മരണകാരണമാകട്ടെ ഹൃദയസ്തംഭനവും.

22. പിറ്റെ ദിവസം  ചെന്നൈ രാജാജി ഹാളിൽ പൊതുദർശനം,

23. വൈകുന്നേരം മറീന ബീച്ചിൽ ഒരേ മണ്ണിൽ, ഒരേ സമയം സംസ്കാരം.

24. മരണശേഷം ഉണ്ടായ നേതൃത്വ പ്രതിസന്ധിയിലും വരെ ഈ അപൂർവത ചേർന്നൊഴുകുകയാണ്...

25. തമിഴ്മക്കളുടെ ഓർമകളിൽ രണ്ടുപേരുടെയും പേരുകൾ നിൽക്കുന്നതും സമാനതയിലാണ് –  പുരൈട്ചി തലൈവനും പുരൈട്ചി തലൈവിയും